രോഹിതും റൂട്ടുമല്ല, ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബാറ്ററെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്.

നിലവിൽ ലോക ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലെയും മികച്ച ബാറ്ററെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. ഇന്ത്യൻ നായകൻ രോഹിത് ശർമയെയും ഇംഗ്ലണ്ട് ഇതിഹാസ താരം ജോ റൂട്ടിനെയും മറികടന്ന്, ഓസ്ട്രേലിയയുടെ ഓപ്പണറായ ട്രാവിസ് ഹെഡിനെയാണ് എല്ലാ ഫോർമാറ്റിലെയും ഏറ്റവും മികച്ച ബാറ്ററായി ദിനേശ് കാർത്തിക് തെരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ സമയങ്ങളിലെ ഹെഡിന്റെ ബാറ്റിംഗ് പ്രകടനങ്ങൾ കണക്കിലെടുത്താണ് ദിനേശ് കാർത്തിക് സംസാരിച്ചത്. ഓസ്ട്രേലിയയുടെ ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ഹെഡ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇതിന് ശേഷമാണ് ഹെഡിനെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററായി ദിനേശ് കാർത്തിക് തിരഞ്ഞെടുത്തത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 154 റൺസായിരുന്നു ഹെഡ് സ്വന്തമാക്കിയത്. മാത്രമല്ല പരമ്പരയിലുടനീളം ഫോം പുലർത്താൻ ഹെഡിന് സാധിച്ചു. ഓസ്ട്രേലിയ പരമ്പരയിൽ 3-2 എന്ന മാർജിനിൽ വിജയം സ്വന്തമാക്കിയപ്പോൾ പരമ്പരയിലെ താരമായി മാറിയതും ഹെഡ് തന്നെയായിരുന്നു. ഇതിന് ശേഷമാണ് പ്രസ്താവനയുമായി കാർത്തിക് രംഗത്ത് എത്തിയിരിക്കുന്നത്.

“നിലവിലെ സാഹചര്യം കണക്കിലെടുക്കുകയാണെങ്കിൽ ട്രാവിസ് ഹെഡാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ. ഇന്ത്യൻ താരം ജയസ്വാൾ നന്നായി തന്നെ ബാറ്റ് ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഏകദിന ക്രിക്കറ്റിൽ അവന് മതിയായ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. അതുകൊണ്ട് ഞാൻ ഹെഡിന്റെ പേര് പറയും.”- ദിനേശ് കാർത്തിക് പറഞ്ഞു.

2023 ഏകദിന ലോകകപ്പിന്റെ ആദ്യ പകുതിയിലെ മത്സരങ്ങൾ കളിക്കാൻ ഹെഡിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനങ്ങൾ ആയിരുന്നു താരം കാഴ്ചവച്ചത്. ടൂർണമെന്റിൽ ന്യൂസിലാൻഡിനെതിരെ ധർമശാലയിൽ നടന്ന മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടിയാണ് ഹെഡ് തന്റെ വരവറിയിച്ചത്. ശേഷം അഹമ്മദാബാദിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കി ഓസ്ട്രേലിയയെ കിരീടം ചൂടിക്കാനും ഹെഡിന് സാധിച്ചിരുന്നു. പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ഹെഡിന് സാധിച്ചു.

2024 ഐപിഎല്ലിൽ 6.8 കോടി രൂപയ്ക്കായിരുന്നു ഹൈദരാബാദ് ഹെഡിനെ തങ്ങളുടെ ടീമിലേക്ക് എത്തിച്ചത്. സീസണിൽ ഹൈദരാബാദിനായി ഏറ്റവുമധികം റൺസ് സ്വന്തമാക്കാനും ഹെഡിന് സാധിച്ചു. 15 മത്സരങ്ങളിൽ നിന്ന് 567 റൺസ് ആണ് ഹെഡ് സീസണിൽ ഹൈദരാബാദിനായി നേടിയത്. ഇത്തരത്തിൽ എല്ലാ ഫോർമാറ്റിലും മികവാർന്ന പ്രകടനങ്ങളുമായാണ് ഓസ്ട്രേലിയൻ താരം മുൻപിലേക്ക് കുതിക്കുന്നത്.

Previous article2015 ലോകകപ്പിൽ നിന്ന് ഞങ്ങളെ ഒഴിവാക്കിയത് എന്തിന്? ചോദ്യവുമായി ഹർഭജൻ സിംഗ്.
Next articleസൂര്യയെ ട്വന്റി20 നായകനാക്കിയത് മോശം തീരുമാനം. കാരണം വിശദീകരിച്ച് ഹർഭജൻ സിംഗ്.