2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മികച്ച തുടക്കം തന്നെയാണ് ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ ഗുജറാത്തിനെതിരെ പരാജയപ്പെട്ടു തുടങ്ങിയ ചെന്നൈയ്ക്ക് പിന്നീടങ്ങോട്ട് വിജയങ്ങളുടെ ഘോഷയാത്രയാണ്. ഐപിഎൽ സീസണിൽ ഇതുവരെ 7 മത്സരങ്ങൾ കളിച്ച ചെന്നൈ 5 മത്സരങ്ങളിലും വിജയം കണ്ടിട്ടുണ്ട്. അനുഭവസമ്പത്തുള്ള ബോളിഗ് നിര ഇല്ലായിരുന്നിട്ട് കൂടി മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ അത്ഭുതകരമായ വിജയങ്ങളാണ് ചെന്നൈ നേടിയിട്ടുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലും ചെന്നൈ ഈ പ്രകടനം ആവർത്തിച്ചിരുന്നു. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 49 റൺസിന്റെ വിജയമാണ് ചെന്നൈ നേടിയത്. കൊൽക്കത്തയുടെ ഹോം മാച്ച് ആയിരുന്നിട്ട് കൂടി ഈഡൻ ഗാർഡൻസിൽ പൂർണമായും ചെന്നൈ ആരാധകരായിരുന്നു. ഇതേ സംബന്ധിച്ച് മത്സരശേഷം ധോണി സംസാരിക്കുകയുണ്ടായി.
ഈഡൻ ഗാർഡൻസിലെ കാണികളിൽ കൂടുതൽ പേരും തനിക്ക് യാത്രയയപ്പ് നൽകാനാണ് ഇവിടെയെത്തിയത് എന്ന് ധോണി പറയുകയുണ്ടായി. “എല്ലാവരും നൽകുന്ന പിന്തുണയ്ക്ക് വലിയ നന്ദിയുണ്ട്. ഒരുപാട് ആളുകൾ ഞങ്ങളുടെ മത്സരത്തിനായി എത്തിച്ചേർന്നിട്ടുണ്ട്. ഇവിടെയുള്ള ആളുകളിൽ കൂടുതൽ പേരും അടുത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സപ്പോർട്ട് ചെയ്യുന്നവരവും. ഈ മത്സരത്തിൽ ഇവർ എനിക്ക് ഒരു യാത്രയയപ്പ് നൽകാനാണ് ശ്രമിക്കുന്നത്. എന്തായാലും എത്തിച്ചേർന്ന എല്ലാ കാണികൾക്കും വലിയ നന്ദി.”- ധോണി പറഞ്ഞു.
ഈ സീസണോടുകൂടി ധോണി വിരമിക്കും എന്നതിനുള്ള മറ്റൊരു സൂചന കൂടിയാണ് ധോണിയുടെ ഈ വാക്കുകളിൽ നിഴലിക്കുന്നത്. മുൻപ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലും വിജയശേഷം ധോണി തന്റെ വിരമിക്കലിനെ പറ്റി സൂചന നൽകിയിരുന്നു. ‘ഇത് എന്റെ കരിയറിലെ അവസാന സമയമാണ്’ എന്നായിരുന്നു ധോണി അന്ന് മത്സരശേഷം പറഞ്ഞത്.
എന്തായാലും നായകൻ എന്ന നിലയിലും, വിക്കറ്റ് കീപ്പർ എന്ന നിലയിലും, ബാറ്റർ എന്ന നിലയിലും മികച്ച പ്രകടനങ്ങൾ തന്നെയാണ് 2023ലെ ഐപിഎല്ലിൽ മഹേന്ദ്ര സിംഗ് ധോണി കാഴ്ചവെക്കുന്നത്. തന്റെ ടീമിനെ മുൻപിൽ നിന്ന് നയിക്കാൻ എല്ലാതവണത്തെയും പോലെ ഇത്തവണയും ധോണിക്ക് സാധിക്കുന്നുണ്ട്. പേരുകേട്ട സൂപ്പർതാരങ്ങളൊക്കെയും മൈതാനത്തിന് പുറത്തിരിക്കുമ്പോഴും യുവതാരങ്ങളെ അണിനിരത്തി ഒരു കിടിലൻ ടീമാണ് ചെന്നൈയ്ക്കായി ധോണി ഇത്തവണയും കെട്ടിപ്പടുത്തത്. അതിനാൽതന്നെ 41കാരനായ ധോണി ഈ സീസണിലും വിരമിക്കരുത് എന്ന ആഗ്രഹത്തിലാണ് ചെന്നൈ ആരാധകർ.