“ധോണിയുമായി മിണ്ടാറില്ല. 10 വർഷമായി സംസാരിച്ചിട്ടില്ല”. വെളിപ്പെടുത്തലുമായി ഹർഭജൻ സിംഗ്.

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്നു ഹർഭജൻ സിംഗ്. ഇന്ത്യയുടെ പല വലിയ നേട്ടങ്ങളിലും ഹർഭജന്റെ കരങ്ങൾ ഉണ്ടായിരുന്നു. 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ ടീമിലെ പ്രധാന താരങ്ങളിൽ ഒരാൾ ഹർഭജൻ തന്നെയായിരുന്നു.

പിന്നീട് ധോണിയുടെ കീഴിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ കളിക്കാനുള്ള അവസരവും ഹർഭജന് ലഭിക്കുകയുണ്ടായി. പക്ഷേ താൻ മഹേന്ദ്ര സിംഗ് ധോണിയുമായി സംസാരിക്കാറില്ലെന്നും, ഇപ്പോൾ സംസാരിച്ചിട്ട് ഏകദേശം 10 വർഷത്തോളമായി എന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഹർഭജൻ.

എന്തുകൊണ്ടാണ് ധോണിയുമായി സംസാരിക്കാത്തത് എന്നതിനെപ്പറ്റി ഹർഭജൻ വ്യക്തമാക്കുന്നില്ല. പ്രധാനമായും ഒരു കാരണവും തനിക്കില്ല എന്നാണ് ഹർഭജൻ പറഞ്ഞത്. “ഞാൻ മഹേന്ദ്ര സിംഗ് ധോണിയുമായി സംസാരിക്കാറില്ല.ചെന്നൈ സൂപ്പർ കിംഗ്സിൽ കളിക്കുന്ന സമയത്ത് ആയിരുന്നു ഞങ്ങൾ കുറച്ചെങ്കിലും സംസാരിച്ചിരുന്നത്. അല്ലാത്തപക്ഷം ഞങ്ങൾ സംസാരിച്ചിട്ടില്ല. 10 വർഷത്തിലധികമായി ഞങ്ങൾ പരസ്പരം മിണ്ടിയിട്ടില്ല. ഇക്കാര്യത്തിൽ എനിക്കങ്ങനെ കാരണങ്ങളൊന്നുമില്ല. ഒരുപക്ഷേ ധോണിക്ക് എന്തെങ്കിലും കാരണങ്ങൾ ഉണ്ടാവും. എന്താണ് ആ കാരണങ്ങളെന്നും എനിക്കറിയില്ല. ഐപിഎല്ലിൽ ചെന്നൈ ടീമിനായി ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ആ സമയത്ത് മാത്രമാണ് ഞങ്ങൾ അല്പം സംസാരിച്ചത്. അതും മൈതാനത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന സംസാരമായിരുന്നു. അതിന് ശേഷം ധോണി എന്റെ മുറിയിലേക്കോ ഞാൻ ധോണിയുടെ മുറിയിലേക്കോ എത്തി സംസാരിച്ചിട്ടില്ല.”- ഹർഭജൻ പറയുകയുണ്ടായി.

“ധോണിക്കെതിരെ വിരോധം വയ്ക്കേണ്ട ഒരു കാര്യവും എനിക്കില്ല. എന്തെങ്കിലും അദ്ദേഹത്തിന് എന്നോട് പറയണമെന്നുണ്ടെങ്കിൽ ധൈര്യമായി പറയാനുള്ള അവകാശമുണ്ട്. അങ്ങനെ എന്തെങ്കിലും ഞങ്ങൾക്കിടയിൽ പ്രശ്നമുണ്ടെങ്കിൽ അദ്ദേഹത്തിന് ഇപ്പോഴാണെങ്കിലും എന്നോട് തുറന്നു പറയാൻ സാധിക്കും. ഇതുവരെയും ഞാൻ അദ്ദേഹത്തെ കോൾ ചെയ്യാൻ ശ്രമിച്ചിട്ടില്ല. കാരണം ഞാൻ മറ്റുതരത്തിൽ ചിന്തിക്കുന്ന ആളാണ്. എന്റെ കോളുകൾ അറ്റൻഡ് ചെയ്യുന്ന ആളുകളെ മാത്രമേ ഞാൻ വിളിക്കൂ. അല്ലാതെ അനാവശ്യമായി സമയം ചെലവാക്കാൻ എനിക്ക് സാധിക്കില്ല.”- ഹർഭജൻ കൂട്ടിച്ചേർത്തു.

മൈതാനത്തെ സ്വഭാവ സവിശേഷതയിൽ ഇരു ധ്രുവങ്ങളിലുള്ള 2 താരങ്ങളാണ് മഹേന്ദ്രസിംഗ് ധോണിയും ഹർഭജൻ സിംഗും. ധോണി മൈതാനത്ത് ഇപ്പോഴും ശാന്തനായി കാണപ്പെടുമ്പോൾ ഹർഭജൻ സിംഗ് പലപ്പോഴും കോപാകുലനായും കാണാറുണ്ട്. എന്നാൽ ഇവരും തമ്മിൽ സംസാരിക്കാറില്ല എന്ന കാര്യം ആദ്യമായാണ് ഹർഭജൻ തുറന്നു പറയുന്നത്. എന്നിരുന്നാലും ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ താരങ്ങളാണ് രണ്ടുപേരും. ധോണി 2025 ഇന്ത്യൻ പ്രീമിയർ ലീഗിലും കളിക്കാൻ ഒരുങ്ങുകയാണ്.

Previous articleരാജസ്ഥാന്റെ ബോളിംഗ് നിര മോശം. സഞ്ജുവിനെ വിശ്വസിക്കാനും പറ്റില്ല. ശ്രീകാന്തിന്റെ വിമർശനം.