സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ശേഷം നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ ഏഷ്യാ കപ്പിനു ഒരുങ്ങുകയാണ്. ഓഗസ്റ്റ് 28-ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം തങ്ങളുടെ ബദ്ധശത്രുവായ പാക്കിസ്ഥാനെ നേരിടും. ക്ലാസിക്ക് പോരാട്ടത്തിനു മുന്നോടിയായി ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോരാട്ടത്തെപറ്റി പറഞ്ഞു.
2021 ലെ ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇതേ വേദിയിൽ 10 വിക്കറ്റിന്റെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം ഇന്ത്യ ഇതാദ്യമായാണ് പാകിസ്ഥാനെ നേരിടുക. ആദ്യമായാണ് ഇന്ത്യ തങ്ങളുടെ ചിരവൈരികളോട് ലോകകപ്പ് മത്സരത്തില്‍ തോൽക്കുന്നത്. ലോകകപ്പ് മുന്നില്‍ നില്‍ക്കേ ഓരോ മത്സരങ്ങളും ഇന്ത്യക്ക് പരിശീലനമാണ്.
ഇന്ത്യ – പാക്കിസ്ഥാൻ മത്സരം വെറും ഒരു മത്സര മാത്രമാണെന്നും ഏഷ്യാ കപ്പ് കിരീടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.
“ഞാൻ അതിനെ ഏഷ്യാ കപ്പായിട്ടാണ് കാണുന്നത്. ഞാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ടൂര്‍ണമെന്‍റ് ആയി കാണുന്നില്ല. ഞാൻ കളിക്കുന്ന ദിവസങ്ങളിൽ ആയിരുന്നപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും എനിക്ക് മറ്റൊരു മത്സരം മാത്രമായിരുന്നു. ടൂർണമെന്റ് ജയിക്കാൻ ഞാൻ എപ്പോഴും നോക്കി. ഇന്ത്യ ഒരു മികച്ച ടീമാണ്, സമീപകാലത്ത് അവർ മികച്ച പ്രകടനം കാഴ്ചവച്ചു, ഏഷ്യാ കപ്പിലും അവരുടെ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
മൊത്തത്തിൽ, ഏഴ് തവണ ചാമ്പ്യൻമാരായ ഇന്ത്യ, ഏഷ്യാ കപ്പിൽ 14 തവണ പാകിസ്ഥാനെ നേരിട്ടിട്ടുണ്ട്, എട്ട് മത്സരങ്ങൾ വിജയിക്കുകയും മറ്റ് അഞ്ച് മത്സരങ്ങൾ തോൽക്കുകയും ചെയ്തു. 2010 മുതൽ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനുമായി ഇന്ത്യ കളിച്ച ആറ് തവണയില്‍ അഞ്ചും ഇന്ത്യക്ക് വിജയിക്കാനായി. 2014-ൽ മിർപൂരിലാണ് ഇന്ത്യ അവസാനമായി തോറ്റത്.