ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ടെസ്റ്റ് സീസൺ തന്നെയാണ് ആരംഭിക്കാൻ പോകുന്നത്. 2024ൽ ഇനി ഇന്ത്യക്ക് വരാനിരിക്കുന്നതൊക്കെയും വമ്പൻ ടെസ്റ്റ് പരമ്പരകൾ തന്നെയാണ്. സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
വലിയ ഇടവേളയ്ക്ക് ശേഷമാവും ഇന്ത്യ ബംഗ്ലാദേശിനെതിരെ മൈതാനത്ത് ഇറങ്ങുന്നത്. എന്നാൽ ഒരു കാരണവശാലും ബംഗ്ലാദേശ് എന്ന ടീമിനെ വില കുറച്ചു കാണാൻ ഇന്ത്യൻ തയ്യാറാകരുത് എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർമാരായ ഹർഭജൻ സിംഗും സുരേഷ് റെയ്നയും പറയുന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ഒരു മുന്നറിയിപ്പാണ് ഇരുവരും നൽകിയിരിക്കുന്നത്.
പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ അവിശ്വസനീയമായ വിജയം സ്വന്തമാക്കാൻ ബംഗ്ലാദേശിന് സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ബംഗ്ലാദേശിനെ വിലകുറച്ചു കണ്ട് മോശം പ്രകടനം പരമ്പരയിൽ കാഴ്ചവച്ചാൽ, അത് ഇന്ത്യയെ ബാധിക്കും എന്ന് ഹർഭജനും സുരേഷ് റെയ്നയും കരുതുന്നു. എന്നിരുന്നാലും ഇന്ത്യൻ ടീമിന്റെ ഘടനയിൽ ഇരുവർക്കും സംശയമില്ല.
പാകിസ്ഥാനെതിരായ മത്സരത്തിൽ മികവ് തെളിയിച്ച അതേ കളിക്കാർക്ക് തന്നെ ഇന്ത്യക്കെതിരെയും മികവ് പുലർത്താൻ സാധിക്കുമെന്ന് റെയ്നയും ഹർഭജനും വിശ്വസിക്കുന്നു. സമീപകാലത്ത് സ്പിൻ നിരയ്ക്കെതിരെ ബംഗ്ലാദേശ് ടീം കാഴ്ചവെച്ചിട്ടുള്ള പ്രകടനങ്ങൾ ഓർമിപ്പിച്ചു കൊണ്ടാണ് ഇരുവരും സംസാരിച്ചത്.
“ഇന്ത്യയെ സംബന്ധിച്ച് പുതിയൊരു ടെസ്റ്റ് ടീം തന്നെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇന്ത്യയുടെ പ്രധാന താരങ്ങളൊക്കെയും ഇപ്പോൾ ദുലീപ് ട്രോഫിയിൽ കളിക്കുകയാണ്. അത് വലിയൊരു ഗുണമായിത്തന്നെ ഭവിക്കും. ഇത്തരത്തിൽ ടെസ്റ്റ് ക്രിക്കറ്റുകൾ കളിക്കുന്നത് വരും മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾക്ക് ഗുണം ചെയ്യും. ഒരു കാരണവശാലും ബംഗ്ലാദേശിനെ ഒരു ചെറിയ ടീമായി നമുക്ക് കാണാൻ സാധിക്കില്ല. അവിശ്വസനീയമായ സ്പിൻ ബോളിംഗ് അറ്റാക്കാണ് ബംഗ്ലാദേശിന് ഉള്ളത്. കഴിഞ്ഞ കുറച്ചധികം നാളുകളായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന താരങ്ങൾ ബംഗ്ലാദേശ് നിരയിലുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തിന് മുമ്പ് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു പരീക്ഷണം തന്നെയായിരിക്കും ബംഗ്ലാദേശിനെതിരായ പരമ്പര.”- റെയ്ന പറയുകയുണ്ടായി.
ഇതേ അഭിപ്രായം തന്നെയാണ് ഹർഭജൻ സിംഗ് രേഖപ്പെടുത്തിയത്. “എല്ലാ തരത്തിലും മികച്ച ഒരു പരമ്പര തന്നെയാണ് ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്നത്. നിലവിലെ ഇന്ത്യൻ ടീം വളരെയധികം പ്രതിഭകൾ അടങ്ങിയതാണ്. ഒരുപാട് കഴിവുള്ള താരങ്ങളും ഇന്ത്യൻ നിരയിലുണ്ട്. പക്ഷേ ബംഗ്ലാദേശിനെ ഒരുതരത്തിലും നമുക്ക് മാറ്റിനിർത്താൻ സാധിക്കില്ല. പാക്കിസ്ഥാനെതിരെ പാകിസ്ഥാനിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ അവർ വിജയം സ്വന്തമാക്കിയിരുന്നു. ചില സമയങ്ങളിൽ ചെറിയ ടീമുകൾ നിർണായക മത്സരങ്ങളിൽ മികവ് പുലർത്താറുണ്ട്.”- ഹർഭജൻ സിംഗ് പറയുന്നു.