“ധോണിയുടെ ക്രിക്കറ്റ്‌ അവസാനിച്ചു, അവൻ അത് മനസിലാക്കാൻ ശ്രമിക്കണം”- മാത്യു ഹെയ്ഡൻ.

ഡൽഹിയ്ക്കെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻനായകനായ മഹേന്ദ്ര സിംഗ് ധോണി പൂർണമായും പതറുന്നതാണ് കണ്ടത്. മത്സരത്തിൽ ഏഴാമനായി ക്രീസിലെത്തിയ ധോണിയ്ക്ക് യാതൊരു തരത്തിലും തന്റെ ഫിനിഷിംഗ് കഴിവുകൾ പുറത്തെടുക്കാൻ സാധിച്ചില്ല. മത്സരം അവസാനിക്കുമ്പോൾ 26 പന്തുകളിൽ 30 റൺസ് നേടിയ ധോണി പുറത്താവാതെ നിന്നു

പക്ഷേ കേവലം ഒരു ബൗണ്ടറിയും ഒരു സിക്സറും മാത്രമാണ് ധോണിയ്ക്ക് മത്സരത്തിൽ നേടാൻ സാധിച്ചത്. ഇതോടെ 25 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സ് പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇതിന് ശേഷം ധോണിയ്ക്കെതിരെ വലിയ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓപ്പണറായ മാത്യു ഹെയ്ഡൻ.

മഹേന്ദ്ര സിംഗ് ധോണി മൈതാനത്തുനിന്ന് വിട്ടുനിൽക്കേണ്ട സമയമായി എന്നാണ് ഹെയ്ഡൻ പറയുന്നത്. ധോണിയുടെ മത്സരം അവസാനിച്ചെന്നും അത് മനസ്സിലാക്കാൻ ധോണി തയ്യാറാവണമെന്നും ഹെയ്ഡൻ കൂട്ടിച്ചേർക്കുകയുണ്ടായി. മത്സരത്തിനിടെ കമന്ററി ബോക്സിൽ ഇരുന്നാണ് ഈ പ്രസ്താവന നടത്തിയത്. “ഈ മത്സരത്തിന് ശേഷം നമുക്കൊപ്പം കമന്റ്ററി ബോക്സിലേക്ക് എത്താൻ മഹേന്ദ്ര സിംഗ് ധോണി തയ്യാറാവണം. കാരണം അവന്റെ ക്രിക്കറ്റ് ജീവിതം നഷ്ടമാവുകയാണ് ചെയ്യുന്നത്.”- ഹെയ്ഡൻ പറയുകയുണ്ടായി.

“ധോണിയെ സംബന്ധിച്ച് ക്രിക്കറ്റ് അവസാനിച്ചിരിക്കുന്നു. ആ സത്യം അവൻ മനസ്സിലാക്കണം. അല്ലാത്തപക്ഷം ചെന്നൈ സൂപ്പർ കിംഗ്‌സും ഈ സീസണിൽ ഒരുപാട് പ്രശ്നങ്ങൾ ഏറ്റുവാങ്ങും.”- ഹെയ്ഡൻ കൂട്ടിച്ചേർത്തു. 5 തവണ ചെന്നൈ സൂപ്പർ കിങ്സിന് കിരീടം നൽകിയ ക്യാപ്റ്റനാണ് മഹേന്ദ്ര സിംഗ് ധോണി. പക്ഷേ നിലവിൽ തന്റെ ബാറ്റിംഗ് പൊസിഷനിന്റെ പേരിൽ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതും ധോണി തന്നെയാണ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്നെതിരായ മത്സരത്തിൽ ഒമ്പതാം നമ്പറിലായിരുന്നു ധോണി ക്രീസിലെത്തിയത്. യാതൊരു തരത്തിലും കഴിഞ്ഞ മത്സരങ്ങളിൽ ചലനം ഉണ്ടാക്കാൻ ധോണിയ്ക്ക് സാധിച്ചതുമില്ല.

2025 ഐപിഎല്ലിൽ ഇതുവരെ അത്ര മികച്ച പ്രകടനങ്ങളല്ല ധോണി കാഴ്ചവെച്ചത്. മുംബൈയ്ക്കെതിരായ മത്സരത്തിൽ റൺസ് ഒന്നും നേടാതെ ധോണി നിന്നു. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 30 റൺസ് നേടിയ ധോണി നോട്ടൗട്ട് ആയി നിൽക്കുകയായിരുന്നു. പക്ഷേ മത്സരത്തിൽ ചെന്നൈ പരാജയപ്പെട്ടു. ശേഷം രാജസ്ഥനെതിരായ മത്സരത്തിലും 16 റൺസ് മാത്രമാണ് ധോണിയ്ക്ക് നേടാൻ സാധിച്ചത്. ടീമിനെ വിജയിപ്പിക്കുന്നതിൽ ധോണി വീണ്ടും പരാജയം ആവുകയായിരുന്നു. ശേഷമാണ് ഇപ്പോൾ ഡൽഹിയ്ക്കെതിരെ 30 റൺസ് നേടിയത്. ഇതോടെ ധോണിയുടെ ഭാവിയെ സംബന്ധിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമായിട്ടുണ്ട്.