അവനെ ഒരു കാരണവശാലും ഇന്ത്യ ടെസ്റ്റ്‌ കളിപ്പിക്കരുത്. യുവതാരത്തെ പറ്റി ഇഷാന്ത് പറയുന്നു.

ഇന്ത്യൻ ടീം എന്നും നേരിട്ടുള്ള പ്രശ്നമാണ് വേഗതയേറിയ ബോളർമാരുടെ അഭാവം. സഹീർഖാൻ, ഇർഫാൻ പത്താൻ അടക്കമുള്ള ബോളർമാർ ഇന്ത്യൻ നിരയിൽ ഉണ്ടായിരുന്നെങ്കിലും 150 സ്പീഡിൽ പന്തറിയാൻ സാധിക്കുന്നവർ ഉണ്ടായിരുന്നില്ല. പാക്കിസ്ഥാൻ പോലെയുള്ള രാജ്യങ്ങൾ വമ്പൻ പേസർമാരെ അണിയിച്ചൊരുക്കുമ്പോൾ ഇന്ത്യയ്ക്ക് എന്നും നിരാശയായിരുന്നു ഫലം. എന്നാൽ ഇതിന് വിരാമമിട്ടുകൊണ്ടാണ് ഉമ്രാൻ മാലിക് ഇന്ത്യൻ ടീമിലേക്ക് എത്തിയത്. ഇന്ത്യക്കും എക്സ്പ്രസ് ബോളർമാരുണ്ട് എന്ന് മറ്റു രാജ്യങ്ങളെ ഉമ്രാൻ മാലിക് ബോധിപ്പിക്കുകയുണ്ടായി. പലപ്പോഴും മിന്നൽ പ്രകടനങ്ങളുമായി ഉമ്രാൻ മാലിക് തിളങ്ങിയിരുന്നു. പക്ഷേ സ്ഥിരതയില്ലായ്മ മാലിക്കിനെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്തു.

2021ലെ ഐപിഎൽ സീസണിൽ മികവാർന്ന ബോളിംഗ് പ്രകടനമായിരുന്നു മാലിക്ക് കാഴ്ചവെച്ചത്. പക്ഷേ 2022ൽ ഇത് ആവർത്തിക്കാൻ മാലിക്കിന് സാധിച്ചില്ല. ഇപ്പോൾ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തണം എന്ന രീതിയിൽ ഒരുപാട് നിർദ്ദേശങ്ങൾ എത്തുന്നുണ്ട്. പക്ഷേ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാത്ത പക്ഷം, ഇന്ത്യ ഉമ്രാനെ ടീമിലേക്ക് ക്ഷണിക്കരുത് എന്നാണ് ഇഷാന്ത് ശർമ പറയുന്നത്.മാലിക്കിന് സ്ഥിരത തീരെ കുറവാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇഷാന്ത് ഇക്കാര്യം പറഞ്ഞത്.

“മാലിക്കിന് നല്ല പേസ് ഉണ്ട്. പക്ഷേ സ്ഥിരതയെന്നത് എല്ലായിപ്പോഴും ചോദ്യചിഹ്‌നമാണ്. തീർച്ചയായും മാലിക്കിന് ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ സാധിക്കും. പക്ഷേ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാനായി അയാൾക്ക് സമയം നൽകേണ്ടതുണ്ട്. അത്തരത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരത കണ്ടെത്തിയതിനുശേഷം മാത്രമേ ഉമ്രാനെ ഇന്ത്യ തങ്ങളുടെ ടീമിലേക്ക് എടുക്കാൻ പാടുള്ളൂ. എപ്പോഴും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സ്ഥിരത പുലർത്തുന്ന ബോളർമാർക്ക് അർഹമായ പ്രതിഫലം ഇന്ത്യ നൽകണം.”- ഇഷാന്ത് പറയുന്നു.

“ഇപ്പോൾ ഉമ്രാൻ മാലിക്കിനെ ഇന്ത്യ തങ്ങളുടെ ടീമിലേക്ക് എടുക്കുകയാണെങ്കിൽ അത് മോശമായ ഒരു സൂചനയാണ് നൽകുക. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തുകയും അവരുടെ ടീമിനു വേണ്ടി പ്രയത്നിക്കുകയും ചെയ്ത ഒരുപാട് ബോളർമാരുണ്ട്. അവരോട് കാണിക്കുന്ന നീതികേടായി ഇതു മാറിയേക്കാം.എന്റെ അഭിപ്രായം അത്തരം കളിക്കാരോട് കൂടുതൽ നീതിപുലർത്തണമെന്നതാണ്. ഉമ്രാൻ മാലിക്കിന് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുകൾ ഉണ്ടെങ്കിൽ മാത്രം അയാളെ ടീമിലേക്ക് എടുക്കണം.”- ഇഷാന്ത് കൂട്ടിച്ചേർക്കുന്നു.