“റിവേഴ്സ് സ്വിങിനെപറ്റി രോഹിത് ഞങ്ങളെ പഠിപ്പിക്കേണ്ട “. വീണ്ടും ഇൻസമാം രോഹിതിനെതിരെ രംഗത്ത്.

വീണ്ടും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വിമർശനവുമായി മുൻ പാക് താരം ഇൻസമാം ഉൾ ഹക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന റിവേഴ്സ് സിംഗ് വിവാദത്തിൽ രോഹിത് ശർമയ്ക്ക് മറുപടി നൽകിയാണ് ഇപ്പോൾ ഇൻസമാം രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്ത്യൻ നായകൻ രോഹിത് ശർമ തങ്ങളെ റിവേഴ്സ് സിംഗിനെ പറ്റി പഠിപ്പിക്കേണ്ട ആവശ്യമില്ല എന്നാണ് ഇപ്പോൾ ഇൻസമാം പ്രതികരിച്ചിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ മത്സരത്തിന് ശേഷമായിരുന്നു റിവേഴ്സ് സിംഗ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ പതിനഞ്ചാം ഓവറിൽ ഇന്ത്യയുടെ പേസർ അർഷദീപ് സിംഗിന് റിവേഴ്സ് സ്വിങ് ലഭിക്കുകയുണ്ടായി. എന്നാൽ ഇത് ഇന്ത്യ പന്തിൽ കൃത്രിമം കാട്ടി ഉണ്ടാക്കിയെടുത്തതാണ് എന്ന ആരോപണമായിരുന്നു ഇൻസമാം മുൻപിലേക്ക് വെച്ചത്.

യാതൊരു കൃത്രിമവും കാണിക്കാത്ത പക്ഷം ഒരു ടീമിനും ഒരു ട്വന്റി20 ഇന്നിംഗ്സിന്റെ പതിനഞ്ചാം ഓവറിൽ ഇത്തരത്തിൽ റിവേഴ്സ് സിംഗ് ലഭിക്കില്ല എന്ന് ഇന്‍സമാം പറയുകയുണ്ടായി. ഫീൽഡ് അമ്പയർമാർ ഇന്ത്യയെ പിന്തുണയ്ക്കുകയാണ് എന്നും ഇന്‍സമാം കൂട്ടിച്ചേർത്തിരുന്നു. ഇതിനുള്ള മറുപടി രണ്ടാം സെമി ഫൈനലിന് മുൻപ് രോഹിത് ശർമ നൽകുകയുണ്ടായി.

വിൻഡീസിലെ ഈർപ്പമുള്ള സാഹചര്യത്തിൽ ഇത്തരത്തിൽ റിവേഴ്സ് സിംഗ് ലഭിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ടന്നും, ഇതു മനസ്സിലാക്കാൻ കുറച്ച് ബുദ്ധി മാത്രം ഉപയോഗിച്ചാൽ മതി എന്നുമായിരുന്നു രോഹിത് പറഞ്ഞത്. ഇതിന് മറുപടിയുമായാണ് ഇപ്പോൾ ഇൻസമാം രംഗത്ത് വന്നത്.

തങ്ങളുടെ നിരീക്ഷണങ്ങൾ കൃത്യമാണെന്നും രോഹിത് തങ്ങളെ റിവേഴ്സ് സ്വിങിനെ പറ്റി പഠിപ്പിക്കാൻ വരേണ്ടതില്ല എന്നും ഇൻസമാം പറഞ്ഞു. “ഞങ്ങൾ തീർച്ചയായും ഞങ്ങളുടെ ബുദ്ധി ഉപയോഗിച്ച് തന്നെയാണ് കാര്യങ്ങൾ സംസാരിക്കുന്നത്. എന്തായാലും മത്സരത്തിൽ റിവേഴ്സ് സ്വിങ് ലഭിച്ചു എന്ന കാര്യം രോഹിത് ഇതിലൂടെ സമ്മതിച്ചിട്ടുണ്ട്. അതിനർത്ഥം ഞങ്ങൾ നിരീക്ഷിച്ചത് കൃത്യമാണ് എന്നാണ്. രണ്ടാമത്തെ കാര്യം, എങ്ങനെയാണ് ഒരു മത്സരത്തിൽ ബോളർക്ക് റിവേഴ്സ് സ്വിങ് ലഭിക്കുന്നത് എന്നതിനെപ്പറ്റി രോഹിത് ഞങ്ങളെ പഠിപ്പിക്കേണ്ടതില്ല. എത്രമാത്രം സൂര്യ പ്രകാശത്തിൽ, ഏത് പിച്ചിൽ റിവേഴ്സ് സ്വിങ് ലഭിക്കുമെന്ന് എല്ലാവർക്കും ബോധ്യമുണ്ട്.”- ഇൻസമാം പറഞ്ഞു.

“ആ സാഹചര്യത്തിൽ റിപ്പോർട്ടർ ആവശ്യപ്പെട്ടത് ഒരു തെറ്റായ ചോദ്യമായിരുന്നു. ഞാൻ അമ്പയർമാർക്ക് കൃത്യമായി നിർദ്ദേശം നൽകുകയാണ് ചെയ്തത്. എല്ലായിപ്പോഴും അവരുടെ കണ്ണ് തുറന്നു തന്നെ ഇരിക്കണം. കാരണം പതിനഞ്ചാം ഓവറിൽ റിവേഴ്സ് സ്വിങ് ലഭിക്കുന്ന സാഹചര്യമുണ്ടായി. ഇപ്പോഴും ഞാൻ അമ്പയർമാർക്ക് ആ ഉപദേശം തന്നെയാണ് നൽകാൻ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ മനസ്സും കണ്ണും തുറന്നു തന്നെ ഇരിക്കണം. രോഹിത് മറുപടി നൽകിയത് മനസ്സിന്റെ കാര്യം മാത്രമാണ്. കണ്ണിന്റെ കാര്യത്തിൽ മറുപടി നൽകിയിട്ടില്ല.”- ഇൻസമാം കൂട്ടിച്ചേർത്തു.

Previous article2023 ലോകകപ്പ് കിരീടം കിട്ടിയിരുന്നേൽ കോഹ്ലിയും രോഹിതും അന്ന് വിരമിച്ചേനെ : സേവാഗ്
Next article“ഫൈനലിൽ കോഹ്ലിയുടെ ഫോം ഇന്ത്യയെ ബാധിക്കില്ല “. കോഹ്ലി രാജാവാണെന്ന് ശ്രീകാന്ത്