പ്രഥമ 20-20 ലോകകപ്പിൽ കിരീടം നേടിയാണ് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി ജൈത്രയാത്ര തുടങ്ങിയത്. ധോണിയുടെ ക്യാപ്റ്റൻസി കരിയറിലെ ആദ്യത്തെ പൊൻതൂവൽ ആയിരുന്നു ഇത്. ചിരവൈരികളായ പാക്കിസ്ഥാനെ കലാശ പോരാട്ടത്തിൽ തോൽപ്പിച്ചു കൊണ്ടായിരുന്നു ഇന്ത്യ അന്ന് കിരീടം ഉയർത്തിയത്. ഇന്നും ലോകം മറക്കാത്ത കാര്യമാണ് ലോകകപ്പ് ഫൈനലിലെ അവസാന ഓവറിലെ ധോണിയുടെ മാസ്റ്റർ സ്ട്രോക്ക്.
വിജയത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന പാക്കിസ്ഥാനെതിരെ പന്ത് എറിയുവാൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവസാന ഓവർ അദ്ദേഹം ജോഗീന്തർ ശർമയെ ഏൽപ്പിക്കുകയായിരുന്നു. 5 റൺസിന്റെ നാടകീയ വിജയം പാക് നായകൻ മിസ്ബാഹുൽ ഹക്കിനെ പുറത്താക്കി അദ്ദേഹം സമ്മാനിക്കുകയും ചെയ്തു. ഇപ്പോൾ ഇതാ അന്ന് ധോണിക്ക് ഒരു കണക്കുകൂട്ടൽ തെറ്റിയിരുന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അന്ന് ടീമിൽ ഉണ്ടായിരുന്ന ഫാസ്റ്റ് ബൗളർ ആർ.പി സിങ്.
“ഇരുപതാം ഓവർ അല്ല 20-20 മത്സരത്തിൽ പ്രധാനം. അതിന് മുൻപ് ഉള്ള 17,18,19 എന്നീ ഓവറുകൾ ആണ് ഏറ്റവും പ്രധാനം എന്നാണ് ധോണി വിശ്വസിച്ചിരുന്നത്. മികച്ച ബാറ്റിംഗ് ആയിരുന്നു അന്ന് ഫൈനലിൽ മിസ്ബാഹുൽ ഹഖ് കാഴ്ചവച്ചത്. പതിനേഴാം ഓവർ സാധാരണയായി ഹർഭജൻ സിംഗ് ആയിരുന്നു ചെയ്തിരുന്നത്. ടീമിന് ബ്രേക്ക് ത്രൂ ഭൂരിഭാഗം സമയങ്ങളിലും നൽകുകയും ചെയ്തു. പക്ഷേ അന്ന് ഒരു പ്രത്യേക ടച്ചിൽ ആയിരുന്നു മിസ്ബാഹുൽ ഹഖ് ബാറ്റ് ചെയ്തിരുന്നത്. ഭാജി എറിഞ്ഞ 17 ആം ഓവറിൽ പാക്കിസ്ഥാൻ 19 റൺസ് നേടുകയും ചെയ്തു. അത് ധോണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച സന്ദർഭമായിരുന്നു.
അന്ന് തന്റെ നാല് ഓവർ ക്വാട്ട ഹർഭജൻ പൂർത്തിയാക്കിയിരുന്നില്ല. എനിക്ക് 19 ആം ഓവർ ബൗൾ ചെയ്യേണ്ടിവന്നു. എനിക്ക് മുൻപുള്ള ഓവർ ശ്രീശാന്തിനും എറിയേണ്ടി വന്നു. ഞങ്ങൾക്ക് മുൻപിൽ അവസാന ഓവർ ബൗൾ ചെയ്യാൻ രണ്ട് ഓപ്ഷനുകൾ ആണ് ഉള്ളത്. ഒന്നല്ലെങ്കിൽ ഹർഭജൻ സിംഗ് അല്ലെങ്കിൽ ജോഗിന്ദർ ശർമ. മിസ്ബ അപ്പോൾ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. ഇടംകയ്യൻ ബാറ്റ്സ്മാൻ ആണ് ക്രീസിൽ ഉണ്ടായിരുന്നതെങ്കിൽ ഹർഭജൻ ബൗൾ ചെയ്യുമായിരുന്നു. പക്ഷേ ജോഗീന്തറിനെ ധോണി പന്ത് ഏൽപ്പിച്ചത് വലം കയ്യൻ ബാറ്റ്സ്മാൻ ആയതുകൊണ്ടാണ്.”- ആർ പി സിംഗ് വെളിപ്പെടുത്തി.