ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തന്നെ ചരിത്രം മാറ്റിമറിച്ച ഒരു സംഭവമായിരുന്നു മഹേന്ദ്ര സിംഗ് ധോണിയുടെ നായകനായുള്ള ട്രാൻസ്ഫർമേഷൻ. 2007ൽ രാഹുൽ ദ്രാവിഡ് നായക സ്ഥാനത്തുനിന്ന് വിരമിച്ചതിനുശേഷമാണ് മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയുടെ ക്യാപ്റ്റനായി മാറിയത്. പ്രാഥമിക ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരെയായിരുന്നു ധോണി ആദ്യമായി നായകനായത്. മത്സരത്തിൽ ആവേശോജ്ജ്വലമായ വിജയം ഇന്ത്യയെ തേടിയെത്തി. പിന്നീട് ഇന്ത്യ ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയതോടെ, ധോണിയെ നായകനായി ഇന്ത്യ സ്ഥിരപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ ധോണിയെ നായകനാക്കി മാറ്റാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ പറ്റിയാണ് മുൻ ഇന്ത്യൻ താരവും സെലക്ഷൻ കമ്മിറ്റി അംഗവുമായ ദിലീപ് വെങ്‌സാക്കർ പറയുന്നത്.
2007 ട്വന്റി20 ലോകകപ്പിൽ നിന്ന് സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവർ മാറിനിന്നതോടെ ഇന്ത്യക്ക് വലിയ തലവേദന ഉണ്ടാവുകയായിരുന്നു. ശേഷം മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഒരു യുവ ടീമിനെ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചു. ദ്രാവിഡ് നായക സ്ഥാനത്ത് നിന്ന് മാറിയ സാഹചര്യം ഇന്ത്യയെ വലിയ രീതിയിൽ അലട്ടിയിരുന്നു എന്ന് വെങ്‌സാക്കർ പറയുന്നു. താൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുകയാണ് എന്ന് അന്നത്തെ ബോർഡ് പ്രസിഡന്റായ ശരത് പവാറിനോട് ദ്രാവിഡ് പറഞ്ഞു. ശേഷം പവർ സച്ചിൻ ടെണ്ടുൽക്കറോട് ഇന്ത്യയുടെ നായക സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. പക്ഷേ ആ സമയത്ത് സച്ചിൻ അത് നിരസിക്കുകയും പിന്നീട് ധോണിയുടെ പേര് നിർദ്ദേശിക്കുകയും ചെയ്തു.
എന്നിരുന്നാലും ആ സമയത്ത് ദ്രാവിഡിന് പകരക്കാരനായി ധോണിയെ കണ്ടെത്താൻ ഇന്ത്യയ്ക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നില്ല എന്നാണ് വെങ്‌സാക്കർ പറയുന്നത്. ധോണിയുടെ മൈതാനത്തെ ഇടപെടലുകളും ട്വന്റി20 ലോകകപ്പിലെ മികച്ച നായകത്വവും അദ്ദേഹത്തിന്റെ ക്യാപ്റ്റൻ സ്ഥാനം ഊട്ടി ഉറപ്പിക്കുകയായിരുന്നു എന്ന് വെങ്‌സാക്കർ പറയുന്നു. സച്ചിൻ ടെണ്ടുൽക്കർ നിർദ്ദേശിച്ചിരുന്നില്ലെങ്കിലും ധോണിയെ ഇന്ത്യ ഏകദിന ക്യാപ്റ്റനായി പ്രഖ്യാപിച്ചേനെ എന്നാണ് വെങ്‌സാക്കർ പറഞ്ഞത്. “നമ്മൾ സ്വാഭാവികമായി ഒരു ക്യാപ്റ്റനെ കണ്ടെത്തുകയല്ല ചെയ്യുന്നത്. ഒരു കളിക്കാരന്റെ കഴിവും, ബോഡി ലാംഗ്വേജും, മുന്നിൽ നിന്ന് നയിക്കാനുള്ള മികവും, മാനേജ്മെന്റ് കഴിവുകളുമൊക്കെ നമ്മൾ നിരീക്ഷിക്കാറുണ്ട്. ധോണിയുടെ മത്സരത്തോടുള്ള സമീപനവും ബോഡി ലാംഗ്വേജും മറ്റുള്ളവരോട് സംസാരിക്കുന്ന രീതിയുമൊക്കെ ഞങ്ങൾക്ക് അന്ന് വളരെ അഭികാമ്യമായി തോന്നി. എല്ലാത്തരത്തിലും ഞങ്ങൾക്ക് പോസിറ്റീവ് മാത്രമാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. അതിനാൽ തന്നെ എന്തുകൊണ്ടും ധോണിയെ ക്യാപ്റ്റനായി നിശ്ചയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.”- വെങ്‌സാക്കർ പറയുന്നു.
എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ചരിത്രപരമായ ഒരു തീരുമാനം തന്നെയായിരുന്നു അത്. പിന്നീട് 2008ൽ അനിൽ കുബ്ലെക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായകനായും മഹേന്ദ്ര സിംഗ് ധോണി മാറുകയുണ്ടായി. ശേഷം മൂന്നു വർഷങ്ങൾക്കിപ്പുറം 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാമ്പ്യൻസ് ട്രോഫിയും ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ നേടി. ഇതിനൊപ്പം ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കാനും മഹേന്ദ്ര സിംഗ് ധോണിക്ക് സാധിച്ചിരുന്നു. നിലവിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച നായകനായി തന്നെയാണ് മഹേന്ദ്ര സിംഗ് ധോണി നിൽക്കുന്നത്.