ലക്നൗവിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു എം എസ് ധോണി കാഴ്ചവെച്ചത്. അവസാന ഓവറിൽ ക്രീസിൽ എത്തിയ ധോണി നേരിട്ട് ആദ്യ രണ്ട് പന്തുകളിൽ തന്നെ പടുകൂറ്റൻ സിക്സറുകൾ നേടുകയുണ്ടായി. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 5000 റൺസ് പൂർത്തീകരിക്കുന്ന ഏഴാമത്തെ താരമായി ധോണി മാറി. എന്നാൽ ധോണിക്ക് ഇക്കാര്യത്തെക്കുറിച്ച് വലിയ ചിന്തയുണ്ടാവില്ല എന്നാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് പറയുന്നത്. ധോണിയെ സംബന്ധിച്ച് താൻ കളിക്കുന്ന ടീം ജേതാക്കളാവുക എന്നതിൽ തന്നെയാണ് അദ്ദേഹത്തിന്റെ ശ്രദ്ധ എന്ന് സേവാഗ് പറയുന്നു.
“ധോണി 5000 റൺസ് ഐപിഎല്ലിൽ പൂർത്തീകരിക്കുകയുണ്ടായി. എന്നാൽ നമ്മൾ ധോണിയോട് ഇക്കാര്യം ചോദിക്കുകയാണെങ്കിൽ, 5000മോ 3000മോ 7000മോ റൺസ് നേടിയാലും എന്തു വ്യത്യാസമാണ് ഉള്ളത് എന്ന് അദ്ദേഹം തിരിച്ചു ചോദിക്കും. അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം ട്രോഫി നേടുക എന്നത് തന്നെയാണ്. അതാണ് അദ്ദേഹം ചെയ്യാറുള്ളത്. ഇത്തരം നാഴികകല്ലുകളെ പറ്റി ധോണി ആലോചിക്കാറുണ്ടെന്ന് ഞാൻ കരുതുന്നില്ല.”- സേവാഗ് പറഞ്ഞു.
“എനിക്കും അക്കാര്യത്തിൽ ധോണിയുടെ നിലപാടാണുള്ളത്. എത്ര റൺസാണ് നേടിയിരിക്കുന്നത് എന്നതിനെപ്പറ്റി ബോധവാനാകുന്നതിൽ അർത്ഥമില്ല. എന്നിരുന്നാലും കരിയറിനവസാനം ഈ നമ്പറുകൾ എല്ലാവർക്കും ഓർമ്മയുണ്ടാവും. കളിക്കാർ വിരമിച്ചതിനു ശേഷം ഐപിഎല്ലിൽ അദ്ദേഹം ഇത്രയധികം റൺസ് നേടിയിട്ടുണ്ട് എന്ന് നമ്മൾ ഓർക്കും.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.
“മുൻനിര ബാറ്റർമാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം റൺസ് നേടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ ധോണി മധ്യനിരയിലും ലോ ഓർഡറിലും ബാറ്റ് ചെയ്താണ് 5000 റൺസ് നേടിയിരിക്കുന്നത്. ഈ പോസിഷനുകളിൽ ബാറ്റ് ചെയ്ത ഏതെങ്കിലും കളിക്കാരന് ഇങ്ങനെ ഒരു റെക്കോർഡ് സ്വന്തമാക്കാൻ സാധിക്കും എന്ന് ഞാൻ കരുതുന്നില്ല. ധോണി സ്ഥിരതയുള്ള ഒരു ബാറ്ററാണ്. തന്റെ ടീമിനായി റൺസ് നേടാനും മത്സരങ്ങൾ വിജയിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അദ്ദേഹം ഒരു വലിയ കളിക്കാരൻ തന്നെയാണ്.”- സേവാഗ് പറഞ്ഞുവെക്കുന്നു.