ഈ മാസം ഒമ്പതിനാണ് ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരക്ക് തുടക്കം കുറിക്കുന്നത്. ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് ക്രിക്കറ്റ് ആരാധകർ ഈ പരമ്പരയെ കാത്തിരിക്കുന്നത്. ഇന്ത്യൻ പിച്ചുകളുടെ പൊതുസ്വഭാവം സ്പിന്നുകളെ തുണയ്ക്കുന്നതാണ്. അതുകൊണ്ടു തന്നെ നാല് സ്പിന്നർമാരുമായാണ് ഓസ്ട്രേലിയ ഇന്ത്യയിലേക്ക് എത്തുന്നത്.
ഇന്ത്യക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്ന ഓസ്ട്രേലിയൻ സ്പിന്നർ നദാൻ ലിയോൺ ആയിരിക്കും. വലിയ പ്രതീക്ഷയാണ് ലിയോണിൽ ഓസ്ട്രേലിയ വയ്ക്കുന്നത്. 2004 ന് ശേഷം ഇന്ത്യയിൽ പരമ്പര നേടാൻ കൊതിക്കുന്ന ഓസീസിൻ്റെ തുറുപ്പുചീട്ടാണ് ലിയോൺ. ഇപ്പോഴിതാ ലിയോണിന്റെ സ്പിന്നിനെ കുറിച്ച് ഇന്ത്യൻ താരം ദിനേശ് കാർത്തിക് പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
“ഓസ്ട്രേലിയയുടെ ലോകോത്തര സ്പിന്നറായ ലിയോൺ ടീമിലുണ്ട്. അദ്ദേഹത്തിന് അറിയാവുന്ന കാര്യമാണ് ടീമിലെ നിർണായക താരം എന്ന നിലയിൽ തൻ്റെ മേൽ വലിയ സമ്മർദ്ദം ഉണ്ടെന്ന്. ഓസീസിന്റെ കയ്യിൽ നിന്നും മത്സരം ലിയോണിന്റെ ഒരു മോശം സെക്ഷൻ അകറ്റും. അതുകൊണ്ടു തന്നെ ലിയോൺ ഒരുപാട് സമ്മർദ്ദം കൈകാര്യം ചെയ്യേണ്ടതുണ്ട്.
അന്ന് ശ്രേയസ് അയ്യർ ഒരു പരിശീലന മത്സരത്തിൽ 210 പന്തുകളിൽ നിന്നും 202 റൺസ് നേടിയിരുന്നു. ഓസീസ് ബൗളർമാരുടെ ഏറ്റവും മോശം ഇക്കണോമിയിൽ (5.61) 162 റൺസ് ആയിരുന്നു അന്ന് ലിയോൺ വഴങ്ങിയത്. ലിയോണിനെ ശ്രേയസ് അയ്യർ അടിച്ചു പറത്തി കളഞ്ഞു. ലിയോൺ സമ്മർദ്ദത്തിന് അനുസരിച്ച് ഫോമിലേക്ക് ഉയരേണ്ടതുണ്ട്. ഇന്ത്യക്ക് അക്സർ പട്ടേലും രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും ഉള്ളപ്പോൾ ലിയോൺ അല്ലാതെ പരിചയസമ്പന്നരായ കൂടുതൽ സ്പിന്നർമാർ ഓസീസിനില്ല.”- ദിനേഷ് കാർത്തിക് പറഞ്ഞു.