ഓസ്ട്രേലിയക്കെതിരായ നാലാം ട്വന്റി20യിലും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ ഓപ്പൺ ഋതുരാജ് കാഴ്ചവച്ചത്. മൂന്നാം ട്വന്റി20യിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കാൻ ഋതുരാജിന് സാധിച്ചിരുന്നു. മത്സരത്തിൽ 57 പന്തുകളിൽ 123 റൺസായിരുന്നു ഋതുരാജ് സ്വന്തമാക്കിയത്. ഇന്നിംഗ്സിന്റെ ആദ്യ 21 പന്തുകളിൽ 21 റൺസ് മാത്രമായിരുന്നു ഋതുവിന് നേടാൻ സാധിച്ചത്. ശേഷം അടുത്ത 36 പന്തുകളിൽ 102 റൺസ് സ്വന്തമാക്കാൻ ഋതുവിന് സാധിച്ചു.
നാലാം ട്വന്റി20യിൽ 28 പന്തുകളിൽ 32 റൺസാണ് ഋതുരാജ് നേടിയത്. ഇത്തരത്തിൽ തനിക്ക് ബാറ്റിംഗിൽ മികവ് പുലർത്താൻ പ്രധാന മാതൃകയായിട്ടുള്ളത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് എന്ന് ഋതുരാജ് പറയുകയുണ്ടായി. സാഹചര്യത്തിനനുസരിച്ച് എങ്ങനെ കളിക്കണമെന്ന കാര്യം ധോണിയിൽ നിന്നാണ് താൻ പഠിച്ചത് എന്നാണ് ഋതു പറയുന്നത്.
“തീർച്ചയായിട്ടും ഇത്തരത്തിൽ ഞാൻ ബാറ്റ് ചെയ്യാൻ പഠിച്ചത് ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്നാണ്. എന്തെന്നാൽ മത്സരങ്ങളിലെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിൽ മഹി ഭായിക്ക് പ്രത്യേക കഴിവുണ്ട്. മത്സരം കൃത്യമായി മനസ്സിലാക്കാനും അത് എങ്ങനെ മുൻപോട്ടു പോകുമെന്ന് കൃത്യമായി പ്രവചിക്കാനും അദ്ദേഹത്തിന് സാധിക്കാറുണ്ട്. ടീം ഒരു പ്രത്യേക സാഹചര്യത്തിൽ എത്ര സ്കോർ സ്വന്തമാക്കണമെന്ന് കൃത്യമായ സന്ദേശം എല്ലായിപ്പോഴും മഹി ഭായ് അയക്കാറുണ്ട്. വ്യത്യസ്ത സാഹചര്യത്തിൽ ടീമിന് എന്താണ് ആവശ്യമെന്നും എങ്ങനെ ഒരു ബാറ്റർ പെരുമാറണമെന്നും അദ്ദേഹത്തിന് അറിയാം. ഒരു പ്രത്യേക ഓവറിൽ ഏതുതരത്തിൽ ബോളിങ്ങിനെ നേരിടണമെന്നും അദ്ദേഹം പറയാറുണ്ട്. ഈ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് കളിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതുതന്നെ ഞാൻ തുടരുകയും ചെയ്യും.”- ഋതുരാജ് പറഞ്ഞു.
മൂന്നാം ട്വന്റി20യിലെ ഋതുരാജിന്റെ ഇന്നിംഗ്സിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും സംസാരിക്കുകയുണ്ടായി. “മത്സരത്തിലെ ആദ്യ 22 പന്തുകളിൽ 22 റൺസ് മാത്രമായിരുന്നു ഋതുരാജ് നേടിയത്. ആ സമയത്ത് ഞാൻ കരുതിയത് ഋതുരാജിന് എന്തോ സംഭവിച്ചു എന്നാണ്. ശേഷം ഒരു പുനർനിർമാണത്തിനാണ് ഇന്ത്യ ശ്രമിച്ചത്. സൂര്യകുമാർ യാദവ് കൃത്യമായ രീതിയിൽ റൺസ് കണ്ടെത്തിയിരുന്നു. ഋതുരാജ് ക്രീസിൽ അല്പം സമയം ചിലവഴിക്കുകയാണ് ചെയ്തത്. 210-220 റൺസായിരുന്നു ഇന്ത്യയ്ക്ക് ആവശ്യം. അതിന് താഴെ ഒരു റൺസിനായി ഇന്ത്യ ശ്രമിച്ചത് പോലുമില്ല.”- ആകാശ് ചോപ്ര പറഞ്ഞു.
“അതിന് ശേഷം മത്സരത്തിൽ ഋതുരാജ് തന്റെ ഗിയർ ചേഞ്ച് ചെയ്തു. ഇത്തരം ഒരു ടെക്നിക്ക് പല കളിക്കാരും ഉപയോഗിക്കാറില്ല. മത്സരത്തിൽ പിന്നീട് വളരെ അവിശ്വസനീയമായ രീതിയിൽ ബാറ്റ് ചെയ്യാൻ ഋതുരാജിന് സാധിച്ചു. അവിശ്വസനീയം തന്നെയായിരുന്നു അയാളുടെ ആ 123 റൺസ്.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു. നിലവിൽ പരമ്പര 3-1 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 7 മണിക്കാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അവസാന ട്വന്റി20 മത്സരം നടക്കുന്നത്.