ഇന്ത്യൻ ക്രിക്കറ്റിൽ ധോണി നൽകിയ ഇമ്പാക്ട് മാറ്റിവയ്ക്കാൻ പറ്റാത്തതാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വലിയ രീതിയിൽ സ്വാധീനിച്ച വ്യക്തിത്വം തന്നെയാണ് മഹേന്ദ്ര സിംഗ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ഐപിഎല്ലിൽ ധോണി അജയ്യനായി തന്നെ നിൽക്കുന്നു. 2023 ഇന്ത്യൻ പ്രീമിയർ ലീഗിനും ചെന്നൈ സൂപ്പർ കിംഗ്സിന് കിരീടം നേടിക്കൊടുത്ത് ധോണി തന്റെ വീര്യം കാട്ടുകയുണ്ടായി. എന്നാൽ ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ് ധോണി ചെന്നൈ ടീമിൽ കളിക്കുന്നത് എന്നാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് പറയുന്നത്. ഇപ്പോഴത്തെ ധോണിയുടെ ശാരീരിക ക്ഷമത കണക്കിലെടുത്താണ് സേവാഗിന്റെ അഭിപ്രായം.
“ഒരു ക്രിക്കറ്റർ ഫിറ്റാണെങ്കിൽ അയാൾക്ക് 40 വയസ്സിലും കളിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഈ വർഷം ധോണി ഒരുപാട് മത്സരങ്ങളിൽ ബാറ്റ് ചെയ്തിട്ടില്ല. അയാളുടെ കാൽമുട്ടിന് പരിക്ക് ബാധിച്ചിട്ടുണ്ട്. പക്ഷേ അത് വഷളാകാൻ ധോണി സമ്മതിക്കുന്നില്ല. പല മത്സരങ്ങളിലും അവസാനത്തെ ഓവറുകളിലാണ് ധോണി ക്രീസിലെത്തുന്നത്. എന്റെ കണക്ക് ശരിയാണെങ്കിൽ ഈ സീസണിൽ കേവലം 40 മുതൽ 50 വരെയുള്ള ബോളുകൾ മാത്രമായിരിക്കും ധോണി നേരിട്ടിട്ടുള്ളത്.”- സേവാഗ് പറയുന്നു.
“ഒരു ക്യാപ്റ്റൻ എന്ന നിലയിൽ മാത്രമാണ് ധോണി ഇപ്പോൾ ചെന്നൈ ടീമിൽ കളിക്കുന്നത്. ധോണിക്ക് ഇമ്പാക്ട് പ്ലെയർ നിയമം ബാധകമല്ല. കാരണം നായകൻ എന്ന നിലയിൽ ധോണി മുഴുവൻ സമയവും ഗ്രൗണ്ടിൽ തുടരേണ്ടതുണ്ട്. ഫീൽഡ് ചെയ്യാൻ പറ്റാത്ത, അല്ലെങ്കിൽ ബാറ്റ് ചെയ്യാത്ത ഒരാൾക്കാണ് ഇമ്പാക്ട് പ്ലെയർ നിയമം കണക്കിൽ വരുന്നത്. ധോണിക്ക് പക്ഷേ 20 ഓവറുകളും ഫീൽഡ് ചെയ്യേണ്ടതുണ്ട്. ഒരുപക്ഷേ നായകൻ അല്ലെങ്കിൽ ധോണി ഇമ്പാക്ട് പ്ലെയറായി പോലും കളിക്കില്ല.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.
“ഒരുപക്ഷേ ധോണിക്ക് ഫീൽഡ് ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ നമുക്ക് അയാളെ ഉപദേശകനായോ പരിശീലകനായോ അല്ലാത്തപക്ഷം ക്രിക്കറ്റ് ഡയറക്ടറായോ കാണാൻ സാധിച്ചേക്കും.”- സേവാഗ് പറയുന്നു. ഇത്തവണത്തെ ഐപിഎല്ലിൽ ഒരുപാട് പന്തുകൾ നേരിട്ടില്ലെങ്കിലും കളിച്ച ഇന്നീങ്‌സുകളിലൊക്കെയും ആരാധകരെ തൃപ്തിപ്പെടുത്തിയാണ് ധോണി മടങ്ങിയിട്ടുള്ളത്. മാത്രമല്ല മൈതാനത്ത് ധോണി ഉണ്ടാക്കിയിരിക്കുന്ന ആവേശമാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിജയത്തിൽ പ്രധാന പങ്കായി മാറിയത്.