ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം അഹമ്മദാബാദിൽ ആരംഭിക്കുകയാണ്. ആദ്യ രണ്ടു മത്സരങ്ങളിലും മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്ത ഇന്ത്യക്ക് ലഭിച്ച വമ്പൻ തിരിച്ചടി തന്നെയായിരുന്നു മൂന്നാം ടെസ്റ്റിലെ പരാജയം. അതിനുശേഷം നാലാം ടെസ്റ്റിലേക്ക് വരുമ്പോൾ ഇന്ത്യ തങ്ങളുടെ ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യതകൾ ഏറെയാണ്. അഹമ്മദാബാദിലെ പിച്ചും സ്പിന്നിനെ അനുകൂലിക്കുന്ന പക്ഷം അക്ഷർ പട്ടേലിന് പകരം കുൽദീപ് യാദവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സാബ കരീം. അക്ഷർ പട്ടേലിനെ ഇന്ത്യ ടീമിൽ നിന്ന് ഒഴിവാക്കിയാൽ അതൊരു മോശം തീരുമാനമായി മാറും എന്നാണ് കരീം പറയുന്നത്.
ആദ്യ മത്സരങ്ങളിലെ അക്ഷറിന്റെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് സാബാ കരീമിന്റെ വാദം. “ഇന്ത്യ അക്ഷർ പട്ടേലിനെ വരുന്ന മത്സരങ്ങളിലും കളിപ്പിക്കാൻ തയ്യാറാവണം. പരമ്പരയിൽ ഇന്ത്യയ്ക്ക് 2-1ന്റെ ലീഡ് ലഭിക്കാൻ കാരണം അക്ഷർ പട്ടേലാണ്. കാരണം അത്ര മികച്ച രീതിയിൽ അയാൾ ബാറ്റ് ചെയ്തിരുന്നു. എന്നാൽ ബോളിങ്ങിൽ അയാൾക്ക് ആവശ്യമായ അവസരം ലഭിച്ചില്ല. രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനുമായിരുന്നു ഇന്ത്യയ്ക്കായി കൂടുതലും ബോൾ ചെയ്തിരുന്നത്.”- സാബാകരീം പറയുന്നു.
“ഒരുതരത്തിലും നാലാം ടെസ്റ്റിൽ പുറത്തിരിക്കേണ്ട ആളല്ല അക്ഷർ പട്ടേൽ. അഹമ്മദാബാദ് അയാളുടെ ഹോം ഗ്രൗണ്ടാണ്. അവിടുത്തെ മൈതാനത്തിന്റെ വിസ്തൃതിയെപ്പറ്റിയും സാഹചര്യങ്ങളെപ്പറ്റിയും അക്ഷർ പട്ടേലിന് പൂർണമായ ബോധ്യമുണ്ട്.”- കരീം കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ 5 ഇന്നിംഗ്സുകളിൽ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് അക്ഷർ പട്ടേൽ നേടിയത്. എന്നാൽ ബാറ്റിംഗിൽ അക്ഷർ നിറഞ്ഞാടിയിരുന്നു. നിലവിൽ പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാമതാണ് അക്ഷർ. ഇതുവരെ പരമ്പരയിൽ 4 ഇന്നിങ്സുകൾ കളിച്ച അക്ഷർ 92 റൺസ് ശരാശരിയിൽ 185 റൺസ് നേടിയിട്ടുണ്ട്.