വീണ്ടുമൊരിക്കൽ കൂടെ റൺസെടുക്കാൻ അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ… സ്പിന്നറുടെ മുന്നിൽ പതറുന്നതു കണ്ടപ്പോൾ… വരുൺ ചക്രവർത്തിയുടെയും രവി ബിഷ്ണോയിയുടെയും പന്തുകൾക്ക് മുന്നിൽ ബൗൾഡായി തലയും കുനിച്ചു വരുന്നത് കണ്ടപ്പോൾ……
തീർച്ചയായും ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസിൽ തെല്ലൊരു വിഷമം ഉണ്ടാകാതിരിക്കില്ല….കാരണം, M.S ധോണി എന്ന പേര് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞതാണ്…
ഓർമയിൽ എന്നും നിറഞ്ഞു നില്ക്കുന്നൊരു ധോണിയുണ്ട്… ഫാൻ ഫൈറ്റുകൾ ഇല്ലാതെ, എല്ലാവരും ആരാധിച്ചിരുന്നൊരു ധോണി.
2005 മുതൽ ടെലിവിഷൻ ചാനലുകളിൽ നിറഞ്ഞു നിന്നൊരു ധോണി… നീട്ടി വളർത്തിയ മുടിയുമായി വന്നൊരു സുന്ദരൻ…. ദിവസം അഞ്ച് ലിറ്റർ പാൽ കുടിക്കുന്ന ഒരു കരുത്തൻ…. നിസാരമായി സിക്സറുകൾ പായിച്ച് വിസ്മയം തീർക്കുന്നവൻ… ആദം ഗിൽക്രിസ്റ്റിനെപ്പോലൊരു വിക്കറ്റ് കീപ്പറെ ഇന്ത്യക്കും കിട്ടിയെന്ന് നമ്മൾ അഭിമാനത്തോടെ പറഞ്ഞു തുടങ്ങി.
സച്ചിനും ദ്രാവിഡും ദാദയും വീരുവുമെല്ലാം അടങ്ങിയ ഇന്ത്യൻ ടീം ആദ്യ റൗണ്ടിൽ തന്നെ പുറത്തായ 2007 വേൾഡ് കപ്പ് നമ്മളാരും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു ടൂർണമെൻറാണ്…. പക്ഷേ അതിൻ്റെ വിഷമം നമ്മളെല്ലാം മറന്നത്, ആ വർഷം നടന്ന കുട്ടിക്രിക്കറ്റിൽ നമ്മൾ ജേതാക്കളായപ്പോളാണ്.. ക്യാപ്റ്റനായി, ആദ്യ ലോകകപ്പിൽ തന്നെ നമ്മളെ കോരിത്തരിപ്പിച്ചൊരു ക്യാപ്റ്റൻ്റെ ജനനവും സൗത്ത് ആഫ്രിക്കയിൽ നമ്മൾ കണ്ടു…
അവിടുന്നങ്ങോട്ട്, ഇന്ത്യൻ ക്രിക്കറ്റന്നാൽ ധോണി എന്നു മാത്രമായ ഒരു കാലഘട്ടം ഉദയം കൊണ്ടു… മുഴുവൻ മുൻനിര ബാറ്റർമാരും ഔട്ടായെങ്കിലും, ധോണി ക്രീസിലുണ്ടങ്കിൽ,വിജയം മാത്രം സ്വപ്നം കാണാൻ നമ്മൾ ശീലിച്ചു തുടങ്ങി… മിന്നൽ വേഗത്തിലുള്ള സ്റ്റംപിംഗുകളും നമ്മുടെ മനം നിറച്ചു.20-20 ലോകകപ്പിനു പിന്നാലെ, ചാംപ്യൻസ് ട്രോഫിയും 2011 ലെ ഏകദിന ലോകകപ്പും BCCl യുടെ ഷെൽഫിലെത്തി.
മാറ്റമില്ലാത്തതായി മാറ്റം മാത്രമല്ലേയുള്ളു.. 2016 നു ശേഷം അത്ര നല്ല കാലമായിരുന്നില്ല… ആദ്യം ടെസ്റ്റിൽ നിന്നും പിന്നീട് പരിമിത ഓവർ മൽസരത്തിൽ നിന്നും അദ്ദേഹം വിരമിച്ചു.. എന്നാലും IPL ൽ തൻ്റെ കളി അദ്ദേഹം തുടർന്നു കൊണ്ടേയിരുന്നു.
പക്ഷേ,ഏറ്റവും കടുത്ത ആരാധകർക്കു പോലും, സങ്കടം തോന്നിക്കുന്ന ഇന്നിംഗ്സുകളാണ് കഴിഞ്ഞ സീസൺ മുതൽ, ആ ബാറ്റിൽ നിന്നും വരുന്നത്…. ആകാശത്തോളം വളർന്നു നിന്നിരുന്ന, ആ ബാറ്റിൽ നിന്ന് പിഴവുകൾ തുടർച്ചയാകുന്നതാണ് ഇപ്പോൾ കാണുന്നത്.
എത്രയൊക്കെ പ്രതിരോധിക്കാൻ ശ്രമിച്ചാലും, പ്രായത്തിൻ്റെ പടിയിറക്കം ആർക്കും തടയാൻ സാധിക്കില്ല…..
യോർക്കറുകളെ നിസാരമായി ഗ്യാലറിയിലേക്ക് പറത്തിയ ഹെലികോപ്റ്റർ ഷോട്ടുകൾ ഉയർത്തിയ ആ ബാറ്റിൽ നിന്നുള്ള തുടർച്ചയായ വീഴ്ചകൾ ഒരു സൂചനയാവാം… പടിയിറക്കത്തിൻ്റെ വ്യക്തമായ സൂചന… താമസിയാതെ അത് ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു…. കാരണം, മനസിൽ ഒരു ധോണിയുണ്ട്.. അത് ഒരിക്കലും ഇതല്ല, ഇതല്ല !!.
എഴുതിയത് – റോണി ജേക്കബ്