ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും പരാജയം നേരിട്ടതോടെ തങ്ങളുടെ നിലപാട് കടുപ്പിച്ച് ഇന്ത്യൻ ടീം മാനേജ്മെന്റ്. 12 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് തങ്ങളുടെ സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര നഷ്ടമാവുന്നത്. 2012ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഇതിന് മുൻപ് ഇന്ത്യ ഹോം മൈതാനത്ത് ടെസ്റ്റ് പരമ്പരയിൽ പരാജയമറിഞ്ഞത്. അതിന് ശേഷം വലിയൊരു തിരിച്ചടിയാണ് 2024ൽ ന്യൂസിലാൻഡ് ഇന്ത്യൻ ടീമിന് നൽകിയിരിക്കുന്നത്.
ഇതിന് പിന്നാലെ തങ്ങളുടെ നിലപാടുകൾ കടുപ്പിച്ചാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, ബുമ്ര എന്നിവർക്ക് പോലും പരിശീലന സെഷനിലടക്കം യാതൊരു മുൻതൂക്കവും നൽകാത്ത നിലപാടാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നത്.
സാധാരണയായി ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായി 2 തരത്തിലുള്ള പരിശീലന സെഷനുകളാണ് ഉണ്ടാകാറുള്ളത്. ഒരു സെഷനിൽ എല്ലാ താരങ്ങളും പങ്കെടുക്കണം. എന്നാൽ നിർബന്ധമല്ലാത്ത മറ്റൊരു പരിശീലന സെഷൻ നടക്കാറുണ്ട്. ഇതിൽ എല്ലാ താരങ്ങളും പങ്കെടുക്കേണ്ട കാര്യമില്ല. സാധാരണയായി ഇത്തരം സെഷനുകളിൽ മുൻനിരയിലുള്ള ബാറ്റർമാരും സീമർമാരും പങ്കെടുക്കാറില്ല.
ചെറിയ രീതിയിലുള്ള പരിശീലനം മാത്രമാവും ഇവർ നടത്തുക. എന്നാൽ ഇനി അത്തരത്തിൽ സീനിയർ താരങ്ങൾ മാറിനിൽക്കാൻ പാടില്ല എന്ന നിലപാടാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് കൈക്കൊണ്ടിരിക്കുന്നത്. എല്ലാ താരങ്ങളും നിർബന്ധിതമല്ലാത്ത പരിശീലന സെഷനിലും പങ്കെടുക്കണമെന്ന് മാനേജ്മെന്റ് തുറന്നു പറഞ്ഞിരിക്കുന്നു.
പ്രമുഖ വാർത്താമാധ്യമമായ ഇന്ത്യൻ എക്സ്പ്രസാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടീമിലുള്ള എല്ലാ കളിക്കാരനും കൃത്യമായി പരിശീലന സെഷനിൽ പങ്കെടുക്കണമെന്നാണ് മാനേജ്മെന്റ് ബോധിപ്പിക്കുന്നത്. “ഒക്ടോബർ 30, 31 ദിവസങ്ങളിൽ പരിശീലനത്തിനായി എല്ലാ താരങ്ങളും തയ്യാറാകണമെന്ന് ടീം മാനേജ്മെന്റ് ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞു. ഇത് വളരെ നിർബന്ധിതമായ ഒരു പരിശീലന സെക്ഷൻ തന്നെയാണ്. ഒരു താരത്തിന് പോലും ഇതിൽ നിന്ന് ഒഴിവായി നിൽക്കാൻ സാധിക്കില്ല.”- ബിസിസിഐയുമായി ബന്ധപ്പെട്ട ഒരു ഉറവിടം അറിയിക്കുകയുണ്ടായി.
വളരെ അവിചാരിതമായ ഒരു പരാജയമായിരുന്നു ഇന്ത്യ ന്യൂസിലാൻഡിനെതിരെ നേരിട്ടത്. ഇരു മത്സരങ്ങളിലും ബാറ്റിങ്ങിൽ നേരിട്ട വമ്പൻ പരാജയമാണ് ഇന്ത്യയുടെ തോൽവിയ്ക്ക് കാരണമായി മാറിയത്. ഇന്ത്യൻ നിരയിലെ പലതാരങ്ങളും സ്പിന്നിനെതിരെ പതറുന്നതാണ് 2 മത്സരങ്ങളിലും കാണാൻ സാധിച്ചത്. വിരാട് കോഹ്ലിയും രോഹിത് ശർമയും അടക്കമുള്ള ബാറ്റർമാർ നിരന്തരം പരാജയപ്പെട്ടതും ഇന്ത്യയെ ആശങ്കയിൽ ആക്കുന്നുണ്ട്.
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയ്ക്ക് മുൻപിലുള്ള വലിയ ടൂർണമെന്റ് നവംബർ 22ന് ആരംഭിക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫിയാണ്. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. ഇതിന് മുന്നോടിയായി തങ്ങളുടെ ഫോമിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ.