ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ പരമ്പരയ്ക്ക് ശേഷം, വിന്‍ഡീസിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ ഏകദിന പരമ്പരയില്‍ ശിഖാര്‍ ധവാനാണ് ക്യാപ്റ്റന്‍. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കായി സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുമെങ്കിലും വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും പരമ്പരയില്‍ ഉണ്ടാവില്ലാ.
മോശം ഫോമിലുള്ള വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചത് ഏറെ വിവാദമായിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലും ദയനീയമായാണ് താരം കടന്നു പോകുന്നത്. ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് വിരാട് കോഹ്‌ലിക്ക് ഫോമിലേക്ക് മടങ്ങാൻ കഴിയുന്നത്ര സമയം നൽകേണ്ടതിനാൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ, താരത്തിനു വിശ്രമം നൽകുന്നത് തെറ്റാണെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ദിലീപ് വെങ്‌സർക്കർ പറഞ്ഞു.
”വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ഇന്ത്യൻ സെലക്ടർമാർ അദ്ദേഹത്തിന് വിശ്രമം നൽകിയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള അവരുടെ പദ്ധതിയില്‍ ഉണ്ടെങ്കില്‍, തന്റെ ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കാൻ കഴിയുന്നത്ര മത്സരങ്ങൾ കളിക്കണം. അത് അദ്ദേഹത്തെ സഹായിക്കും, ”ഖലീജ് ടൈംസുമായുള്ള ആശയവിനിമയത്തിൽ വെങ്‌സർക്കാർ പറഞ്ഞു.
”വീരാട് കോഹ്ലി വിശ്രമിക്കുന്നത് തെറ്റായ സൂചനയാണ് നൽകുന്നത്, കാരണം അവൻ ഓസ്‌ട്രേലിയയിലേക്ക് പോകുകയാണെങ്കിൽ, അയാൾ റണ്‍സ് നേടാതെയാണ് പോകുന്നത്. അത് അവനെയും വിഷമിപ്പിക്കും. നിങ്ങൾ റൺസ് നേടാത്തപ്പോൾ, കഴിയുന്നത്ര മത്സരങ്ങൾ കളിക്കുന്നതും മധ്യത്തിൽ സമയം ചെലവഴിക്കുന്നതും റണ്‍സ് നേടി തിരിച്ചെത്തുന്നതും പ്രധാനമാണെന്ന് എനിക്ക് എപ്പോഴും തോന്നുന്നു,” വെങ്‌സർക്കാർ പറഞ്ഞു.
ജൂലൈ 22ന് പോർട്ട് ഓഫ് സ്പെയിനിൽ നടക്കുന്ന ആദ്യ മത്സരത്തോടെ വെസ്റ്റ് ഇൻഡീസുമായി മൂന്ന് ഏകദിനങ്ങളുടെ പരമ്പര ആരംഭിക്കും, തുടർന്ന് ജൂലൈ 24, 27 തീയതികളിലാണ് മറ്റ് രണ്ട് ഏകദിന മത്സരങ്ങൾ. ഇതിന് ശേഷം അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയും നടക്കും.