കോഹ്ലിയെ വിമർശിക്കരുത്, ഉറങ്ങി കിടക്കുന്ന സിംഹത്തെ ഉണർത്തുന്നതിന് തുല്യമാണത്. പോണ്ടിങ്ങിന്റെ പരാമർശത്തിനെതിരെ ബ്രെറ്റ് ലീ

ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് കഴിഞ്ഞ സമയങ്ങളിൽ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് പുറത്തെടുത്തത്. കോഹ്ലിയുടെ കഴിഞ്ഞ സമയങ്ങളിലെ ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനങ്ങൾ എടുത്തു കാട്ടിയായിരുന്നു റിക്കി പോണ്ടിങ്ങിന്റെ വിമർശനങ്ങൾ.

ഇതിന് ശേഷം പോണ്ടിങ്ങിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യയുടെ നിലവിലെ പരിശീലകനായ ഗൗതം ഗംഭീറും രംഗത്ത് വന്നിരുന്നു. ഇപ്പോൾ പോണ്ടിങ്ങിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത് മുൻ ഓസ്ട്രേലിയൻ താരം ബ്രറ്റ് ലീയാണ്. വിരാട് കോഹ്ലിയുടെ ഫോമിനെ ഇത്തരത്തിൽ വിമർശിക്കുന്നത് പോണ്ടിംഗ് കാട്ടുന്ന മണ്ടത്തരമാണ് എന്ന് ലീ പറയുന്നു. ഇത്തരത്തിലുള്ള വിമർശനങ്ങൾ കോഹ്ലിയുടെ ഉള്ളിലെ തീ ആളിക്കത്താൻ കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലീ ഇപ്പോൾ.

“പോണ്ടിംഗ് കോഹ്ലിയുടെ ഫോമിനെ വിമർശിക്കുന്നത് ഞാൻ കേട്ടു. അതൊരു വലിയ മണ്ടത്തരമായാണ് തോന്നുന്നത്. എന്താണ് റിക്കി പോണ്ടിംഗ് നിങ്ങൾ ചെയ്യുന്നത്? ഇത്തരത്തിൽ നിങ്ങൾ വിമർശിക്കുമ്പോൾ കോഹ്ലിയുടെ ഉള്ളിലെ തീ ആളിക്കത്തുമെന്ന് ഉറപ്പാണ്. കാരണം അവൻ ഒരു ലോകനിലവാരമുള്ള താരമാണ്. ഇങ്ങനെയുള്ള പ്രകോപനങ്ങൾ ഉണ്ടാവുമ്പോഴാണ് അവനെ ശരിക്കും ഭയപ്പെടേണ്ടത്.”- ബ്രെറ്റ് ലീ ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കണക്കുകൾ നിരത്തിയുള്ള വിമർശനമായിരുന്നു പോണ്ടിംഗ് വിരാട് കോഹ്ലിക്കെതിരെ നടത്തിയത്. കഴിഞ്ഞ 5 വർഷങ്ങളിലെ കോഹ്ലിയുടെ ടെസ്റ്റ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പോണ്ടിംഗ് വിമർശനം ഉന്നയിച്ചത്.

“കഴിഞ്ഞ ദിവസം വിരാട് കോഹ്ലിയെ പറ്റിയുള്ള ഒരു കണക്ക് ഞാൻ കണ്ടു. കഴിഞ്ഞ 5 വർഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ കേവലം 3 സെഞ്ച്വറികൾ മാത്രമാണ് വിരാട്ടിന് സ്വന്തമാക്കാൻ സാധിച്ചത്. കോഹ്ലിയെപ്പോലെ കാലിബറുള്ള ഒരു താരത്തെ സംബന്ധിച്ച് അത് അത്ര മികച്ച കണക്കായി തോന്നുന്നില്ല. ഇത്തരം മോശം കണക്കുകളുള്ള മറ്റൊരു താരം പോലും ഇപ്പോൾ അന്താരാഷ്ട്ര ടീമുകളിലില്ല. പക്ഷേ ഇവിടെ കോഹ്ലിയുടെ കാര്യം വളരെ വ്യത്യസ്തമാണ്. ഓസ്ട്രേലിയൻ സാഹചര്യത്തിൽ അദ്ദേഹം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കും എന്നാണ് ഇപ്പോഴും ഞാൻ പ്രതീക്ഷിക്കുന്നത്.”- പോണ്ടിംഗ് പറയുകയുണ്ടായി. എന്നാൽ ഇതിന് ഗംഭീർ നൽകിയ മറുപടിയും വളരെ വ്യത്യസ്തമായിരുന്നു.

പോണ്ടിംഗ് കോഹ്ലിയെ വിമർശിക്കേണ്ട കാര്യമില്ല എന്നാണ് ഗംഭീർ ഇതിന് മറുപടി നൽകിയത്. ഇന്ത്യൻ ക്രിക്കറ്റിനെ പറ്റി പോണ്ടിംഗ് ആശങ്കപ്പെടേണ്ട ആവശ്യം ഇതുവരെയും വന്നിട്ടില്ല എന്ന് ഗംഭീർ പറഞ്ഞു. ഇപ്പോൾ ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പറ്റിയാണ് പോണ്ടിംഗ് സംസാരിക്കേണ്ടത് എന്നും ഗംഭീർ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ സാഹചര്യത്തിൽ കോഹ്ലിയുടെയും രോഹിത്തിന്റെയും ഫോമിനെ സംബന്ധിച്ച് തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് ഗംഭീർ വ്യക്തമാക്കുകയുണ്ടായി. നവംബർ 22നാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Previous article“ഗംഭീർ ഇന്ത്യയ്ക്ക് പറ്റിയ പരിശീലകനല്ല, ശാസ്ത്രിയായിരുന്നു മികച്ചത്”. ഓസീസ് നായകൻ ചൂണ്ടിക്കാട്ടുന്നു
Next article18 കോടി രൂപയ്ക്ക് ജഡേജ അർഹൻ. നിലനിർത്തിയത് കൃത്യമായ തീരുമാനം. ചെന്നൈയെ പിന്തുണച്ച് ചോപ്ര.