2024 ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇംഗ്ലണ്ടിന് എതിരെയാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം നടക്കുന്നത്. അതിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് ടീം ഇപ്പോൾ. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനോട് സെമിഫൈനലിൽ പരാജയം ഏറ്റുവാങ്ങിയായിരുന്നു ഇന്ത്യ മടങ്ങിയത്.
എന്നാൽ ഇത്തവണ ഇതിനുള്ള പ്രതികാരം തീർക്കുക എന്ന ഉദ്ദേശം കൂടി ഇന്ത്യയ്ക്കുണ്ട്. സെമിഫൈനലിലേക്ക് കടന്നതിന് ശേഷം ഇന്ത്യയുടെ കിരീട സാധ്യതകളും വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയുടെ സെമിയിലേക്കുള്ള കടന്നുവരവ് ആരാധകർ ആഘോഷമാക്കുന്ന സമയത്ത് മഹേന്ദ്ര സിംഗ് ധോണിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് യുവരാജ് സിംഗിന്റെ പിതാവായ യോഗ്‌രാജ് സിംഗ്.
മഹേന്ദ്രസിംഗ് ധോണിയുടെ സാന്നിധ്യം ഇല്ലാതെയും ഇന്ത്യയ്ക്ക് കിരീടം സ്വന്തമാക്കാൻ സാധിക്കുമെന്ന് ഇത്തവണ തെളിയിക്കപ്പെടും എന്നാണ് യോഗ്‌രാജ് പറഞ്ഞത്. ധോണി ഒരു അഹങ്കാരിയാണ് എന്നും കൂട്ടിച്ചേർക്കുകയുണ്ടായി. “2011ൽ ഇന്ത്യ ലോകകപ്പ് നേടിയത് ധോണി കാരണമല്ല എന്ന് ഈ ലോകം മുഴുവനും പറയുന്നുണ്ട്. ഇക്കാര്യം മുൻപ് ഗൗതം ഗംഭീരം രോഹിത് ശർമയും പറഞ്ഞിട്ടുണ്ട്. 2024 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെടുകയുണ്ടായി. എന്തുകൊണ്ടാണ് പരാജയപ്പെട്ടത് എന്ന് നോക്കൂ. അത് ധോണിയുടെ കർമഫലം തന്നെയാണ്. ഇപ്പോൾ യുവരാജ് ഐസിസിയുടെ അംബാസിഡറാണ്. അവനെ ഞാൻ അഭിനന്ദിക്കുന്നു. പക്ഷേ അഹങ്കാരിയായ ധോണി എവിടെ എന്ന് നോക്കൂ. യുവരാജിന് അന്ന് ഹസ്തദാനം നൽകാൻ പോലും ധോണി തയ്യാറായിരുന്നില്ല.”- യോഗ്രാജ് സിംഗ് പറഞ്ഞു.
ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിന് കിരീടം സ്വന്തമാക്കാൻ സാധിക്കാതെ വന്നത് എന്നും യോഗ്‌രാജ് കൂട്ടിച്ചേർത്തിരുന്നു. എന്നിരുന്നാലും ധോണിയുടെ നായകത്വത്തിന് കീഴിലാണ് ഇന്ത്യ 3 ഐസിസി ട്രോഫികൾ സ്വന്തമാക്കിയത്. 2007 ട്വന്റി20 ലോകകപ്പ് കിരീടവും 2011 ഏകദിന ലോകകപ്പ് കിരീടവും 2013 ചാമ്പ്യൻസ് ട്രോഫിയും ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യക്ക് ഈ 3 ഐസിസി ട്രോഫികളും നേടിക്കൊടുത്ത ഏകനായകനാണ് മഹേന്ദ്രസിംഗ് ധോണി. 2007ലും 2011ലും ഇന്ത്യ കിരീടം സ്വന്തമാക്കിയപ്പോൾ അതിൽ നിർണായക പ്രകടനം കാഴ്ചവച്ചത് യുവരാജ് സിംഗ് തന്നെയായിരുന്നു.
2007 ലെ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ യുവരാജ് വെടിക്കെട്ട് തീർത്തിരുന്നു. 2011 ഏകദിന ലോകകപ്പിൽ യുവരാജിന്റെ ഓൾറൗണ്ട് പ്രകടനവും ഇന്ത്യയ്ക്ക് വളരെ നിർണായകമായി. 2 ടൂർണമെന്റിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടതും യുവരാജ് ആയിരുന്നു.
പക്ഷേ മത്സരത്തിലെ വിജയത്തിന് ശേഷം ധോണിയ്ക്ക് ഒരുപാട് പ്രശംസയും ലഭിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് യുവരാജിന്റെ പിതാവ് ധോണിക്കെതിരെ രംഗത്ത് വന്നത്. യുവരാജിനും ഗംഭീറിനും ടൂർണമെന്റുകളിൽ അർഹിച്ച ബഹുമതി ലഭിച്ചിട്ടില്ല എന്നാണ് യോഗ്‌രാജ് സിംഗ് അന്ന് പറഞ്ഞത്. ധോണി ഒറ്റക്കൈയിൽ ഇന്ത്യയെ കിരീടത്തിൽ എത്തിച്ചു എന്ന രീതിയിലാണ് ആളുകൾ പ്രതികരിക്കുന്നത് എന്നും യോഗ്‌രാജ് കൂട്ടിച്ചേർത്തിരുന്നു.