സിക്സർ അടിച്ച് ട്രിപിൾ സെഞ്ച്വറി നേടരുത് എന്ന് സച്ചിൻ. വക വയ്ക്കാതെ സേവാഗ്. സംഭവം ഇങ്ങനെ.

ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് നേട്ടങ്ങൾ കൊയ്തിട്ടുള്ള ബാറ്ററാണ് വീരേന്ദർ സേവാഗ്. സേവാഗിന്റെ ക്രീസിലെ മനോഭാവമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്. നേരിടുന്ന ആദ്യ ബോൾ മുതൽ ബൗണ്ടറികൾ കണ്ടെത്തുക എന്നതാണ് സേവാഗിന്റെ ലക്ഷ്യം. ലോകത്തിലെ ഏത് അപകടകാരിയായ ബോളർക്കെതിരെയും തന്റെ ആക്രമണം മനോഭാവം പുലർത്താൻ സേവാഗിന് സാധിച്ചിട്ടുണ്ട്.

മാത്രമല്ല സേവാഗ് തന്റെ പല നാഴികക്കല്ലുകളും കുറിച്ചത് സിക്സറുകളിലൂടെയായിരുന്നു. പലപ്പോഴും 99ൽ നിൽക്കുമ്പോഴും 199ൽ നിൽക്കുമ്പോഴും സിക്സർ നേടി നാഴികക്കല്ല് പിന്നിടാനാണ് സേവാഗ് ശ്രമിക്കാറുള്ളത്. ഇന്ത്യക്കായി ആദ്യത്തെ ട്രിപ്പിൾ സെഞ്ച്വറി സ്വന്തമാക്കിയ താരം കൂടിയാണ് സേവാഗ്. ഒരു സിക്സറിലൂടെ ആയിരുന്നു സേവാഗ് ത്രിപിൾ സെഞ്ച്വറി സ്വന്തമാക്കിയത്. പക്ഷേ സിക്സർ നേടി 300 റൺസ് പൂർത്തിയാക്കാനുള്ള തന്റെ തീരുമാനത്തെ അന്ന് സച്ചിൻ ടെണ്ടുൽക്കർ തടഞ്ഞിരുന്നതായി സേവാഗ് പിന്നീട് വെളിപ്പെടുത്തി.

അന്ന് സിക്സറിലൂടെ 300 റൺസ് തികയ്ക്കാനാണ് താൻ ശ്രമിച്ചതെന്നും പക്ഷേ സച്ചിൻ അത് തടയുകയാണ് ചെയ്തതെന്നും സേവാഗ് പറയുന്നു. എന്നാൽ താൻ അത് വകവയ്ക്കാതെ സിക്സർ സ്വന്തമാക്കുകയായിരുന്നു എന്ന് സേവാഗ് പറഞ്ഞു. “അന്ന് 295 റൺസുമായി ഞാൻ ബാറ്റ് ചെയ്യുമ്പോൾ സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു എനിക്കൊപ്പം ക്രീസിലുണ്ടായിരുന്നത്. സഖ്‌ലൈൻ മുഷ്താഖ് അടുത്ത ഓവർ ബോൾ ചെയ്യാനെത്തിയാൽ അദ്ദേഹത്തിനെതിരെ സിക്സർ നേടുമെന്ന് ഞാൻ സച്ചിനോട് അപ്പോൾ പറഞ്ഞു. നിനക്കെന്താ വട്ടാണോ എന്നായിരുന്നു സച്ചിൻ ദേഷ്യത്തോടെ എന്നോട് ചോദിച്ചത്.”- സേവാഗ് പറയുന്നു.

“ഇന്ത്യയ്ക്കുവേണ്ടി ട്രിപ്പിൾ സെഞ്ച്വറി സ്വന്തമാക്കാൻ പോകുന്ന ആദ്യത്തെ താരമാവാൻ നീ പോവുകയാണ് എന്ന് സച്ചിൻ എന്നെ അന്ന് ഓർമിപ്പിച്ചു. അതുകൊണ്ടു തന്നെ 295 റൺസിലെത്തി നിൽക്കുമ്പോൾ സിക്സർ നേടുന്നത് മണ്ടത്തരമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തിൽ വിഡ്ഢിത്തരം കാണിക്കുന്ന ആദ്യത്തെയാൾ നീയായിരിക്കും എന്നാണ് സച്ചിൻ പാജി അന്ന് പറഞ്ഞത്. എന്തിനാണ് 300 റൺസ് സ്വന്തമാക്കാനുള്ള അവസരം നശിപ്പിക്കുന്നത് എന്നായിരുന്നു സച്ചിൻ ചോദിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി 295 റൺസെടുത്ത താരവും ഞാൻ തന്നെയാണ് എന്ന് സച്ചിനോട് ഞാൻ മറുപടി പറഞ്ഞു. അതിന് മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്നും ഞാൻ സച്ചിനെ ഓർമിപ്പിച്ചു. അതിനാൽ സിക്സർ നേടുന്നതിൽ കുഴപ്പമില്ല എന്ന് ഞാൻ വാദിക്കുകയായിരുന്നു.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.

“ഇതിന് ശേഷം തൊട്ടടുത്ത ഓവറിൽ മുഷ്താഖ് ബോൾ ചെയ്യാനെത്തി. അദ്ദേഹത്തിനെതിരെ ആദ്യ പന്തിൽ തന്നെ ക്രീസിന് പുറത്തേക്കിറങ്ങി ഞാൻ സിക്സർ സ്വന്തമാക്കി. ഇങ്ങനെ ഞാൻ 300 റൺസ് തികക്കുകയായിരുന്നു. ആ സമയത്ത് എന്നെക്കാൾ കൂടുതൽ സന്തോഷം സച്ചിൻ പാജിക്ക് തന്നെയായിരുന്നു. അദ്ദേഹം എന്നെ ആലിംഗനം ചെയ്യുകയും ഒരുപാട് അഭിനന്ദിക്കുകയും ചെയ്തു.”- സേവാഗ് പറഞ്ഞുവയ്ക്കുന്നു. മുൾട്ടാനിൽ നടന്ന മത്സരത്തിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു സേവാഗ് കാഴ്ചവെച്ചത്. ടെസ്റ്റ് മത്സരമായിരുന്നിട്ടും ഒരു ഏകദിന ശൈലിയിലായിരുന്നു സേവാഗ് കളിച്ചത്. കേവലം 375 പന്തുകളിൽ നിന്നായിരുന്നു സേവാഗ് 309 റൺസ് സ്വന്തമാക്കിയത്. 39 ബൗണ്ടറികളും 6 സിക്സറുകളുമാണ് സേവാഗിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്.

Previous articleKCL 2024 : തുടർച്ചയായ മൂന്നാം വിജയം. ആലപ്പിയെ തകർത്ത് കൊല്ലം ഒന്നാമത്.
Next articleഅബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.