ഇന്ത്യയുടെ ഉപദേശക സ്ഥാനം – ധോണിയുടെ സേവനം പ്രതിഫലം വാങ്ങാതെ

വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മെന്‍ററാവുന്ന മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണി ഉപദേഷ്ടാവാവുന്നത് പ്രതിഫലം വാങ്ങാതെയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും അറിയിച്ചു. ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപന വേളയിലാണ് ധോണിയെ മെന്‍ററാക്കിയ കാര്യം അറിയിച്ചത്.

ഗാംഗുലിയും ഇക്കാര്യം ചൊവ്വാഴ്ച പിടിഐയോട് പറഞ്ഞു. ഇന്ത്യൻ ടീമിന്റെ ഉപദേശകനായിരിക്കാൻ ധോണി പ്രതിഫലം ഒന്നും ഈടാക്കില്ലെന്നും ഗാംഗുലി പറഞ്ഞു. മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിദ്ധ്യം ലോകകപ്പില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ഇന്ത്യയുടെ കൂടെയും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കൂടെയും ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനമാണ് ധോണി പുറത്തെടുത്തിരുന്നതെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുന്‍പ് വ്യക്തമാക്കിയിരുന്നു

2013 നു ശേഷം ഇന്ത്യ ഐസിസി കിരീടങ്ങളൊന്നും നേടിയട്ടില്ലാ. ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ 2007, 2011 ലോകകപ്പുകള്‍ നേടുന്നത്. 2013 ല്‍ ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കി. രാജ്യാന്തര ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ ഇന്ത്യന്‍ സ്വാതന്ത്ര ദിനത്തിന്‍റെ അന്നാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

“എന്റെ തീരുമാനത്തിൽ അദ്ദേഹത്തിന് കുഴപ്പമുണ്ടായിരുന്നില്ല. ടി 20 ലോകകപ്പിന് വേണ്ടി മാത്രമായി ടീം ഇന്ത്യയുടെ ടീം മെന്റർ ആകാൻ സമ്മതിച്ചു. ധോണി ബിസിസിഐയുടെ ഓഫർ സ്വീകരിച്ചതിൽ സന്തോഷമുണ്ട്, ദേശീയ ടീമിലേക്ക് ഒരിക്കൽ കൂടി സംഭാവന നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ടീം ഇന്ത്യയ്ക്ക് പിന്തുണയും മാർഗനിർദേശവും നൽകാൻ എംഎസ് ധോണി രവി ശാസ്ത്രിക്കും മറ്റ് സപ്പോർട്ട് സ്റ്റാഫുകൾക്കും ഒപ്പം പ്രവർത്തിക്കും, ”ഷാ പറഞ്ഞു.

ഒക്ടോബർ 17 -ന് യോഗ്യതാ റൗണ്ടുകളോടെ ടൂർണമെന്റ് ആരംഭിക്കും. ഒക്ടോബർ 24 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Previous articleആഗ്രഹിക്കുന്നത് പോലെ എല്ലാം നടക്കുമോ :കോഹ്ലിയുടെ വേദനയിൽ ഗവാസ്ക്കർ
Next articleചില അംപയര്‍മാര്‍ ഇനി നന്നായി ഉറങ്ങും – ഏബി ഡീവില്ലേഴ്സ്.