“ലോകകപ്പ് കിട്ടിയില്ലെങ്കിലും പാകിസ്ഥാനെതിരെ തോൽക്കരുത്”. ആവേശമത്സരത്തിലെ മനോഭാവത്തെപറ്റി ധവാൻ.

india vs pakistan scaled

എല്ലാ ഐസിസി ടൂർണമെന്റുകളിലും ലോകക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്ന ഒരു മത്സരം തന്നെയാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ചിരവൈരികളായ ഇരുടീമുകളും മൈതാനത്ത് ഏറ്റുമുട്ടുമ്പോൾ ആവേശം അണപൊട്ടും എന്നത് ഉറപ്പാണ്. 2021, 2022 ട്വന്റി20 ലോകകപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ലോക ക്രിക്കറ്റ് ആവേശത്തിൽ ആറാടുകയായിരുന്നു.

2021 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആധികാരികമായ വിജയം നേടിയപ്പോൾ, 2022ൽ ഇന്ത്യ അതിശക്തമായി തിരിച്ചടിച്ചു. അതിനുശേഷം 2023 ഏകദിന ലോകകപ്പിൽ ഇരുവരും ഏറ്റുമുട്ടുമ്പോൾ പോർവിളികൾ ഉയരുമെന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിലെ വെല്ലുവിളികളെ സംബന്ധിച്ചാണ് ഇന്ത്യൻ താരം ശിഖർ ധവാൻ സംസാരിക്കുന്നത്.

താൻ കളിച്ച ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളുടെ ഓർമ്മകൾ കൂടി പുതുക്കിയാണ് ശിഖർ ധവാൻ സംസാരിച്ചത്. “ലോകകപ്പ് കിരീടം സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും പാക്കിസ്ഥാനെതിരായ മത്സരത്തിൽ പരാജയപ്പെടരുത് എന്ന മനോഭാവത്തിലേക്ക് ആ സമയത്ത് നമ്മൾ മാറാറുണ്ട്.”- സ്റ്റാർ സ്പോർട്സ് സംഘടിപ്പിച്ച അഭിമുഖത്തിൽ പങ്കെടുക്കവേ ശിഖർ ധവാൻ പറഞ്ഞു. മാത്രമല്ല ഇത്തവണത്തെ ലോകകപ്പിൽ ചിരവൈരികൾ ഏറ്റുമുട്ടുമ്പോൾ ഇന്ത്യ വിജയിക്കുമെന്നാണ് താൻ കരുതുന്നത് എന്നും ശിഖർ ധവാൻ പറയുകയുണ്ടായി.

Read Also -  2025 ലേലത്തിൽ ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന കീപ്പർമാർ. ജിതേഷ് ശർമ അടക്കം 3 പേർ.

“ലോകകപ്പിൽ വിജയം കാണുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദൈവത്തിന്റെ അനുഗ്രഹത്താൽ ഇത്തവണ നമുക്കതിന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. പാക്കിസ്ഥാനെതിരെ കളിക്കുമ്പോൾ തീർച്ചയായും കളിക്കാർക്ക് ആവേശമുണ്ടാവും. പക്ഷെ എന്നിരുന്നാലും ഒരുപാട് സമ്മർദ്ദം അവരിലെത്താനും സാധ്യതയുണ്ട്. മത്സരം അവസാനിച്ച ശേഷം തൃപ്തികരമായ ഫീലിംഗാണ് പാക്കിസ്ഥാനെതിരെ എപ്പോൾ കളിച്ചാലും ഉണ്ടാവുന്നത്. ഞാൻ പാക്കിസ്ഥാനെതിരെ കളിച്ച മത്സരങ്ങളിൽ നമ്മൾ തന്നെയാണ് കൂടുതലും വിജയിച്ചിട്ടുള്ളത്.”- ശിഖർ ധവാൻ പറയുന്നു.

“പാക്കിസ്ഥാനെതിരായ മത്സരത്തിൽ എല്ലാം വ്യത്യസ്തമായിരിക്കും. മൈതാനത്ത് ആവേശവും സമ്മർദ്ദവുമൊക്കെ ഒരുപാട് ഉയരത്തിൽ ആയിരിക്കും. എന്നാൽ ഇതിനൊപ്പം പാകിസ്ഥാൻ താരങ്ങളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടാനും അവസരം ലഭിക്കാറുണ്ട്.”- ധവാൻ പറഞ്ഞുവെക്കുന്നു. ഇന്ത്യക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനങ്ങളും 68 ട്വന്റി20 മത്സരങ്ങളും ധവാൻ കളിച്ചിട്ടുള്ളത്. എന്നാൽ നിലവിൽ ശുഭമാൻ ഗില്ലും ഇഷാൻ കിഷനും മികച്ച പ്രകടനം ഇന്ത്യക്കായി പുറത്തെടുക്കുന്നതിനാൽ തന്നെ 2023 ഏകദിന ലോകകപ്പിൽ ധവാൻ കളിക്കാൻ സാധ്യതയില്ല.

Scroll to Top