ലോകകപ്പിൽ കളിക്കാൻ സഞ്ജുവിനെക്കാൾ സാധ്യത ഇഷാൻ കിഷന്. കാരണം വ്യക്തമാക്കി ദിനേശ് കാർത്തിക്.

ടെസ്റ്റ് പരമ്പരയിലെ ആധികാരികമായ വിജയത്തിനുശേഷം ഇന്ത്യ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരക്കായി തയ്യാറെടുക്കുകയാണ്. മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ വെസ്റ്റിൻഡീസിൽ കളിക്കാൻ തയ്യാറാവുന്നത്. കെ എൽ രാഹുലും ഋഷഭ് പന്തും പരിക്കിന്റെ പിടിയിലായ സാഹചര്യത്തിൽ പരമ്പരയിലൂടെ പുതിയൊരു വിക്കറ്റ് കീപ്പറിനെ തേടുകയാണ് ഇന്ത്യ ഇപ്പോൾ.

അതിനാൽ തന്നെ സഞ്ജു സാംസനെ ഇന്ത്യ ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. ഒപ്പം ഇഷാൻ കിഷനും സ്ക്വാഡിൽ അണിനിരക്കുന്നു. ഈ രണ്ട് വിക്കറ്റ് കീപ്പർമാരെ സംബന്ധിച്ചും വളരെ നിർണായകമായ പരമ്പരയാണ് വിൻഡീസിൽ നടക്കുന്നത്. കാരണം 50 ഓവർ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മികച്ച പ്രകടനങ്ങൾ ഇരു ബാറ്റർമാർക്കും അത്യാവശ്യമാണ്.

വിൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ സ്ഥാനം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ബാറ്റിംഗ് ഓർഡറിൽ ഏതു പൊസിഷനിലും കളിക്കാൻ സാധിക്കുന്ന ക്രിക്കറ്റരാണ് സഞ്ജു സാംസൺ. മറുവശത്ത് ഇഷാൻ കിഷനും സഞ്ജുവിനൊപ്പം ഏകദിനത്തിൽ അണിനിരന്നാലും അത്ഭുതപ്പെടാനില്ല. എന്തായാലും ഇരുവരും തമ്മിൽ ഏകദിന ലോകകപ്പിലെ സ്ക്വാഡിൽ ഇടംപിടിക്കാനായി ഒരു മത്സരം നടക്കുന്നുണ്ട് എന്നത് വ്യക്തമാണ്.

ഈ മത്സരത്തിൽ അല്പം മുന്നിൽ നിൽക്കുന്നത് ഇഷാൻ കിഷനാണ് എന്നാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്കിന്റെ അഭിപ്രായം. ലോകകപ്പിനായുള്ള പ്രയാണത്തിൽ സഞ്ജു സാംസനേക്കാൾ ഒരുപടി മുന്നിൽ നിൽക്കാൻ അർഹൻ കിഷനാണ് എന്ന് ദിനേശ് കാർത്തിക് പറയുന്നു.

“ഏകദിന ലോകകപ്പിൽ രണ്ടാം വിക്കറ്റ് കീപ്പർ പൊസിഷനിലേക്കായി മത്സരിക്കുന്ന രണ്ടുപേർ ഇഷാൻ കിഷനും സഞ്ജു സാംസനുമാണ്. ഇതിൽ ഇഷാൻ കിഷനാണ് അല്പം മുമ്പിൽ നിൽക്കുന്നത് എന്നാണ് ഞാൻ കരുതുന്നത്. എന്തെന്നാൽ ഇന്ത്യയ്ക്ക് ഇടങ്കയ്യൻ ബാറ്റർമാർ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഒരു ഇടംകയ്യനായ ഇഷാൻ കിഷൻ ടീമിൽ സ്ഥാനം കണ്ടെത്താൻ സാധ്യതയുണ്ട്. മാത്രമല്ല ഇന്ത്യയ്ക്ക് ഒരു ബാക്കപ്പ് ഓപ്പണറായും ഇഷാൻ കിഷനെ ഉപയോഗിക്കാൻ സാധിക്കും.”- ദിനേശ് കാർത്തിക് പറയുന്നു.

ഇരു വിക്കറ്റ് കീപ്പർമാർക്കും മികച്ച റെക്കോർഡുകളാണ് ഏകദിന മത്സരങ്ങളിലുള്ളത്. സഞ്ജു സാംസൺ ഇതുവരെ 11 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചപ്പോൾ, ഇഷാൻ കിഷൻ 14 മത്സരങ്ങൾ കളിക്കുകയുണ്ടായി. സഞ്ജുവിനെ പലപ്പോഴും നിർഭാഗ്യവും പരിക്കും വേട്ടയാടിയപ്പോൾ ഇഷാൻ കിഷന് കൃത്യമായി അവസരങ്ങൾ ലഭിക്കുന്നുണ്ട്. മാത്രമല്ല വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ പരമ്പരയിൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ ഇഷാന് സാധിച്ചിരുന്നു. എന്തായാലും ഇരു ബാറ്റർമാരെ സംബന്ധിച്ചും വളരെ നിർണായകമായ ഒരു പരമ്പരയാണ് നാളെ ആരംഭിക്കുന്നത്.