ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റിൽ ഒരു വമ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് സാധിച്ചിരുന്നു. മത്സരത്തിലെ പ്രകടനത്തിന് ശേഷം പലരും പന്തിനെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുമായി താരതമ്യം ചെയ്യുകയുണ്ടായി. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളാണ് മഹേന്ദ്രസിംഗ് ധോണി.
അതുകൊണ്ടുതന്നെ ധോണിയുമായി തന്നെ താരതമ്യം ചെയ്യാൻ പാടില്ല എന്നാണ് പന്ത് പറഞ്ഞിരിക്കുന്നത്. താൻ തന്റേതായ രീതിയിലാണ് മത്സരത്തെ നോക്കി കാണുന്നതെന്നും, മറ്റൊരു താരവുമായി തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നും പന്ത് പറയുന്നു.
“ഇത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം മൈതാനമാണ്. മഹി ഭായ് ഇവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. എന്നെ സംബന്ധിച്ച് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. എനിക്ക് ഞാനായി തന്നെ മൈതാനത്ത് തുടരാനാണ് ഇഷ്ടം. എന്താണ് ആളുകൾ പറയുന്നതെന്നോ, എനിക്ക് ചുറ്റും എന്താണെന്ന് നടക്കുന്നതെന്നോ ഞാൻ ഒരിക്കലും ശ്രദ്ധിക്കാറില്ല. കാര്യങ്ങൾ വളരെ ലളിതമായി കണ്ടുകൊണ്ട് എന്റെ ഏറ്റവും മികച്ച പ്രകടനം മൈതാനത്ത് കാഴ്ചവയ്ക്കാനാണ് ഞാൻ ശ്രദ്ധിക്കാനുള്ളത്. ചെന്നൈയിലെ അന്തരീക്ഷം അവിസ്മരണീയം തന്നെയായിരുന്നു. അത് ആസ്വദിക്കാൻ എനിക്ക് മത്സരത്തിൽ സാധിച്ചു.”- പന്ത് പറയുന്നു.
“മത്സരത്തിലുടനീളം ഞാൻ എന്റെ ചിന്തകളിലൂടെ സഞ്ചരിക്കുകയും, സാഹചര്യത്തിനനുസരിച്ച് കളിക്കുകയുമാണ് ചെയ്തത്. മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ ബംഗ്ലാദേശ് കൂടുതലായി സ്പിന്നർമാരെയായിരുന്നു ആശ്രയിച്ചിരുന്നത്. അവർക്കെതിരെ മുൻകൂട്ടി തന്ത്രങ്ങൾ മെനഞ്ഞല്ല ഞാൻ മുൻപിലേക്ക് പോയത്. ആ സമയത്ത് ഞങ്ങൾക്ക് 3 വിക്കറ്റുകൾ നഷ്ടമായി എന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ടുതന്നെ ഒരുപാട് റിസ്കുകൾ എടുക്കാൻ ഞാൻ തയ്യാറായില്ല. കാരണം രാഹുൽ ഭായ്ക്കുശേഷം വാലറ്റമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. ആ സമയത്ത് പിച്ച് ബാറ്റിംഗിനെ അനുകൂലിച്ചിരുന്നു. അത് പരമാവധി മുതലെടുക്കാനും സെഞ്ച്വറി സ്വന്തമാക്കാനും ഞാൻ ശ്രമിച്ചു.”- പന്ത് കൂട്ടിച്ചേർക്കുന്നു.
“ഇതിന് ശേഷം ഞങ്ങൾ ഉച്ചഭക്ഷണത്തിന് പിരിയുന്ന സമയത്ത് ഡിക്ലറേഷനെ സംബന്ധിച്ച് സംസാരങ്ങൾ ഉണ്ടായി. ഇടവേളയ്ക്ക് ശേഷം ഒരു മണിക്കൂർ ഞങ്ങൾക്ക് നൽകാമെന്ന് രോഹിത് ശർമ പറഞ്ഞിരുന്നു. ആ സമയത്തിനുള്ളിൽ സ്വന്തമാക്കാൻ കഴിയുന്നത്ര സ്കോർ നേടാനാണ് രോഹിത് പറഞ്ഞത്. അതിന് ശേഷമാണ് ഞാൻ ആക്രമണം അഴിച്ചുവിട്ടത്. ഒരു സമയത്ത് 150 റൺസ് എനിക്ക് സ്വന്തമാക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിച്ചു.”- പന്ത് പറഞ്ഞുവയ്ക്കുന്നു. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും വമ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ തയ്യാറാവുകയാണ് പന്ത് ഇപ്പോൾ.