തങ്ങളുടെ ടീമിലെ സൂപ്പർതാരങ്ങളൊക്കെയും പരിക്കിന്റെ പിടിയിലായിട്ടും തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത പ്രകടനമാണ് ധോണി നായകനായുള്ള ചെന്നൈ സൂപ്പർ കിങ്സ് നടത്തുന്നത്. ബെൻ സ്റ്റോക്സും ദീപക് ചാഹറുമടക്കമുള്ള വമ്പൻ താരങ്ങൾ മാറി നിൽക്കുമ്പോഴും ധോണിയുടെ കീഴിൽ വിജയങ്ങൾ കൊയ്യാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിക്കുന്നുണ്ട്. തങ്ങളുടെ അവസാന മത്സരത്തിൽ ബാംഗ്ലൂരിനെതിരെ 8 റൺസിന്റെ വിജയമായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിനിടെ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ ചൊടിപ്പിക്കുന്ന ഒരു സംഭവം അരങ്ങേറി. മത്സരത്തിൽ മാക്സ്വെല്ലിന്റെ ക്യാച്ച് എടുക്കാനായി ധോണി ശ്രമിക്കുകയുണ്ടായി. മാക്സ്വെല്ലിന്റെ ബാറ്റിൽ കൊണ്ട് പന്ത് നേരെ ഉയരുകയായിരുന്നു. ഇത് പിടിക്കാൻ ധോണി ശ്രമിക്കവേ സ്പൈഡർ ക്യാമിന്റെ കേബിളുകൾ ഉയർന്നുപൊങ്ങിയ ബോളിന് അടുത്തേക്ക് വന്നു. ഇത് ധോണിയെ ചൊടിപ്പിക്കുകയും ഉടൻതന്നെ ധോണി ഇക്കാര്യം അമ്പയറുമായി സംസാരിക്കുകയും ചെയ്തിരുന്നു.
മുൻപും ഇത്തരത്തിൽ സ്പൈഡർ ക്യാമുകളിൽ പന്തു തട്ടുന്നത് സാധാരണമായിരുന്നു. അങ്ങനെ തട്ടുന്ന പന്തുകൾ പിന്നീട് ഡെഡ് ബോളായി അമ്പയർ വിധിക്കുകയാണ് പതിവ്. മത്സരശേഷം ചെന്നൈയുടെ ഓപ്പണർ ഡെവൻ കോൺവെ ഈ സംഭവത്തെ പറ്റി വിശദീകരിക്കുകയുണ്ടായി. “മത്സരത്തിന്റെ വിവിധ ആംഗിളുകൾ കാണിക്കുന്നതിനായി ഇത്തരം സാങ്കേതികവിദ്യകൾ പ്രയോജനം ഉണ്ടാക്കുന്നുണ്ട്. എന്നാൽ മത്സരത്തെ ഇത്തരം കാര്യങ്ങൾ ബാധിക്കാൻ പാടില്ല. മഹേന്ദ്ര സിംഗ് ധോണി അമ്പയറോട് പറഞ്ഞത് ഇതായിരുന്നു. ‘മൈതാനത്ത് നടക്കുന്ന സംഭവങ്ങളുടെ ഒരുപാട് അരികിലേക്ക് ഇത്തരം കാര്യങ്ങൾ വരാൻ പാടില്ല. ഇത് മാറ്റിനിർത്തേണ്ടതാണ്.'”- കോൺവെ പറയുന്നു.
“മത്സരത്തിൽ പല സമയത്തും ബോൾ സ്പൈഡർ ക്യാമിന്റെ കേബിളിൽ തട്ടേണ്ടതായിരുന്നു. അതിനാൽതന്നെ അത് ഫീൽഡർമാരിലും പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. സ്പൈഡർ ക്യാമിന്റെ നിഴൽ പ്രശ്നമുണ്ടാക്കിയതിനാൽ തന്നെ ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ ഡുപ്ലസി പലതവണ ബാറ്റിംഗ് ക്രീസിൽ നിന്നും മാറി നിൽക്കുകയുമുണ്ടായി. ഇത് കളിക്കാതെ സംബന്ധിച്ച് ഒരു വലിയ പ്രശ്നം തന്നെയാണ് സൃഷ്ടിക്കുന്നത്.”- കോൺവെ കൂട്ടിച്ചേർക്കുന്നു.
നിർണായക സമയത്ത് ഇത്തരം സ്പൈഡർ ക്യാമുകളുടെ സ്വാധീനം മത്സരത്തെ ബാധിക്കാറുണ്ട്. ബാറ്റ്സ്മാൻമാർ തൊടുത്തു വിടുന്ന സിക്സറുകളും ബോളർമാർക്ക് നിർണായകസമയത്ത് ലഭിക്കുന്ന വിക്കറ്റുകളും സ്പൈഡർ ക്യാമും മറ്റു സാങ്കേതികതയും മൂലം നഷ്ടപ്പെടാറുണ്ട്. വരും മത്സരങ്ങളിൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കേണ്ടത് ആവശ്യം തന്നെയാണ്.