കഴിഞ്ഞ സമയങ്ങളിലെ ഐസിസി ടൂർണമെന്റ്കളിൽ വളരെ മോശം പ്രകടനം തന്നെയാണ് ഇന്ത്യൻ ടീം കാഴ്ചവെച്ചിട്ടുള്ളത്. പലപ്പോഴും നോക്ക്ട്ട് മത്സരങ്ങൾക്കു മുൻപിൽ ഇന്ത്യൻ ടീമിന് മുട്ടു വിറക്കുന്നതാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കണ്ടിട്ടുള്ളത്. ഇതിനുപുറമേ ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡിനും നായകൻ രോഹിത് ശർമിക്കുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പൊട്ടിപ്പുറപ്പെടുകയുണ്ടായി. എന്നാൽ രാഹുലിനെതിരെ ഉയരുന്ന വിമർശനങ്ങൾ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഗ്രെയിം സ്മിത്ത്. ദ്രാവിഡിന് കുറച്ചധികം സമയം കൂടി ഇന്ത്യൻ ആരാധകർ നൽകാൻ തയ്യാറാവണമെന്നാണ് സ്മിത്ത് പറയുന്നത്.
ഇന്ത്യൻ ക്രിക്കറ്റിനോട് പൊരുത്തപ്പെടാൻ കുറച്ചധികം സമയം എല്ലാവർക്കും ആവശ്യമാണെന്നും, ആ സമയം ദ്രാവിഡിന് നൽകേണ്ടതുണ്ട് എന്നും സ്മിത്ത് പറയുന്നു. “ഇന്ത്യൻ ക്രിക്കറ്റിൽ ഒരാൾ നേതൃത്വത്തിലേക്ക് വന്നാൽ അയാൾ നേരിടുന്ന ഏറ്റവും വെല്ലുവിളി ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുക എന്നത് തന്നെയാണ്. ഇന്ത്യയുടെ കളിക്കാർക്ക് വലിയ നിലവാരമുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയ്ക്ക് രണ്ടോ അതിലധികമോ ടീമുകളെ ഒരുമിച്ച് ചേർക്കാൻ സാധിക്കും. എന്നാൽ ഒരു പരിശീലകന്റെ ഏറ്റവും വലിയ വെല്ലുവിളി ഇത്തരം രണ്ടോ മൂന്നോ ടീമുകളെ കൂട്ടിയോജിപ്പിച്ച് സന്തുലിതമായ ഒരു ടീം കെട്ടിപ്പടുക്കുക എന്നതാണ്. വിവിധ ഫോർമാറ്റുകളിൽ വിവിധ സ്ക്വാഡുകളാണ് ഇന്ത്യക്കുള്ളത്. അങ്ങനെ കണക്കെടുക്കുമ്പോൾ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് കുറച്ചധികം സമയം നൽകേണ്ടത് അത്യാവശ്യമാണ്.”- സ്മിത്ത് പറഞ്ഞു.
ഇതോടൊപ്പം ദ്രാവിഡിനെ ഇന്ത്യ പഴിക്കാൻ പാടില്ലയെന്നും സ്മിത്ത് പറയുകയുണ്ടായി. “ദ്രാവിഡ് വളരെയധികം ഗുണനിലവാരമുള്ള മനുഷ്യനാണ്. അയാൾ മികച്ച ഒരു പരിശീലകനുമാണ്. ഒരു പരിശീലകൻ എന്ന നിലയിൽ വളരെ മികച്ച രീതിയിൽ ടീമിനെ മുന്നോട്ടു കൊണ്ടുപോകാൻ ദ്രാവിഡിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ഇന്ത്യൻ ടീമിന് ഒരു പുനർനിർമാണം നടപ്പിലാക്കാൻ കുറച്ച് സമയം ദ്രാവിഡിന് നൽകേണ്ടതുണ്ട്.”- സ്മിത്ത് കൂട്ടിച്ചേർത്തു.
2021 ലെ ട്വന്റി20 ലോകകപ്പിന് ശേഷമായിരുന്നു രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റത്. രവി ശാസ്ത്രിക്ക് ശേഷമാണ് ദ്രാവിഡ് ഈ സ്ഥാനം ഏറ്റെടുത്തത്. ഒരു പരിശീലകൻ എന്ന നിലയിൽ ടീമിനായി മികച്ച തുടക്കമാണ് ദ്രാവിഡിന് ലഭിച്ചത്. എന്നാൽ 2022 ലോകകപ്പിലും പിന്നീട് വന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലുമൊക്കെ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇന്ത്യ പരാജയപ്പെടുകയുണ്ടായി. ഇതിനുശേഷമാണ് ദ്രാവിഡിന് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.