“ജൂറൽ അടുത്ത എംഎസ് ധോണി”. വമ്പൻ പ്രശംസയുമായി ഇന്ത്യൻ ഇതിഹാസം.

converted image

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാലാം ടെസ്റ്റ്‌ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഒരു രക്ഷകന്റെ റോളിലാണ് ധ്രുവ് ജൂറൽ കളിച്ചത്. തന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം മത്സരമാണ് ജൂറൽ റാഞ്ചിയിൽ കളിക്കുന്നത്. എന്നാൽ ഒരു അരങ്ങേറ്റക്കാരന്റെ യാതൊരു ഭയവും ഇല്ലാതെയാണ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ജൂറൽ തിളങ്ങിയത്.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 383 എന്ന ആദ്യ ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ഇന്ത്യയ്ക്ക് ദുരന്ത തുടക്കമായിരുന്നു ലഭിച്ചത്. 177 റൺസ് സ്വന്തമാക്കുന്നതിനിടെ ഇന്ത്യയുടെ 7 വിക്കറ്റുകൾ നഷ്ടമായി. ഇതിന് ശേഷം മത്സരത്തിൽ കണ്ടത് ജുറൽ എന്ന ബാറ്ററുടെ മികവ് തന്നെയായിരുന്നു.

വാലറ്റ ബാറ്റർമാരെ കൂട്ടുപിടിച്ച് ജൂറൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ഇപ്പോൾ ജൂറലിന്റെ മികച്ച ഇന്നിങ്സിനെ പ്രസംഗിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.

ജുറൽ മറ്റൊരു മഹേന്ദ്ര സിംഗ് ധോണി ആവാൻ സാധ്യതയുള്ള താരമാണ് എന്ന് സുനിൽ ഗവാസ്കർ പറയുന്നു. സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കി കളിക്കാനുള്ള ജുറലിന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ടാണ് സുനിൽ ഗവാസ്കർ സംസാരിച്ചത്. മാത്രമല്ല മത്സരത്തിലെ ജുറലിന്റെ ഇന്നിങ്സിനിടെ പല സമയത്തും ധോണി ക്രീസിൽ നിൽക്കുന്നതായാണ് തനിക്ക് തോന്നിയത് എന്നും ഗവാസ്കർ പറഞ്ഞു.

ബാറ്റിംഗിൽ മാത്രമല്ല കീപ്പിങ്ങിലും ധോണിയോട് ഒരുപാട് സാമ്യം ജുറലിനുണ്ട് എന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു. ഇനിയും മുൻനിരയിലേക്ക് ഉയർന്നു വരാൻ അവന് കഴിയും എന്നാണ് ഗവാസ്കർ വിശ്വസിക്കുന്നത്.

Read Also -  ഞങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടില്ല, അവസാന മത്സരവും ജയിക്കണം : ശുഭ്മാന്‍ ഗില്‍

“തീർച്ചയായും അവൻ മത്സരത്തിൽ വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ബാറ്റിംഗിൽ മാത്രമല്ല കീപ്പിങ്ങിലും വളരെ പക്വതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ജുറലിന് സാധിച്ചിട്ടുണ്ട്. കൃത്യമായി മത്സരം മനസ്സിലാക്കിയാണ് അവൻ മുൻപോട്ട് പോകുന്നത്. ഭാവിയിലെ മഹേന്ദ്ര സിംഗ് ധോണിയായി മാറാനുള്ള എല്ലാ സാഹചര്യവും അവനുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു.”

“മറ്റൊരു മഹേന്ദ്ര സിംഗ് ധോണി ഉണ്ടാവില്ല എന്ന കാര്യം എനിക്കറിയാം. പക്ഷേ ധോണിയുടെതുപോലെ സാഹചര്യത്തിനനുസരിച്ച് പെരുമാറാൻ ജൂറലിന് സാധിക്കുന്നുണ്ട്. ധോണി മത്സരം ആരംഭിക്കുന്ന സമയത്തും ജൂറലിനെ പോലെയായിരുന്നു. ജൂറലിനും കൃത്യമായി മത്സരം മനസ്സിലാക്കാനും അതിനനുസരിച്ച് മികവ് പുലർത്താനും സാധിക്കുന്നു.”- ഗവാസ്കർ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഇന്നിംഗ്സാണ് ജൂറൽ കളിച്ചത്. ജൂറലിന്റെ മികവിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് വലിയ തോതിൽ കുറയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. കേവലം 46 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ ലീഡായി ലഭിച്ചത്.

ശേഷം രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബോളർമാർ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടുകയും ചെയ്തു. കേവലം 145 റൺസിന് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം കേവലം 192 റൺസായി മാറുകയും ചെയ്തു.

Scroll to Top