“ഐസിസി ട്രോഫികൾ നേടുക എന്നത് അനായാസകാര്യമല്ല, എന്നാൽ ധോണി അത് അനായാസമാക്കി മാറ്റി” ശാസ്ത്രി പറയുന്നു

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലും പരാജയമറിഞ്ഞതോടെ ഇന്ത്യൻ ടീമിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടുകയുണ്ടായി. പലരും ഇന്ത്യയുടെ നോക്കൗട്ട് മത്സരങ്ങളിലെ മോശം പ്രകടനങ്ങളെ വിമർശിച്ചാണ് രംഗത്ത് വന്നത്. പല ടൂർണമെന്റ്കളിലും ഇന്ത്യ പ്രതീക്ഷ നൽകുന്ന തുടക്കം തന്നെയാണ് വയ്ക്കാറുള്ളത്. എന്നാൽ സമീപസമയങ്ങളിലൊക്കെയും കാണാനായത് നോക്കൗട്ട് മത്സരങ്ങളിലേക്ക് കടക്കുമ്പോൾ ഇന്ത്യയ്ക്ക് മുട്ടിടിക്കുന്നതാണ്. എന്നാൽ ഇത്തരം ഒരു പ്രതിഭാസം മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റനായിരുന്ന സമയത്ത് ഇന്ത്യൻ ടീമിൽ കണ്ടിട്ടില്ല എന്നാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി പറയുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയെ പ്രകീർത്തിച്ച് സംസാരിക്കുകയായിരുന്നു രവി ശാസ്ത്രീ. ഐസിസി ട്രോഫികൾ സ്വന്തമാക്കുക എന്നത് വളരെ അനായാസകരമായ കാര്യമല്ലെന്നും, എന്നാൽ ധോണി അത് എളുപ്പമാക്കി മാറ്റുകയായിരുന്നു എന്നുമാണ് രവി ശാസ്ത്രി പറഞ്ഞത്. സ്റ്റാർ സ്പോർട്സ് അഭിമുഖത്തിലാണ് ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.

Dhoni 1

“ഐസിസി ട്രോഫികൾ വിജയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും മഹേന്ദ്ര സിംഗ് ധോണി അത് എളുപ്പമുള്ള കാര്യമാക്കി മാറ്റുകയായിരുന്നു.”- ശാസ്ത്രി പറഞ്ഞു. 2007 ട്വന്റി20 ലോകകപ്പ് ആയിരുന്നു ധോണി ആദ്യമായി സ്വന്തമാക്കിയ ഐസിസി കിരീടം. ശേഷം 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാമ്പ്യൻസ് ട്രോഫിയും ധോണി സ്വന്തമാക്കുകയുണ്ടായി. ശേഷവും ധോണി ഒരുപാട് കിരീടങ്ങൾ ഇന്ത്യയ്ക്കായി നായകൻ എന്ന നിലയിൽ സംഭാവന ചെയ്തു. എന്നാൽ ധോണിക്ക് ശേഷം ഇന്ത്യയ്ക്ക് അത്ര മികച്ച റെക്കോർഡുകളല്ല ഐസിസി ടൂർണമെന്റ്കളിൽ ഉണ്ടാവുന്നത്.

ധോണിയെ ഒഴിച്ചു നിർത്തിയാൽ സൗരവ് ഗാംഗുലിയും കപിൽ ദേവും മാത്രമാണ് ഇന്ത്യക്കായി ഐസിസി ടൂർണമെന്റുകളിൽ വിജയം കണ്ടിട്ടുള്ളത്. കപിൽ ദേവ് 1983ൽ ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് കിരീടം നേടി കൊടുത്തു. ഗാംഗുലി 2002 ചാമ്പ്യൻസ് ട്രോഫി കിരീടവും ഇന്ത്യയ്ക്ക് സംഭാവന ചെയ്തിരുന്നു. എന്നാൽ നിലവിൽ രോഹിത് ശർമയ്ക്കോ വിരാട് കോഹ്ലിക്കോ ഇത്തരമൊരു ട്രോഫി ഇന്ത്യയിൽ എത്തിക്കാൻ സാധിച്ചില്ല. 10 വർഷങ്ങളായി ഐസിസി കിരീടങ്ങൾക്കായി കാത്തിരിക്കുന്ന ഇന്ത്യൻ ആരാധകർക്ക് വലിയ നിരാശ തന്നെയാണ് നോക്കൗട്ട് മത്സരങ്ങളിലെ ഈ പരാജയങ്ങൾ നൽകുന്നത്.

Previous articleഐപിഎല്ലിന് ശേഷം വേണ്ട സമയം ലഭിച്ചില്ല. പരാജയകാരണം വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്.
Next articleസീനിയർ താരങ്ങൾ പുറത്താവും. വമ്പൻ പ്രവചനവുമായി ഗവാസ്കർ.