ലോകക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ ക്യാപ്റ്റൻമാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ബാറ്റർമാരും ബോളർമാരും പരാജയപ്പെട്ട മത്സരങ്ങളിൽ പോലും ധോണിയുടെ ചാണക്യതന്ത്രം മൂലം ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇപ്പോൾ ധോണിയെ വാനോളം പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് യുവ താരമായ വെങ്കിടേഷ് അയ്യർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന മത്സരത്തിനിടയിൽ ചില അത്ഭുതകരമായ നീക്കങ്ങളെ പ്രശംസിച്ചാണ് വെങ്കിടേഷ് അയ്യർ രംഗത്തെത്തിയിരിക്കുന്നത്. ധോണിയുടെ ഫീൽഡിലെ ചില മാറ്റങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും, അതേപ്പറ്റി ധോണിയുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും വെങ്കിടേഷ് അയ്യർ പറയുന്നു.
“ഈ വർഷം ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. ഞാൻ ഷോർട് തേർഡ്മാന് മുകളിലൂടെ ഒരു ഷോട്ടിന് ശ്രമിക്കുകയും, ക്യാച്ച് നൽകി പുറത്താകുകയും ചെയ്തിരുന്നു. എന്നാൽ പുറത്തായതിനു ശേഷം ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. യഥാർത്ഥത്തിൽ ആ ഫീൽഡർ നിൽക്കേണ്ട പൊസിഷനിൽ ആയിരുന്നില്ല നിന്നിരുന്നത്. തെറ്റായ പൊസിഷനിലാണ് ധോണി ആ ഫീൽഡറെ നിർത്തിയത്. ശരിക്കും കുറച്ചുകൂടി വലതുവശത്ത് ആയിരുന്നു ആ ഫീൽഡർ നിൽക്കേണ്ടിയിരുന്നത്. ഇതു മനസ്സിലാക്കിയ സമയത്ത് എനിക്ക് അത്ഭുതമാണ് തോന്നിയത്.”- വെങ്കിടേഷ് പറയുന്നു.
“ആ മത്സരം കഴിഞ്ഞതിനുശേഷം ഞാൻ മഹേന്ദ്ര സിംഗ് ധോണിയുടെ അടുത്ത് ചെല്ലുകയും ഇക്കാര്യം സംസാരിക്കുകയും ചെയ്തു. ഭായ്, എന്തിനായിരുന്നു ഫീൽഡിങ്ങിൽ അങ്ങനെ ഒരു മാറ്റം വരുത്തിയത് എന്നാണ് ഞാൻ ചോദിച്ചത്. അപ്പോൾ ധോണി പറഞ്ഞ മറുപടി രസകരമായിരുന്നു. ബാറ്റിൽ നിന്ന് ബോൾ ലീവ് ചെയ്യുന്ന രീതി കണ്ടപ്പോൾ ആ ഫീൽഡറെ അഡ്ജസ്റ്റ് ചെയ്ത് നിർത്തണമെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. ഇത് കേട്ടതോടെ എനിക്ക് അത്ഭുതമായി. അത്തരത്തിൽ ഒരു കാരണവശാലും ഞാൻ ചിന്തിച്ചിരുന്നില്ല.”- വെങ്കിടേഷ് കൂട്ടിച്ചേർത്തു.
“ധോണിയെ പോലെ ആ നിമിഷത്തിൽ അത്രവേഗത്തിൽ ചിന്തിച്ച് ഇങ്ങനെ ഒരു തീരുമാനമെടുക്കുക എന്നത് എളുപ്പമല്ല. ഇങ്ങനെ തീരുമാനങ്ങൾ എടുക്കുമ്പോൾ ആംഗിളുകൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ക്രിക്കറ്റിൽ ആംഗിളുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇത്തരത്തിൽ ആംഗിളുകൾ വായിച്ചെടുക്കാൻ സാധിക്കുന്നതാണ് എന്നെ സംബന്ധിച്ച് മഹേന്ദ്ര സിംഗ് ധോണിയുടെ കരുത്ത്.”- വെങ്കിടേഷ് അയ്യർ കൂട്ടിച്ചേർത്തു. മുൻപും മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസി മികവിനെപ്പറ്റി സംസാരിച്ചുകൊണ്ട് പല ക്രിക്കറ്റർമാരും രംഗത്ത് വരികയുണ്ടായി.