മൂന്നാം ടെസ്റ്റിൽ ബുംറ പുറത്തിരിക്കണം. ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദേശിച്ച് ദിനേശ് കാർത്തിക്.

ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ വരുത്തേണ്ട പ്രധാനപ്പെട്ട ഒരു മാറ്റത്തെപ്പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണം എന്നാണ് കാർത്തിക് പറയുന്നത്.

നവംബർ ഒന്നിന് വാങ്കഡെ സ്റ്റേഡിയത്തിലാണ് ന്യൂസിലാൻഡിന് എതിരായ അവസാന ടെസ്റ്റ് മത്സരം നടക്കുന്നത്. ഇതിനോടകം തന്നെ പരമ്പരയിൽ പരാജയം നേരിട്ട ഇന്ത്യയ്ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ഒരു അവസരമാണ് വാങ്കഡെ ടെസ്റ്റ്. ഈ സമയത്താണ് തന്റെ അഭിപ്രായം അറിയിച്ച് ദിനേശ് കാർത്തിക് രംഗത്ത് എത്തിയിരിക്കുന്നത്.

ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ബുംറയ്ക്ക് വിശ്രമം ആവശ്യമാണ് എന്ന് ദിനേശ് കാർത്തിക് പറയുന്നു. തുടർച്ചയായി 4 ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിനാൽ തന്നെ ബുംറയ്ക്ക് ഇനിയൊരു ഇടവേള ഇന്ത്യ നൽകേണ്ടതുണ്ട് എന്നാണ് മുൻ താരത്തിന്റെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ പ്ലെയിങ്‌ ഇലവനിൽ സിറാജാണ് ഉത്തമമെന്ന് കാർത്തിക് പറയുന്നു. എന്നാൽ ടീമിൽ മറ്റു മാറ്റങ്ങളൊന്നും വരുത്തേണ്ട ആവശ്യമില്ല എന്നാണ് കാർത്തിക് ചൂണ്ടിക്കാട്ടുന്നത്. “ബുംറയ്ക്ക് വിശ്രമം ആവശ്യമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അങ്ങനെ സംഭവിച്ചാൽ മുഹമ്മദ് സിറാജ് ആണ് ടീമിലേക്ക് തിരികെ എത്തേണ്ടത്.”- ദിനേശ് കാർത്തിക് പറയുന്നു.

“മറ്റു മാറ്റങ്ങൾ ഒന്നുംതന്നെ ഇന്ത്യൻ ടീമിൽ വരുത്തേണ്ട ആവശ്യമില്ല എന്നാണ് ഞാൻ കരുതുന്നത്. പരിക്കുകൾ ഉണ്ടെങ്കിൽ മാത്രം ടീമിൽ മാറ്റം വരുത്തുക. അല്ലാത്തപക്ഷം കഴിഞ്ഞ മത്സരത്തിൽ കളിച്ച ബാറ്റർമാർക്കും ബോളർമാർക്കും ഒരു അവസരം കൂടി നൽകാൻ ഇന്ത്യ തയ്യാറാവണം.”- ദിനേശ് കാർത്തിക് കൂട്ടിച്ചേർക്കുകയുണ്ടായി. നിലവിലെ ഇന്ത്യയുടെ ഉപനായകനായ ബുംറക്ക് ഈ പരമ്പരയിൽ ഇമ്പാക്ടുള്ള പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. ന്യൂസിലാൻഡിനെതിരായ 2 മത്സരങ്ങളിൽ നിന്നും 3 വിക്കറ്റുകൾ മാത്രമാണ് ബുംറ സ്വന്തമാക്കിയത്. ഇതിനു മുൻപ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും താരം കളിച്ചിരുന്നു.

ന്യൂസിലാൻഡിതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയം തന്നെ വലിയ രീതിയിൽ നിരാശനാക്കുന്നു എന്ന ദിനേശ് കാർത്തിക് പറയുകയുണ്ടായി. “പരാജയവും നിരാശയും ഇപ്പോഴും എന്റെ മനസ്സിനെ വേട്ടയാടുന്നുണ്ട്. അതുകൊണ്ടു തന്നെ അടുത്ത മത്സരത്തിലേക്കുള്ള പ്ലെയിങ് ഇലവനെ കൃത്യമായി നിശ്ചയിക്കാൻ എനിക്ക് സാധിക്കുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ ഈ സമയത്ത് തന്നെ അത്തരമൊരു ചർച്ച നടത്തേണ്ടതില്ല  പക്ഷേ ബുംറ വിശ്രമം അർഹിക്കുന്നുണ്ടെന്നും സിറാജ് ടീമിലേക്ക് തിരികെ വരണമെന്നതും അത്യാവശ്യ കാര്യം തന്നെയാണ്.”- കാർത്തിക് പറഞ്ഞുവെക്കുന്നു.

Previous articleസീനിയർ താരങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ഇന്ത്യ. പരിശീലനത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് നിർദ്ദേശം.
Next articleഒരു പരമ്പര മാത്രമേ തോറ്റിട്ടുള്ളു. വിമർശനങ്ങൾ ഓവർ ആകരുതെന്ന് രോഹിത് ശർമ.