ഇന്ത്യൻ ടീമിന് ആവശ്യം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരെ തന്നെയാണെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. വിക്കറ്റ് കീപ്പർമാരെ കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ഇപ്പോൾ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ആവശ്യം ബാറ്റ് കൊണ്ട് ടീമിന് സംഭാവന ചെയ്യാൻ കഴിയുന്നവരെ ആണെന്നും ദ്രാവിഡ് തുറന്നു പറഞ്ഞു.
സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർമാരുടെ കാലം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ധോണി വന്നതോടെ അവസാനിച്ചു എന്നും ദ്രാവിഡ് തുറന്നു പറഞ്ഞു. രാഹുലും സഞ്ജുവും ഇഷാൻ കിഷനും മികച്ച താരങ്ങൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ദ്രാവിഡിന്റെ വാക്കുകൾ വായിക്കാം..”ഞങ്ങൾ തിരയുന്നത് എല്ലായിപ്പോഴും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരെ തന്നെയാണ്.
അക്കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട. ഞാൻ കരുതുന്നത് വൈറ്റ് ബോൾ ക്രിക്കറ്റിൽ ധോണിക്ക് ശേഷം നിർഭാഗ്യവശാൽ സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പർമാരുടെ കാലം അവസാനിച്ചു എന്നാണ്. ഈ ടീമിൽ വിജയ് ഹസാരെ ട്രോഫിയിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച താരങ്ങളാണ് കെ എസ് ഭരതും,ഇഷാൻ കിഷനും.
ഭരത് കളിച്ചിട്ടില്ലെങ്കിലും പക്ഷേ ഇഷാൻ കിഷൻ മികച്ച പ്രകടനം ഇപ്പോഴും തുടരുകയാണ്. സഞ്ജുവും ഉണ്ട്, നിർഭാഗ്യവശാൽ പന്തിന് പരിക്ക് പറ്റി. ഇവർ എല്ലാവരും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരാണ്. ബാറ്റ് കൊണ്ടും സംഭാവന ചെയ്യാൻ കഴിഞ്ഞാൽ മാത്രമാണ് ഇപ്പോൾ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ആകാൻ സാധിക്കുകയുള്ളൂ.”- അദ്ദേഹം പറഞ്ഞു.