ഞങ്ങൾ പ്രതീക്ഷിച്ചതിന് വിപരീതമാണ് പിച്ചിൽ നിന്ന് ലഭിച്ചത്. വിജയത്തേപ്പറ്റി കെഎൽ രാഹുൽ.

GBifMRbaUAAKlUW scaled

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ അനായാസമായ ഒരു വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ പേസ് ബോളർമാർക്ക് മുമ്പിൽ ദക്ഷിണാഫ്രിക്ക അടിതെറ്റി വീഴുന്നതാണ് മത്സരത്തിൽ കണ്ടത്. ഇന്ത്യക്കായി അർഷദീപ് സിംഗ് മത്സരത്തിൽ 5 വിക്കറ്റുകൾ സ്വന്തമാക്കി. ആവേഷ് ഖാൻ 4 വിക്കറ്റുകൾ നേടി അർഷദീപിന് പിന്തുണ നൽകി.

ഇതോടെ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് കേവലം 116 റൺസിൽ അവസാനിക്കുകയായിരുന്നു. ശേഷം മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി സായി സുദർശനും ശ്രേയസ് അയ്യരും മികവ് പുലർത്തി. ഇതോടെ മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കി. മത്സരത്തിലെ വിജയത്തെ സംബന്ധിച്ച് ഇന്ത്യൻ നായകൻ രാഹുൽ സംസാരിക്കുകയുണ്ടായി.

തങ്ങൾ വിചാരിച്ചതിലും ഒരുപാട് മാറ്റങ്ങൾ പിച്ചിലടക്കം ഉണ്ടായിരുന്നു എന്നാണ് രാഹുൽ പറഞ്ഞത്. “മത്സര ഫലത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്. എല്ലായിപ്പോഴും വിജയങ്ങൾ ടീമിന് നല്ലത് നൽകും. ഞങ്ങൾ പ്രതീക്ഷിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഇവിടെ കാര്യങ്ങൾ. മത്സരത്തിലേക്ക് എത്രയും പെട്ടെന്ന് സ്പിന്നർമാരെ ഉൾക്കൊള്ളിക്കാനാണ് ഞങ്ങൾ തന്ത്രം മെനഞ്ഞത്. പക്ഷേ പേസർമാർ വളരെ മികച്ച രീതിയിൽ പന്തറിഞ്ഞു. വളരെ കൃത്യതയോടെ മത്സരത്തെ സമീപിക്കാൻ താരങ്ങൾക്ക് സാധിച്ചു. ഇന്നിംഗ്സിലുടനീളം ബോൾ ചലനങ്ങൾ നടത്തിയിരുന്നു.”- രാഹുൽ പറഞ്ഞു.

“നിലവിൽ ഒരുപാട് ക്രിക്കറ്റുകൾ എല്ലാ രാജ്യങ്ങളും കളിക്കുന്നുണ്ട്. അതിനാൽ തന്നെ ചില ഫോർമാറ്റുകൾക്ക് മുൻഗണന നൽകുന്നു. ഇപ്പോൾ 20-20 ടെസ്റ്റ് മത്സരങ്ങൾക്കാണ് മുൻഗണന നൽകുന്നത്. എല്ലാ താരങ്ങളും എല്ലാ ഫോർമാറ്റിലും തങ്ങളുടെ രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ തന്നെ ശ്രമിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ താരങ്ങൾക്കും മികച്ച രീതിയിൽ അവസരങ്ങളും ലഭിക്കുന്നുണ്ട്.”- കെഎൽ രാഹുൽ പറയുകയുണ്ടായി. മത്സരത്തിൽ താരമായി തിരഞ്ഞെടുത്തത് അർഷദീപ് സിംഗിനെയായിരുന്നു. പിച്ചിൽ നിന്ന് വലിയ രീതിയിലുള്ള സഹായങ്ങൾ തനിക്ക് ലഭിച്ചിരുന്നു എന്ന് അർഷദീപ് സിംഗ് പറയുകയുണ്ടായി.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

മത്സരത്തിൽ ഇന്ത്യൻ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ബോളർമാർക്ക് വെച്ചുനീട്ടുകയായിരുന്നു ദക്ഷിണാഫ്രിക്കൻ നായകൻ മാക്രം. “ഞങ്ങളെ സംബന്ധിച്ച് പ്രയാസമേറിയ ഒരു മത്സരമായിരുന്നു. മത്സരത്തിൽ ടോസ് നേടിയ ഉടൻ തന്നെ ഞങ്ങൾ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഞങ്ങൾക്ക് അതായിരുന്നു വേണ്ടത്. മത്സരത്തിന്റെ മുഴുവൻ ക്രെഡിറ്റും ഇന്ത്യയുടെ ബോളർമാർക്ക് ഞങ്ങൾ നൽകുകയാണ്. ആദ്യ ബോൾ മുതൽ ഞങ്ങളെ പിന്നിലാക്കാൻ അവർക്ക് സാധിച്ചു. പിന്നീട് ഒരു തിരിച്ചുവരവുണ്ടായില്ല. സാധാരണഗതിയിൽ ആദ്യ 6-7 ഓവറുകളിലാണ് ബോളർമാർക്ക് ആനുകൂല്യം ലഭിക്കുന്നത്. ഇന്ന് ഒരുപാട് സമയം ബോളർമാർക്ക് പിച്ചിൽ നിന്നും മെച്ചം ലഭിച്ചു. സാഹചര്യത്തിനനുസരിച്ച് കളിക്കാൻ ഞങ്ങൾക്ക് സാധിച്ചതുമില്ല.”- മാക്രം പറഞ്ഞു.

Scroll to Top