പാണ്ഡ്യ തിരികെ വന്നാലും ഇന്ത്യ ഷാമിയെ ടീമിൽ കളിപ്പിക്കണം. നിർദ്ദേശവുമായി മുൻ പാക് താരം.

hardik and akram

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെയാണ്. ഇത്തവണയും ശക്തമായ ടീം തന്നെയാണ് ഇംഗ്ലണ്ട്. ഇതുവരെ ടൂർണമെന്റിൽ തങ്ങളുടെ ഫോമിലേക്കെത്താൻ സാധിച്ചിട്ടില്ലെങ്കിലും ഇംഗ്ലണ്ട് ഇന്ത്യയെ സംബന്ധിച്ച് അപകടകാരിയാണ്. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയാണ് മുൻ പാക്കിസ്ഥാൻ താരം വസീം അക്രം ഇപ്പോൾ പറയുന്നത്. ന്യൂസിലാൻഡിനെതിരെ വളരെ മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷാമിയെ ഇന്ത്യ ടീമിൽ നിന്ന് ഇനി ഒഴിവാക്കാൻ പാടില്ല എന്ന് അക്രം പറയുന്നു. ഹർദിക് പാണ്ഡ്യ ടീമിലേക്ക് തിരികെയെത്തിയാലും ഷാമിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണം എന്നാണ് അക്രത്തിന്റെ അഭിപ്രായം.

നിലവിൽ പാണ്ഡ്യയുടെ അഭാവത്തിൽ പോലും ഇന്ത്യൻ ടീം വളരെ മികച്ച രീതിയിൽ കളിക്കുന്നുണ്ട് എന്ന് അക്രം പറയുന്നു. “പാണ്ഡ്യയുടെ അഭാവത്തിലും ഇന്ത്യയുടെ സ്ക്വാഡ് വളരെ നല്ലത് തന്നെയാണ്. പാണ്ഡ്യ തന്റെ ഫിറ്റ്നസ് വീണ്ടെടുത്ത് തിരികെ വന്നാൽ വളരെ നല്ലതാണ്. എന്നിരുന്നാലും ടീമിൽ നിന്ന് മുഹമ്മദ് ഷാമിയെ ഒഴിവാക്കുക എന്നത് അല്പം പ്രയാസകരമാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പാണ്ഡ്യയുടെ കാര്യത്തിൽ ഇന്ത്യ റിസ്ക് എടുക്കരുത് എന്നാണ് എനിക്ക് തോന്നുന്നത്.

ഇത്തരം പരിക്കുകൾ ഒരു പക്ഷേ ആദ്യം ഭേദമായതായി തോന്നും. പക്ഷേ മത്സരത്തിനിടെ വീണ്ടും അത് വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ പാണ്ഡ്യയ്ക്ക് പരിക്കിൽ നിന്ന് 100% മോചിതനാവാൻ ഇന്ത്യ സമയം നൽകണം. അതിനുശേഷം അദ്ദേഹത്തെ കളിപ്പിച്ചാൽ മതിയാവും.”- അക്രം പറയുന്നു.

Read Also -  കഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.

ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ മുഹമ്മദ് ഷാമിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ടാണ് അക്രം സംസാരിച്ചത്. “ഷാമിയുടെ പ്രകടനത്തിന് മുഴുവൻ ക്രെഡിറ്റും ടീം മാനേജ്മെന്റിനും അവകാശപ്പെട്ടത് തന്നെയാണ്. സ്ക്വാഡിലുള്ള ഏത് കളിക്കാരൻ പ്ലേയിംഗ് ഇലവനിലേക്ക് എത്തിയാലും അയാൾ തയ്യാറായി തന്നെ കാണപ്പെടുന്നു. മുഹമ്മദ് ഷാമിയുടെ പന്ത് സീമിൽ ഇരുവശങ്ങളിലേക്കും ചലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ചായി മുഹമ്മദ് ഷാമിയെ തോന്നിയത്.”- അക്രം കൂട്ടിച്ചേർത്തു.

ഞായറാഴ്ചയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൈതാനത്ത് ഇറങ്ങുന്നത്. അഫ്ഗാനിസ്ഥാനെതിരെ ഏറ്റ അപ്രതീക്ഷിത പരാജയമാണ് ഇംഗ്ലണ്ടിനെ ഈ ലോകകപ്പിൽ പിന്നിലേക്കടിച്ചിട്ടുള്ളത്. എന്നിരുന്നാലും മികച്ച വിക്കറ്റുകളിൽ ഏറ്റവും നല്ല രീതിയിൽ തിരിച്ചു വരാൻ സാധിക്കുന്ന ടീം തന്നെയാണ് ഇംഗ്ലണ്ട്. പലപ്പോഴും ബാറ്റിംഗാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ഒപ്പം മികച്ച ഓൾറൗണ്ടർമാരുടെ ശക്തിയും ടീമിന്റെ കരുത്തായി മാറാറുണ്ട്. അതിനാൽ തന്നെ ഇന്ത്യ കരുതിയിരിക്കണം എന്ന മുന്നറിയിപ്പാണ് അക്രം നൽകുന്നത്.

Scroll to Top