സൂര്യയെ ക്യാപ്റ്റനാക്കാൻ ആദ്യം ശ്രമിച്ചത് ദ്രാവിഡ്‌. വെളിപ്പെടുത്തലുമായി ബോളിംഗ് കോച്ച്.

GSnhdc5bUAEtHMo

ഒരുപാട് സർപ്രൈസുകൾ നിറഞ്ഞതായിരുന്നു ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള സ്ക്വാഡ്. എല്ലാവരും കരുതിയത് ഇന്ത്യ ഹർദിക് പാണ്ഡ്യയെ ടീമിന്റെ നായകനാക്കും എന്നാണ്. പക്ഷേ മറ്റൊരു സൂപ്പർ താരമായ സൂര്യകുമാർ യാദവിനെയാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ നായകനായി പ്രഖ്യാപിച്ചത്. ഇതിന് ശേഷം വലിയ ചർച്ചകൾ തന്നെ മുൻ താരങ്ങൾ അടക്കം നടത്തിയിരുന്നു.

ഗൗതം ഗംഭീർ എന്ന പുതിയ പരിശീലകന് കീഴിൽ സൂര്യകുമാർ യാദവിന് മികവ് പുലർത്താൻ സാധിക്കുമെന്നാണ് പലരും വിലയിരുത്തുന്നത്. എന്നിരുന്നാലും ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയ ശിൽപികളിൽ ഒരാളായിരുന്ന പാണ്ഡ്യയെ ഇത്തരത്തിൽ മാറ്റി നിർത്തിയതിനെതിരെയും ആരാധകർ വിമർശനം ഉന്നയിച്ചിട്ടുണ്ട്. മികച്ച പ്രകടനം നടത്തിയ പാണ്ഡ്യയെ ഒഴിവാക്കി സൂര്യകുമാർ യാദവിനെ നായകനാക്കിയത് ഗംഭീറും കൊൽക്കത്ത ടീമും തമ്മിലുള്ള ബന്ധം മൂലമാണ് എന്ന ആരോപണവും വലിയ ശക്തമാണ്.

എന്നാൽ സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ നായകനാക്കാൻ ആദ്യം ശ്രമിച്ചത് ഗൗതം ഗംഭീറല്ല എന്ന കാര്യം ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. മുൻ പരിശീലകനായ രാഹുൽ ദ്രാവിഡാണ് സൂര്യയെ നായകനാക്കാനുള്ള നീക്കം ആദ്യമായി നടത്തിയത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ബോളിംഗ് കോച്ചായ പരസ് മാമ്പ്ര.

“ട്വന്റി20 ലോകകപ്പിൽ ഹർദിക് പാണ്ട്യയെ നായകനായി തീരുമാനിക്കാൻ ആയിരുന്നു ഇന്ത്യ ആദ്യം പദ്ധതിയിട്ടത്. പക്ഷേ ഹർദിക് പാണ്ട്യയ്ക്ക് അവിചാരിതമായി പരിക്കേൽക്കുകയുണ്ടായി. ഇതോടെ ടീമിന്റെ പ്രതീക്ഷകളെല്ലാം അവസാനിക്കുകയായിരുന്നു. ആ സമയത്ത് രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്ത്യയുടെ ട്വന്റി20 പദ്ധതികളിൽ ഉണ്ടായിരുന്നില്ല.”- മാമ്പ്ര പറയുന്നു.

Read Also -  ഷമിയെ ഓസീസ് പര്യടനത്തിൽ ഉൾപ്പെടുത്തില്ല. കാരണം വ്യക്തമാക്കി രോഹിത് ശർമ.

“കോഹ്ലിയും രോഹിത്തും ആ സമയത്ത് ഒരു വർഷത്തോളം ഇടവേള എടുക്കുകയുണ്ടായി. അതിനാൽ ടീമിനുള്ളിൽ നിന്ന് ഒരു നായകനെ ഉയർത്തിക്കൊണ്ടു വരാനാണ് രാഹുൽ ദ്രാവിഡും സഹപരിശീലകരും ശ്രമിച്ചത്. ആ സമയത്ത് ഇന്ത്യക്കായി മിന്നുന്ന പ്രകടനങ്ങൾ പുറത്തെടുത്തിരുന്നത് സൂര്യകുമാർ യാദവാണ്. എല്ലാവർക്കും സ്വീകാര്യനും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിവുള്ളവനുമായ സൂര്യകുമാർ യാദവിനെ നായകനായി പലരും നിർദ്ദേശിക്കുകയുണ്ടായി. ടീമിലുള്ള മറ്റു താരങ്ങളോട് വളരെ സൗഹൃദപരമായി പെരുമാറുന്ന താരമാണ് സൂര്യകുമാർ യാദവ്. ട്വന്റി20 ക്രിക്കറ്റിൽ വലിയ പരിചയ സമ്പന്നതയും അവനുണ്ട്. നല്ല ബന്ധം എല്ലാവരോടും സ്ഥാപിക്കാനും അവന് സാധിച്ചിട്ടുണ്ട്. ബുദ്ധിമാനുമാണ്.”- മാമ്പ്ര കൂട്ടിച്ചേർത്തു.

എന്നാൽ ഈ തീരുമാനം കൈക്കൊള്ളുന്നതിന് മുൻപ് തന്നെ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് തിരിച്ചു വരാൻ താൽപര്യം അറിയിക്കുകയായിരുന്നു എന്ന് മാമ്പ്ര പറയുന്നു. രോഹിത് ശർമ ടീമിലുള്ള സമയത്ത് മറ്റൊരു നായകനെപ്പറ്റി ഇന്ത്യയ്ക്ക് ആലോചിക്കാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് അന്ന് സൂര്യകുമാർ യാദവിന് നായക സ്ഥാനം ലഭിക്കാതെ പോയത്. എന്നാൽ കാര്യങ്ങൾ അനുകൂലമായി നടന്നിരുന്നുവെങ്കിൽ രാഹുൽ ദ്രാവിഡിന്റെ കീഴിൽ സൂര്യകുമാർ യാദവ് ഇന്ത്യയെ നയിച്ചേനെ എന്നാണ് മാമ്പ്ര പറഞ്ഞുവെക്കുന്നത്.

Scroll to Top