പ്രവചനസിംഹം ദിനേശ് കാർത്തിക്. പ്രവചിച്ചതെല്ലാം അക്ഷരംപ്രതി ശരിയായി. അത്ഭുതത്തോടെ ആരാധകർ.

ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ വിജയം നേടിയത് ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. എന്നാൽ മത്സരത്തിലെ നിർണായക സംഭവങ്ങൾ ടോസിനും മുൻപ് പ്രവചിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ചെന്നൈയിലെ പിച്ചിനെയും മത്സരത്തിലെ ഇന്ത്യയുടെ പ്രധാന താരത്തെയും മത്സരത്തിനു മുൻപ് തന്നെ ദിനേശ് കാർത്തിക് പ്രവചിക്കുകയുണ്ടായി. ഇതേപടി മത്സരത്തിൽ നടന്ന ശേഷമാണ് ആരാധകർ അത്ഭുതപ്പെട്ടത്.

ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ സ്പിന്നർമാർ ആയിരുന്നു ഓസ്ട്രേലിയയ്ക്ക് മേൽ കൃത്യമായി ആധിപത്യം സ്ഥാപിച്ചത്. മുൻപും സ്പിന്നിനെ ഒരുപാട് അനുകൂലിച്ചിട്ടുള്ള പിച്ചാണ് ചെന്നൈയിലേത്. അതുകൊണ്ടുതന്നെ മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ്, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരെ ഇന്ത്യ തങ്ങളുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി.

ഇന്ത്യയുടെ ഈ തന്ത്രം വലിയ വിജയമായി മാറുന്നതാണ് മത്സരത്തിൽ കണ്ടത്. കൃത്യമായ സമയത്ത് ഈ സ്പിന്നർമാർ ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ ചുരുട്ടി കെട്ടി. രവീന്ദ്ര ജഡേജയായിരുന്നു സ്പിന്നർമാരിൽ ഇന്ത്യയ്ക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ജഡേജ മത്സരത്തിൽ മികച്ച പ്രകടനം നടത്തുമെന്ന പ്രവചനമാണ് മത്സരത്തിന് മുൻപുതന്നെ ദിനേശ് കാർത്തിക് നടത്തിയത്.

മത്സരത്തിന് മുൻപാണ് പിച്ചിനെയും ഇന്ത്യയുടെ ബോളിംഗ് ഹീറോയെയും കാർത്തിക് പ്രവചിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആയിരുന്നു കാർത്തിക്കിന്റെ പ്രവചനം. ‘ഈ പിച്ചിൽ നിന്ന് ബോളർമാർക്ക് ടേൺ ലഭിക്കും. ജഡേജയ്ക്ക് ഇന്ന് വളരെ മികച്ച ഒരു ദിവസമായിരിക്കും.’ ഇതായിരുന്നു ദിനേശ് കാർത്തിക്കിന്റെ പ്രവചനം. ഇതിനൊപ്പം ചിരിക്കുകയും കണ്ണീറുക്കുകയും ചെയ്യുന്ന ഇമോജികളും ദിനേശ് കാർത്തിക് തന്റെ ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു. മത്സരം ആരംഭിച്ച് കുറച്ചു സമയങ്ങൾക്കപ്പുറം ദിനേശ് കാർത്തിക്കിന്റെ പ്രവചനം ഫലിച്ചു തുടങ്ങി. ജഡേജ ഇന്ത്യയുടെ തുറുപ്പുചീട്ടായി മത്സരത്തിൽ മാറി. ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തിയ സ്റ്റീവ് സ്മിത്തിന്റെ കുറ്റിതെറിപ്പിച്ചാണ് ജഡേജ ആരംഭിച്ചത്.

പിന്നീട് ഓസ്ട്രേലിയയുടെ സ്റ്റാർ ബാറ്റർമാരായ ലബുഷെയ്ൻ, അലക്സ് കേയറി എന്നിവരുടെ വിക്കറ്റുകളും സ്വന്തമാക്കാൻ ജഡേജയ്ക്ക് സാധിച്ചു. മത്സരത്തിൽ 10 ഓവറുകളിൽ കേവലം 28 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. ഇത് ഇന്ത്യയെ സംബന്ധിച്ച് മത്സരത്തിൽ വളരെ നിർണായകമായിരുന്നു. വലിയ സ്കോറിലേക്ക് കുതിച്ച ഓസ്ട്രേലിയയെ കേവലം 199 റൺസിൽ ചുരുട്ടി കെട്ടാൻ ജഡേജയുടെ പ്രകടനം സഹായകരമായി മാറി. ഇന്ത്യ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയപ്പോൾ ജഡേജയുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്.

Previous articleഅത്തരമൊരു തുടക്കം എന്നെ ഭയപ്പെടുത്തി. വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും കോഹ്ലിയ്ക്കും രാഹുലിനും നൽകി രോഹിത്.
Next article2019 സെമിയിൽ 5 റൺസിന് 3 വിക്കറ്റ്. ചെന്നൈയിൽ 2ന് 3. ആരാധകരെ ഭയപ്പെടുത്തിയ സമാന ബാറ്റിംഗ് തകർച്ച.