ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനിൽ സൂര്യകുമാർ യാദവിനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് വെറ്ററൻ കീപ്പർ-ബാറ്റർ ദിനേഷ് കാർത്തിക്.
നട്ടെല്ലിന് പരിക്കേറ്റ് ശ്രേയസ് അയ്യർ പുറത്തായതോടെ സൂര്യകുമാറാണ് യോജിച്ചതെന്ന് കാർത്തിക് ചൂണ്ടിക്കാട്ടി. സൂര്യ ഗംഭീര ഫോമിലാണെന്നും സ്പിന്നർമാരെ നന്നായി കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സ്പിൻ-ഫ്രണ്ട്ലി ട്രാക്കുകളിൽ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ശ്രേയസ് അയ്യർ ഫിറ്റല്ലെങ്കിൽ, സൂര്യകുമാർ യാദവും ശുഭ്മാൻ ഗില്ലും തമ്മിൽ മത്സരം നടക്കും. സൂര്യകുമാറിനെ കളിപ്പിക്കണമെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു, കാരണം അദ്ദേഹം സ്പിന്നിനെ നേരിടുന്ന മികച്ച ബാറ്ററാണ്, അവന് അവസരം നൽകുക. അവൻ തകര്‍പ്പന്‍ ഫോമിലാണ്.” ദിനേശ് കാര്‍ത്തിക് പറഞ്ഞു.
ടി20 സ്പെഷ്യലിസ്റ്റായ താരം രഞ്ജി ട്രോഫിയുടെ നിലവിലെ സീസണിൽ കളിച്ചിരുന്നു. മുംബൈയ്‌ക്കായി മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 74.33 ശരാശരിയിൽ 223 റൺസാണ് നേടിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 79 മത്സരങ്ങളിൽ നിന്ന് 44.75 ശരാശരിയിൽ 5549 റൺസ് നേടിയ സൂര്യക്ക് മികച്ച റെക്കോർഡുണ്ട്. 14 സെഞ്ചുറികളും 28 അർധസെഞ്ചുറികളും ഈ 32കാരന്റെ പേരിലുണ്ട്.