“2023 ഐപിഎല്ലിൽ കിരീടം നേടിയപ്പോൾ ധോണി വിരമിക്കണമായിരുന്നു. ഇപ്പോൾ സ്വയം പേര് കളയുന്നു”- മനോജ്‌ തിവാരി.

പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിൽ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി കാഴ്ചവച്ചത്. മത്സരത്തിൽ നിർണായക സമയത്ത് ക്രീസിലെത്തിയിട്ടും 26 പന്തുകളിൽ 30 റൺസ് മാത്രമാണ് ധോണിയ്ക്ക് നേടാൻ സാധിച്ചത്. ഇത് ചെന്നൈയുടെ പരാജയത്തിൽ വലിയ പങ്കുവഹിച്ചു. ഇതിനുശേഷം ധോണിയ്ക്കെതിരെ വലിയ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. 2023 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് വിജയം സ്വന്തമാക്കിയ സമയത്ത് തന്നെ ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിക്കേണ്ടിയിരുന്നു എന്നാണ് മനോജ് തിവാരി പറയുന്നത്.

എന്നാൽ വീണ്ടും ഐപിഎൽ കളിച്ച് തന്റെ ആരാധകരുടെ ബഹുമാനം ധോണി ഇല്ലാതാക്കുകയാണ് എന്നും മനോജ് തിവാരി കൂട്ടിച്ചേർക്കുകയുണ്ടായി. മുൻപ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ നട്ടെല്ലായിരുന്ന ധോണിയ്ക്ക് ഈ സീസണിൽ ഇതുവരെയും ഇമ്പാക്ട് ഉള്ള ഒരു ഇന്നിംഗ്സ് പോലും കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല.

ഇതുവരെ 4 മത്സരങ്ങളിൽ നിന്ന് 76 റൺസ് ധോണി സ്വന്തമാക്കിയെങ്കിലും, എല്ലാ മത്സരങ്ങളിലും ചെന്നൈയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ശേഷമാണ് ഇപ്പോൾ മനോജ് തിവാരി ഇത്തരം ഒരു പ്രസ്താവനയുമായി രംഗത്ത് എത്തിയത്. ഇപ്പോൾ ധോണിയുടെ ആരാധകർ തന്നെ താരത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ടെന്നും അത് ശുഭ സൂചനയല്ല എന്നും തിവാരി കൂട്ടിച്ചേർക്കുകയുണ്ടായി.

“എന്നെ സംബന്ധിച്ച് 2023 ഐപിഎൽ ആയിരുന്നു ധോണിക്ക് വിരമിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. അന്ന് ചെന്നൈ സൂപ്പർ കിംഗ്സിന് ഐപിഎൽ കിരീടം ലഭിക്കുകയുണ്ടായി. ആ സമയത്ത് തന്നെ ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിക്കേണ്ടിയിരുന്നു. അങ്ങനെയെങ്കിൽ ക്രിക്കറ്റിൽ നിന്ന് താൻ ഉണ്ടാക്കിയെടുത്ത എല്ലാ ബഹുമാനവും പേരും നിലനിർത്തി ധോണിയ്ക്ക് മൈതാനത്തോട് വിട പറയാൻ സാധിക്കുമായിരുന്നു. പക്ഷേ അവസാന 2 വർഷത്തിൽ ധോണിയ്ക്ക് തന്റെ പ്രതാപത്തിനൊത്ത പ്രകടനങ്ങൾ കാഴ്ചവയ്ക്കാനോ ആരാധകരെ തൃപ്തിപ്പെടുത്താനോ സാധിക്കുന്നില്ല.”- തിവാരി പറഞ്ഞു.

“ഈ രീതിയിൽ ധോണിയെ കാണാൻ അദ്ദേഹത്തിന്റെ ആരാധകർ പോലും തയ്യാറാവുന്നില്ല എന്നതാണ് വസ്തുത. ധോണിയിൽ ഉണ്ടായിരുന്ന സ്പാർക്ക് ഇതിനോടകം തന്നെ നഷ്ടമായി കഴിഞ്ഞു. വർഷങ്ങളായി തന്റെ ആരാധകർക്കിടയിൽ ധോണി ഉണ്ടാക്കിയെടുത്ത ആ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ചെന്നൈ ആരാധകർ അത്രമാത്രം കരുതലോടെയാണ് ധോണിയെ കണ്ടിരുന്നത്. കഴിഞ്ഞ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതോടെ ചെന്നൈ ആരാധകർ തിരികെ പോകുന്ന വഴി അഭിമുഖങ്ങൾ നൽകുകയുണ്ടായി. അതൊക്കെയും ധോണിക്കെതിരാണ്.”- തിവാരി കൂട്ടിച്ചേർത്തു.