ധോണിയെ “അൺക്യാപ്ഡ്” താരമായി ടീമിൽ കളിപ്പിക്കാൻ ചെന്നൈ. മാസ്റ്റർ തന്ത്രത്തെ എതിർത്ത് മറ്റു ടീമുകൾ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കകാലം മുതൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെ പ്രധാന താരമാണ് മഹേന്ദ്ര സിംഗ് ധോണി. 2008ൽ ചെന്നൈ ടീമിന്റെ നായകനായി സ്ഥാനമേറ്റ ധോണി ടീമിന്റെ നട്ടെല്ലായി മാറുകയുണ്ടായി. എന്നാൽ നിലവിൽ 42കാരനായ ധോണി ഐപിഎല്ലിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

2025ൽ ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലം നടക്കുന്ന സാഹചര്യത്തിലാണ് ധോണി മത്സരം അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇതിന് മുമ്പ് ഒരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. അടുത്ത സീസണിൽ മഹേന്ദ്ര സിംഗ് ധോണിയെ ടീമിൽ നിലനിർത്തുന്നതിനായി വിചിത്രമായ ഒരു നിർദ്ദേശമാണ് ചെന്നൈ സൂപ്പർ കിംഗ്സ് മുൻപിലേക്ക് വെച്ചിരിക്കുന്നത്.

ഇതുവരെ രാജ്യാന്തര മത്സരങ്ങൾ കളിക്കാത്ത താരങ്ങളുടെ “അൺക്യാപ്ഡ്” ലിസ്റ്റിൽ ധോണിയെ ഉൾപ്പെടുത്തണം എന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ് പ്രതിനിധികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി പഴയ ഐപിഎൽ നിയമം പൊടിതട്ടിയെടുക്കാൻ തയ്യാറായിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്ത്യൻ പ്രീമിയർ ലീഗ് 2008 മുതൽ 2021 വരെ കാത്തുസൂക്ഷിച്ച ഒരു നിയമമാണ് തിരിച്ചുകൊണ്ടുവരാൻ സിഎസ്കെ ശ്രമിക്കുന്നത്.ഒരു താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് 5 വർഷങ്ങൾ പിന്നിടുമ്പോൾ താരത്തെ അൺക്യാപ്ട് താരങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താം എന്നായിരുന്നു നിയമം. ഈ നിയമം തിരികെ കൊണ്ടുവന്നാൽ ധോണിയെ അൺക്യാപ്ട് താരമായി തങ്ങളുടെ ടീമിൽ ഉൾപ്പെടുത്താനാണ് ചെന്നൈ തയ്യാറാവുന്നത്.

എന്നാൽ ചെന്നൈയുടെ ഈ പദ്ധതിയെ മറ്റ് ടീമുകൾ കയ്യും മെയ്യും കൊണ്ട് എതിർക്കുകയാണ് ഉണ്ടായത്. ഹൈദരാബാദ് ഓണർ കാവ്യാ മാരൻ അടക്കമുള്ളവരാണ് ഈ നിർദ്ദേശം എതിർത്തിരിക്കുന്നത്. 2020 ഓഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ശേഷം 2022ലെ മെഗാലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് ധോണിയെ നിലനിർത്തിയിരുന്നു. അന്ന് രവീന്ദ്ര ജഡേജയ്ക്ക് പിന്നീൽ രണ്ടാമനായി ആയിരുന്നു ധോണിയെ നിലനിർത്തിയത്. 12 കോടി രൂപയാണ് ധോണിയ്ക്ക് പ്രതിഫലമായി ചെന്നൈ സൂപ്പർ കിംഗ്സ് നൽകിയത്.

പക്ഷേ ഒരു അൺക്യാപ്ട് താരത്തെ നിലനിർത്താൻ കേവലം 4 കോടി രൂപ മാത്രമാണ് ചെലവ് വരുന്നത്. ഈ തുകയ്ക്ക് ധോണിയെ ലഭിച്ചാൽ അത് ചെന്നൈയെ സംബന്ധിച്ച് വലിയ രീതിയിൽ മെച്ചമാണ്. അതിനായാണ് ഇത്തരം സൂത്രപ്പണികൾക്ക് ചെന്നൈ സൂപ്പർ കിംഗ്സ് മുതിരുന്നത്. പക്ഷേ ധോണിയെ പോലെ ഒരു താരത്തെ അൺക്യാപ്ട് താരങ്ങളുടെ പട്ടികയിൽ ഉൾപെടുത്തുന്നത് അനാദരവാണ് എന്നും, മൂല്യം ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും കാവ്യാ മാരൻ അഭിപ്രായപ്പെടുകയുണ്ടായി. അതൊരു തെറ്റായ പ്രവണതയ്ക്ക് വഴിവെക്കും എന്നാണ് കാവ്യാ മാരൻ പറയുന്നത്. ധോണിയെ ലേലത്തിനായി വിടുക എന്നതാണ് ഏറ്റവും ഉത്തമം എന്നും കാവ്യ അറിയിച്ചു.

Previous articleഈ സൂപ്പർ താരങ്ങളെ ഇന്ത്യ ട്വന്റി20യിൽ നിന്ന് ഒഴിവാക്കും. സഞ്ജുവടക്കം 4 പേർ.
Next articleപന്തോ രാഹുലോ? ഇന്ത്യയുടെ ഏകദിന ടീമിലെ വിക്കറ്റ് കീപ്പർ ആര്? രോഹിത് ശർമ പറയുന്നു.