ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഒരു ചെറിയ, തകർപ്പൻ ഇന്നിങ്സാണ് മഹേന്ദ്ര സിംഗ് ധോണി കാഴ്ചവച്ചത്. ഇന്നിംഗ്സിലെ അവസാന ഓവറിൽ ക്രീസിലെത്തിയ ധോണി താൻ നേരിട്ട ആദ്യ 2 പന്തുകളിലും കിടിലൻ സിക്സറുകൾ നേടുകയുണ്ടായി. മൂന്നാം പന്തിൽ പുറത്തായെങ്കിലും ആ രണ്ട് സിക്സറുകൾക്കും ചെന്നൈ ആരാധകരെ ആവേശത്തിലാഴ്ത്താൻ സാധിച്ചു. മാത്രമല്ല ഈ ഇന്നിംഗ്സോടുകൂടി ഒരു വമ്പൻ റെക്കോർഡും ധോണി പിന്നിടുകയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗതയിൽ 5000 റൺസ് നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററായി ധോണി മാറി.
മത്സരത്തിനു മുൻപ് കേവലം 8 റൺസ് മാത്രമായിരുന്നു ധോണിക്ക് 5000 റൺസ് പൂർത്തീകരിക്കാൻ ആവശ്യമായി വേണ്ടിയിരുന്നത്. എന്നാൽ മത്സരത്തിൽ ഇന്നിങ്സ് ആരംഭിച്ച് ആദ്യ രണ്ടു പന്തുകളിൽ തന്നെ ധോണി ഈ റെക്കോർഡ് മറികടക്കുകയുണ്ടായി. നിലവിൽ 3692 പന്തുകളിലാണ് ധോണി ഐപിഎല്ലിൽ 5004 റൺസ് നേടിയിട്ടുള്ളത്. 3619 പന്തുകളിൽ 5000 റൺസ് നേടിയിട്ടുള്ള സുരേഷ് റെയ്‌നയാണ് ഈ ലിസ്റ്റിൽ ഒന്നാമൻ. 3817 പന്തുകളിൽ 5000 റൺസ് പൂർത്തീകരിച്ച രോഹിത് ശർമ മൂന്നാമതും, 3827 പന്തുകളിൽ 5000 റൺസ് പൂർത്തീകരിച്ച വിരാട് കോഹ്ലി ലിസ്റ്റിൽ നാലാമതും നിൽക്കുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെയും റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ് ടീമിനെയും പ്രതിനിധീകരിച്ചാണ് ധോണി 5000 റൺസ് പൂർത്തീകരിച്ചിരിക്കുന്നത്. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 24 അർദ്ധസെഞ്ച്വറികൾ ധോണി നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ 5000 റൺസ് പിന്നിടുന്ന ഏഴാമത്തെ ക്രിക്കറ്ററാണ് മഹേന്ദ്ര സിംഗ് ധോണിm നിലവിൽ 135 ആണ് ധോണിയുടെ ഐപിഎൽ കരിയറിലെ സ്ട്രൈക്ക് റേറ്റ്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ഋതുരാജിന്റെയും കോൺവേയുടെയും വമ്പൻ ബാറ്റിംഗാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്. ഋതുരാജ് തുടർച്ചയായി തന്റെ രണ്ടാമത്തെ അർദ്ധസെഞ്ചുറി പൂർത്തീകരിച്ചപ്പോൾ, കോൺവേ മികച്ച പിന്തുണ നൽകി. ഒപ്പം അവസാന ഓവറുകളിൽ റായിഡുവും ധോണിയും അടിച്ചുതകർത്തതോടെ ചെന്നൈ മികച്ച സ്കോറിൽ എത്തുകയായിരുന്നു. മത്സരത്തിൽ 12 റൺസിനായിരുന്നു ലക്നൗവിന്റെ പരാജയം.