ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ 10 വിക്കറ്റിന്റെ ദയനീയമായ പരാജയമായിരുന്നു ഇന്ത്യ നേരിട്ടത്. മത്സരത്തിലുടനീളം ഓസ്ട്രേലിയ ഇന്ത്യയെ സമർദത്തിലാക്കുന്നതും മത്സരത്തിലെ പ്രധാന കാഴ്ചയായിരുന്നു. അതിനാൽതന്നെ മൂന്നാം ഏകദിനം വളരെ നിർണായകമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ടീമിൽ വരുത്തേണ്ട ഒരു മാറ്റത്തെ പറ്റിയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക് സംസാരിക്കുന്നത്. ഇന്ത്യ മൂന്നാം ഏകദിനത്തിൽ അക്ഷർ പട്ടേലിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തണം എന്നാണ് ദിനേശ് കാർത്തിക്ക് പറയുന്നത്.
ചെന്നൈയിലെ പിച്ചിൽ നിന്ന് വാഷിംഗ്ടൺ സുന്ദറിന് സഹായം ലഭിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ദിനേശ് കാർത്തിക്കിന്റെ ഈ പ്രസ്താവന. “ഞാൻ ഉദ്ദേശിക്കുന്നത് വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണമെന്നാണ്. ട്രാവിസ് ഹെഡിനെതിരെ മികച്ച രീതിയിൽ പന്തറിയാൻ സുന്ദറിന് സാധിക്കും. മാത്രമല്ല അയാൾ പവർപ്ലെയിൽ അതിവിദഗ്ധമായി ബോൾ ചെയ്യുന്ന ബോളറാണ്. ചെന്നൈയിലേത് അയാളുടെ ഹോം ഗ്രൗണ്ടാണ്. സുന്ദർ ഒരുപാടു മത്സരങ്ങൾ ചെന്നൈയിൽ കളിച്ചിട്ടുണ്ട്.”- ദിനേശ് കാർത്തിക് പറയുന്നു.
“ഈയൊരു മാറ്റം മാത്രമാണ് ഞാൻ ഇന്ത്യൻ ടീമിൽ കാണുന്നത്. ചെന്നൈയിൽ പവർ പ്ലേ ഓവറുകൾ വാഷിംഗ്ടൺ സുന്ദറിന് എറിയാൻ സാധിക്കും. എന്തെന്നാൽ ആദ്യ രണ്ടു മത്സരങ്ങളിൽ കണ്ടതുപോലെ ഒരു മൂവ്മെന്റ് ആദ്യ ഓവറുകളിൽ ചെന്നൈയിൽ ലഭിക്കില്ല. ഈ സാഹചര്യത്തിൽ അക്ഷർ പട്ടേലിന് പകരം ഇന്ത്യ വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തുന്നതാണ് ഉത്തമമായ മാർഗം.”- ദിനേശ് കാർത്തിക്ക് പറയുന്നു.
ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ശർദുൽ താക്കൂറിന് പകരക്കാരനായി ആയിരുന്നു അക്ഷർ പട്ടേൽ കളിച്ചത്. മത്സരത്തിൽ 29 റൺസ് അക്ഷർ നേടുകയും ഉണ്ടായി. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും വളരെ മികച്ച ഫോമിൽ തന്നെയായിരുന്നു അക്ഷർ ബാറ്റ് ചെയ്തത്. എന്നാൽ പലപ്പോഴും അക്ഷർ ബോളിങ്ങിൽ പരാജയപ്പെടുന്നതും പരമ്പരയിൽ ദൃശ്യമായിരുന്നു.