ജെയ്‌സ്വാളിനെ ഈ ടീമിൽ ഉൾപെടുത്തരുത്. ആവശ്യവുമായി ദിനേശ് കാർത്തിക്.

2023 ഐപിഎല്ലിൽ തകര്‍പ്പന്‍ പ്രകടനങ്ങൾ കാഴ്ചവച്ച ക്രിക്കറ്ററാണ് രാജസ്ഥാൻ താരം ജെയ്‌സ്വാൾ. ഇതുവരെ സീസണിൽ 14 മത്സരങ്ങൾ കളിച്ച ജെയ്‌സ്വാൾ 625 റൺസ് നേടിയിട്ടുണ്ട്. 48 റൺസ് ശരാശരിയിലാണ് ജെയ്‌സ്വാൾ ഈ നേട്ടം കൊയ്തത്. മാത്രമല്ല 163 സ്ട്രൈക്ക് റേറ്റും ജെയ്‌സ്വാൾ സ്വന്തമാക്കിയിട്ടുണ്ട്. സീസണിൽ ഒരു സെഞ്ച്വറിയും 5 അർധ സെഞ്ചറികളുമാണ് ജെയ്‌സ്വാൾ നേടിയിട്ടുള്ളത്. നിലവിൽ ഓറഞ്ച് ക്യാപ്പ് പട്ടികയിൽ നാലാം സ്ഥാനത്താണ് ജെയ്‌സ്വാൾ നിൽക്കുന്നത്. ജെയിസ്വാളിന്റെ ഈ ഐപിഎല്ലിലെ പ്രകടനത്തിന് പിന്നാലെ അദ്ദേഹത്തെ ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെടുത്തണമെന്ന രീതിയിൽ വലിയ ആവശ്യങ്ങൾ പല മുൻ താരങ്ങളും ഉന്നയിക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ ജയിസ്വാളിനെ ഏകദിന ടീമിൽ പരിഗണിക്കുന്നത് മോശം തീരുമാനമാണ് എന്നാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് പറയുന്നത്.

“ജെയിസ്വാളിനെ അതിവേഗത്തിൽ ഏകദിന ടീമിലേക്ക് ഇന്ത്യ ഉൾപ്പെടുത്തരുത്. അയാൾ ഒരു യുവ ക്രിക്കറ്ററാണ്. അയാൾ ഇപ്പോൾ എത്തേണ്ടത് ഇന്ത്യയുടെ ട്വന്റി 20 സെറ്റപ്പിലാണ്. അടുത്തവർഷം നടക്കാൻ പോകുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ പ്രധാന സവിശേഷതയായി തന്നെ അയാൾ മാറും എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഇപ്പോൾ ഏകദിനത്തിൽ അയാളെ ഉൾപ്പെടുത്തുന്നത് മണ്ടത്തരമാണ്. ഇനി ഏകദിന ലോകകപ്പിന് മുൻപ് അവശേഷിക്കുന്നത് ചുരുക്കം ചില മത്സരങ്ങൾ മാത്രമാണ് എന്നതോർക്കണം.”- കാർത്തിക്ക് പറയുന്നു.

ipl 2023 sanju and jaiswal

“മാത്രമല്ല ജെയ്‌സ്വാളിന് ഇന്ത്യ അവസരം നൽകുന്ന സാഹചര്യത്തിൽ കുറച്ചധികം മത്സരങ്ങൾ നൽകാൻ തയ്യാറാവണം എന്നാണ് എനിക്ക് പറയാനുള്ളത്. അയാൾ ഒരു സ്പെഷ്യൽ കളിക്കാരനാണ്. ഇന്ത്യൻ ടീമിൽ ഒന്നോ രണ്ടോ മത്സരങ്ങളിലുപരി കുറച്ചധികം മത്സരങ്ങൾ അയാൾ അർഹിക്കുന്നുണ്ട്. അയാൾ എത്രമാത്രം സവിശേഷതയുള്ള ക്രിക്കറ്ററാണ് എന്ന് ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ തെളിയിച്ചു തന്നിരിക്കുന്നു. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. അത് മറ്റൊരു അനുഭവമാണ്.”- കാർത്തിക് കൂട്ടിച്ചേർത്തു.

“ഇന്ത്യയുടെ ട്വന്റി20 ടീമിൽ ജെയ്‌സ്വാളിന് ആവശ്യമായ പിന്തുണ നൽകുക തന്നെ വേണം. കാരണം അയാൾ അവിടെയെത്താൻ യോഗ്യനാണ്. ഇനിയും അയാൾ കാതങ്ങൾ താണ്ടും. അങ്ങനെയെങ്കിൽ ട്വന്റി20 ലോകകപ്പ് അവസാനിക്കുന്ന സമയത്ത് അയാൾ ഏകദിനങ്ങളും ട്വന്റി20കളും തുടർച്ചയായി കളിക്കാൻ പ്രാപ്തനായി മാറുകയും ചെയ്യും.”- കാർത്തിക് പറഞ്ഞുവയ്ക്കുന്നു.

Previous articleമുംബൈയ്ക്ക് ആവശ്യം ഒരു ശുഭ്മാൻ ഗില്ലിനെയായിരുന്നു. രോഹിത് തുറന്നു പറയുന്നു!!
Next articleകലാശ പോരാട്ടത്തില്‍ ധോണിയോ പാണ്ഡ്യയോ?? തീ പാറിക്കും ഫൈനൽ അഹമ്മദാബാദിൽ.