ചെന്നൈയ്ക്കെതിരായ മത്സരത്തിൽ 50 റൺസിന്റെ വിജയം സ്വന്തമാക്കിയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ചരിത്രം സൃഷ്ടിച്ചത്. മത്സരത്തിൽ 197 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈയുടെ ഇന്നിങ്സ് 146 റൺസിൽ അവസാനിക്കുകയായിരുന്നു. ചെന്നൈ തങ്ങളുടെ നാട്ടിൽ ഏറ്റുവാങ്ങുന്ന ഏറ്റവും വലിയ പരാജയമാണ് മത്സരത്തിൽ ഉണ്ടായത്. മത്സരത്തിൽ ഒമ്പതാം നമ്പറിലായിരുന്നു ചെന്നൈയുടെ മുൻനായകൻ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് ക്രീസിൽ എത്തിയത്. ടീം പരാജയം നേരിടുമെന്ന് ഉറപ്പിച്ച ശേഷമായിരുന്നു ധോണിയുടെ മൈതാനത്തേക്കുള്ള എൻട്രി. മത്സരത്തിൽ 16 പന്തുകളിൽ 30 റൺസാണ് ധോണി സ്വന്തമാക്കിയത്. 3 ബൗണ്ടറികളും 2 സിക്സറുകളും ധോണിയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു.
എന്നാൽ ഒൻപതാം നമ്പരിൽ എത്താനുള്ള ധോണിയുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്തതാണ് മുൻ ഇന്ത്യൻ തരം ആകാശ് ചോപ്ര സംസാരിച്ചത്. ധോണി അല്പം കൂടി മുൻപേ ബാറ്റിങ്ങിനായി മൈതാനത്ത് എത്തേണ്ടതായിരുന്നു എന്ന് ആകാശ് വിമർശിക്കുകയുണ്ടായി. “ഇപ്പോഴും 17 മുതൽ 20 വരെയുള്ള ഓവറുകളിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കിയ താരം മഹേന്ദ്ര സിംഗ് ധോണിയാണ്. അതുകൊണ്ടു തന്നെ ബാറ്റിംഗ് ഓർഡറിൽ അത്ര താമസിച്ച് ധോണി മൈതാനത്ത് എത്താൻ പാടില്ലായിരുന്നു. തങ്ങളുടെ ടീം 197 റൺസ് ആയിരുന്നു ചെയ്സ് ചെയ്തത്. അതുകൊണ്ടു തന്നെ അവസാന ഓവറുകളിലെ ഏറ്റവുമധികം പന്തുകൾ നേരിടേണ്ടിത് ധോണിയെ പോലെയുള്ള താരങ്ങളാണ്.”- ചോപ്ര പറയുന്നു.
“ധോണി മൈതാനത്ത് എത്തിയ സമയത്ത് ചെന്നൈയുടെ കൈയിൽനിന്ന് മത്സരം പൂർണമായും നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല രവിചന്ദ്രൻ അശ്വിൻ ധോണിയെക്കാൾ മുൻപ് ബാറ്റിംഗ് ചെയ്തു. എത്ര റൺസ് എത്ര ബോളിൽ വേണമെന്ന് കൃത്യമായി മനസ്സിലാക്കി ധോണി കുറച്ചുകൂടി നേരത്തെ ക്രീസിലെത്തേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ ഒരുപക്ഷേ മത്സരത്തിൽ മറ്റൊരു ഫലം ഉണ്ടായേനെ.”- ആകാശ് ചോപ്ര പറയുകയുണ്ടായി. ഇതേ അഭിപ്രായം തന്നെയാണ് മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്നയും പങ്കുവെച്ചത്. ധോണി അശ്വിന് മുൻപ് എത്തേണ്ട താരമാണെന്നും ഒമ്പതാം നമ്പരിൽ ബാറ്റ് ചെയ്യേണ്ട കളിക്കാരനല്ല എന്നും റെയ്ന പറഞ്ഞു.
ഇത്തരത്തിൽ ധോണി ഡ്രസ്സിംഗ് റൂമിൽ തന്നെ കാത്തിരിക്കേണ്ട ആവശ്യകതയെ പറ്റിയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ സംസാരിച്ചത്. ഇത്തരമൊരു തീരുമാനം യാതൊരു തരത്തിലും ചെന്നൈയ്ക്ക് ഗുണം ചെയ്യില്ല എന്നാണ് ബംഗാറിന്റെ വിലയിരുത്തൽ. “ഈ ബാറ്റിംഗ് പൊസിഷനിൽ ധോണി മൈതാനത്ത് എത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ല. ഇതിൽ മാറ്റം ഉണ്ടാവണം”- ബംഗാർ പറഞ്ഞു. വരും മത്സരങ്ങളിൽ ധോണി ബാറ്റിംഗ് പൊസിഷനിൽ കുറച്ചുകൂടി മുൻപ് ക്രീസിലെത്തും എന്നാണ് കരുതുന്നത്.