2023 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം ഏറ്റവുമധികം ഉറ്റുനോക്കുന്ന മറ്റൊരു വലിയ ടൂർണമെന്റാണ് 2024 ട്വന്റി20 ലോകകപ്പ്. ട്വന്റി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയോടുകൂടി ആരംഭിച്ചു കഴിഞ്ഞു. 2022ലെ ലോകകപ്പിന് ശേഷം യുവതാരങ്ങളെ അണിനിരത്തി ട്വന്റി20 ടീം സജ്ജമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
അതിനാൽ തന്നെ വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ സീനിയർ താരങ്ങളൊക്കെയും ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിന്ന് മാറിനിൽക്കുന്നതാണ് കാണുന്നത്. എന്നാൽ 2024 ട്വന്റി20 ടീമിലേക്ക് ഇന്ത്യ രോഹിത് ശർമയേയും വിരാട് കോഹ്ലിയെയും ഉൾപ്പെടുത്തണം എന്നാണ് വിൻഡീസ് താരം ആൻഡ്ര റസൽ പറഞ്ഞിരിക്കുന്നത്.
ഒരു കാരണവശാലും രോഹിത്തിനെയും വിരാട് കോഹ്ലിയെയും ഇന്ത്യ ട്വന്റി20 ലോകകപ്പിൽ നിന്നും മാറ്റിനിർത്തരുത് എന്നാണ് റസലിന്റെ അഭിപ്രായം. ഇരുവരുടെയും പരിചയ സമ്പന്നത ഇന്ത്യയ്ക്ക് ഒരുപാട് ഗുണം ചെയ്യും എന്നാണ് റസൽ പറയുന്നത്. “രോഹിത്തിന്റെയും വിരാട്ടിന്റെയും ട്വന്റി20 ലോകകപ്പിലെ സ്ഥാനത്തെ സംബന്ധിച്ച് ഇത്രയധികം ചർച്ചകൾ നടക്കുന്നത് എന്തുകൊണ്ടാണ് എന്നെനിക്കറിയില്ല.
സാമൂഹ്യ മാധ്യമങ്ങളാണ് ഇത്തരത്തിൽ ക്രിക്കറ്റർമാരുടെ കഴിവിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിക്കാട്ടുന്നത്. വളരെയധികം അനുഭവസമ്പത്തുള്ള താരമാണ് രോഹിത്. വിരാട് കോഹ്ലി എല്ലായിപ്പോഴും ടീമിന്റെ നട്ടെല്ലാണ്. ഇരുവരെയും വരാനിരിക്കുന്ന ലോകകപ്പിനുള്ള ടീമിൽ തിരഞ്ഞെടുത്തില്ലെങ്കിൽ അത് വളരെ ഭ്രാന്തമായ ഒന്നുതന്നെയാവും എന്നാണ് എനിക്ക് പറയാനുള്ളത്.”- റസൽ പറഞ്ഞു.
“ലോകകപ്പിനെ സംബന്ധിച്ച് പരിചയസമ്പന്നത എന്നതിന് വലിയ പ്രാധാന്യമുണ്ട്. ഇത്തരം യുദ്ധങ്ങൾ നടക്കുന്ന സ്ഥലത്തേക്ക് 11 യുവ ഭടന്മാരെ മാത്രമായി നമുക്ക് വിടാൻ സാധിക്കില്ല. യുവതാരങ്ങൾ അവർക്കാകും വിധമുള്ള പ്രകടനങ്ങൾ മൈതാനത്ത് കാഴ്ചവയ്ക്കും. തങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനും അവർ ശ്രമിക്കും. പക്ഷേ ലോകകപ്പിൽ പലപ്പോഴും സമ്മർദ്ദ നിമിഷങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ രോഹിത്തും കോഹ്ലിയും പോലെയുള്ള വലിയ താരങ്ങൾ അത്യാവശ്യമാണ്.”- റസൽ കൂട്ടിച്ചേർത്തു.
“രോഹിത് വലിയ കളികളിലെ താരമാണ്. കോഹ്ലിയും ഇത്തരം വലിയ സ്റ്റേജുകൾ ഇഷ്ടപ്പെടുന്ന ആളാണ്. ഇത്തരം വലിയ സാഹചര്യങ്ങൾ ഒരു കളിക്കാരൻ ആസ്വദിക്കുമ്പോൾ അയാൾ ഒരിക്കലും സമ്മർദ്ദത്തിന്റെ പിടിയിലായിരിക്കില്ല. ഇന്ത്യയുടെ ക്രിക്കറ്റ് ബോർഡ് ഇത്തരം മാധ്യമ സൃഷ്ടികൾ കേൾക്കാതെ തീരുമാനമെടുക്കും എന്നാണ് ഞാൻ കരുതുന്നത്.”
” ഈ ലോകകപ്പിൽ എന്തായാലും ഇരുവരും കളിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അല്ലാതെ നമ്മൾ വലിയ കളിക്കാരെ മാറ്റിനിർത്തരുത്. അവർ ഇന്ത്യൻ ക്രിക്കറ്റിനു വേണ്ടി ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ളവരാണ്. ഇങ്ങനെ മാറ്റി നിർത്തിയാൽ അത് അവരോട് കാട്ടുന്ന വലിയ അനീതിയാണ്.”- റസൽ പറഞ്ഞു വെക്കുന്നു.