ഇന്ത്യയുടെ പരിശീലകനെന്ന നിലയിൽ വളരെ മികച്ച പ്രകടനം തന്നെയാണ് രാഹുൽ ദ്രാവിഡ് കാഴ്ചവെച്ചിട്ടുള്ളത്. തന്റെ പരിശീലക കരിയറിന്റെ തുടക്കത്തിൽ തന്നെ കൃത്യമായ രീതിയിൽ ടീമിനെ നയിക്കാൻ ദ്രാവിഡിന് സാധിച്ചിരുന്നു. ഇന്ത്യയെ 3 ഐസിസി ടൂർണമെന്റ്കളുടെ ഫൈനലിൽ എത്തിക്കാനും ദ്രാവിഡിന് സാധിച്ചു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെയും ഏകദിന ലോകകപ്പിന്റെയും ട്വന്റി20 ലോകകപ്പിന്റെയും ഫൈനലിൽ ഇന്ത്യ എത്തിയിരുന്നു. ഇതിൽ ട്വന്റി20 ലോകകപ്പ് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. പക്ഷേ മറ്റു 2 ലോകകപ്പുകളും ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ ഈ നഷ്ടത്തേക്കാൾ തന്നെ നിരാശപ്പെടുത്തിയത് മറ്റൊരു പരമ്പരയിലെ പരാജയമാണ് എന്ന് ദ്രാവിഡ് തുറന്നു പറയുകയുണ്ടായി.
ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ പരാജയമാണ് തന്നെ വലിയ രീതിയിൽ നിരാശയിലാക്കിയത് എന്ന് ദ്രാവിഡ് പറഞ്ഞു. “എന്നോട് ചോദിക്കുകയാണെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര തന്നെയാണ് എനിക്ക് വലിയ നിരാശ സമ്മാനിച്ചത് എന്ന് പറയേണ്ടിവരും. അത് എന്റെ കരിയറിന്റെ തുടക്കത്തിൽ ആയിരുന്നു. പരമ്പരയിലെ ആദ്യ മത്സരം നടന്നത് സെഞ്ചൂറിയനിലായിരുന്നു. മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. നമ്മൾ ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ടെസ്റ്റ് പരമ്പരകൾ വിജയിച്ചിട്ടില്ല. അതിനായി രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനു ഇറങ്ങുമ്പോൾ വലിയ പ്രതീക്ഷ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളെ സംബന്ധിച്ച് പരമ്പരയിൽ വിജയം നേടാനുള്ള വലിയ അവസരം തന്നെയായിരുന്നു അത്.”- ദ്രാവിഡ് പറഞ്ഞു.
“മാത്രമല്ല അന്ന് ഞങ്ങളോടൊപ്പം ഞങ്ങളുടെ സീനിയർ താരങ്ങളും ഉണ്ടായിരുന്നില്ല. രോഹിത് ശർമയ്ക്ക് അന്ന് പരിക്ക് ആയിരുന്നു. സീനിയർ താരങ്ങൾ പലരും ആ പരമ്പരയിൽ കളിച്ചിരുന്നില്ല. പക്ഷേ വിജയത്തിന്റെ അടുത്ത് വരെയെത്താൻ ഞങ്ങൾക്ക് സാധിച്ചു. പിന്നീടുള്ള 2 ടെസ്റ്റ് മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ ഞങ്ങൾക്ക് അവസരം ഉണ്ടായിരുന്നു. പക്ഷേ മത്സരങ്ങളുടെ മൂന്നാം ഇന്നിങ്സിൽ ഞങ്ങൾ പരാജയപ്പെട്ടു. മികച്ച ഒരു സ്കോർ കണ്ടെത്താനോ മത്സരത്തിൽ വിജയം സ്വന്തമാക്കാനോ ഞങ്ങൾക്ക് സാധിച്ചില്ല.”
”പക്ഷേ ആ മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക നന്നായി തന്നെ കളിച്ചിരുന്നു. നാലാം ഇന്നിങ്‌സിൽ ഞങ്ങളുടെ സ്കോർ അനായാസം മറികടക്കാൻ അവർക്ക് സാധിച്ചു. എന്റെ കോച്ചിങ് കരിയറിലെ ഏറ്റവും മോശം പ്രകടനം അതുതന്നെയാണ് എന്ന് ഞാൻ പറയേണ്ടിവരും.”- ദ്രാവിഡ് കൂട്ടിച്ചേർത്തു.
“എന്നാൽ ആ പരാജയം ഞങ്ങൾക്ക് ഒരുപാട് പാഠങ്ങൾ സമ്മാനിച്ചു. അത്തരം കാര്യങ്ങൾ ഒരുപാട് അനുഭവങ്ങൾ നൽകി. മാത്രമല്ല അതിൽ നിന്ന് ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാനും സാധിച്ചു. ടീമിനെപ്പറ്റി നന്നായി പഠിക്കാൻ സാധിച്ചു. എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി മനസ്സിലാക്കാൻ സാധിച്ചു. ഒരു പരിശീലകൻ എന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്തരം ഉയർച്ചകളിലൂടെയും കാഴ്ചകളിലൂടെയും കടന്നുപോവുക എന്നതാണ്. കൃത്യമായ ഒരു സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. എല്ലാ മത്സരങ്ങളും നമുക്ക് വിജയിക്കാൻ സാധിക്കില്ല എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കണം.”- ദ്രാവിഡ് പറഞ്ഞുവെക്കുന്നു.