ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തലപ്പത്തു നിൽക്കുന്നവരുടെ പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റല്‍സിനു വിജയം. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 3 വിക്കറ്റിന്‍റെ വിജയമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നേടിയത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണ് നേടിയത്. 43 പന്തിൽ 55 റൺസെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈയുടെ ടോപ് സ്കോറർ. 137 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി രണ്ട് പന്ത് ബാക്കി നിൽക്കെയാണ് വിജയത്തിലെത്തിയത്.
മത്സരത്തില്‍ 150നോടടുത്തുള്ള സ്‌കോറാണ് തങ്ങള്‍ ലക്ഷ്യം വച്ചതെന്നും അവസാന ഓവറുകളില്‍ ബാറ്റര്‍മാര്‍ക്ക് വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ധോണി മത്സരത്തിനു ശേഷം പറഞ്ഞു. മത്സരത്തിൽ 27 പന്തുകളിൽ നിന്ന് 18 റൺസ് മാത്രമാണ് ധോണിക്ക് നേടാനായത്. ഒരു ബൗണ്ടറി പോലും ഇന്നിംഗ്സിൽ ഉണ്ടായിരുന്നില്ല.
” 150നോടടുത്ത സ്‌കോറാണ് ഞങ്ങള്‍ ലക്ഷ്യം വച്ചത്. കുറച്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതിനു ശേഷം 15-16 ഓവര്‍ ആയപ്പോഴേക്കും പ്ലാറ്റ്‌ഫോം ആയിക്കഴിഞ്ഞിരുന്നു. പക്ഷേ, ഞങ്ങള്‍ക്ക് സ്‌കോര്‍ ഉയര്‍ത്താനായില്ല. പിച്ചില്‍ ബാറ്റിംഗ് ദുഷ്‌കരമായിരുന്നു. 150നോടടുത്ത സ്‌കോര്‍ മികച്ചതായേനെ. കളി പുരോഗമിക്കെ വേഗം കുറഞ്ഞ പിച്ച് ആയിരുന്നില്ല. ഷോട്ടുകള്‍ കളിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടായി. ഡല്‍ഹി ബാറ്റര്‍മാര്‍ക്കും ഈ പ്രതിസന്ധി ഉണ്ടായി. ” മത്സരത്തിനു ശേഷം മഹേന്ദ്ര സിങ്ങ് ധോണി പറഞ്ഞു.
വിജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് 20 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് എത്തി. 18 പോയിന്‍റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ അടുത്ത മത്സരം പഞ്ചാബിനെതിരെയാണ്.