ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മാച്ച് വിന്നർമാരാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും ഓൾറൗണ്ടർ യുവരാജ് സിംഗും. ഇന്ത്യയെ കഴിഞ്ഞ കാലങ്ങളിൽ വമ്പൻ നേട്ടങ്ങളിൽ എത്തിച്ചതിൽ ഇരുവരുടെയും പങ്ക് ഒഴിച്ചുനിർത്താൻ സാധിക്കില്ല. എന്നാൽ ഇവരിൽ ആരാണ് കൂടുതൽ കേമൻ എന്ന ചർച്ചകൾ എല്ലായിപ്പോഴും ഉരുത്തിരിയാറുണ്ട്. ഇക്കാര്യം കൃത്യമായി മനസ്സിലാക്കണമെങ്കിൽ ഇരുവരുടെയും റെക്കോർഡുകൾ പരിശോധിക്കണം.
1. ടെസ്റ്റ് ക്രിക്കറ്റ്
ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകളിൽ ഇരുവരും അല്പം പിന്നിലാണ്. അത്ര മികച്ച റെക്കോർഡുകളല്ല ടെസ്റ്റ് ക്രിക്കറ്റിൽ ധോണിയ്ക്കുള്ളത്. മധ്യനിരയിലാണ് ഇരു ബാറ്റര്‍മാരും കളിച്ചിരുന്നത്. അതിനാൽ തന്നെ എല്ലായിപ്പോഴും വലിയ അവസരങ്ങൾ ലഭിച്ചിട്ടില്ല. യുവരാജിനെക്കാൾ 50 ടെസ്റ്റ് മത്സരങ്ങൾ കൂടുതലായി കളിച്ചത് ധോണിയാണ്. ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ റൺസ് സ്വന്തമാക്കാനും മെച്ചപ്പെട്ട ശരാശരി നിലനിർത്താനും ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകൾ പരിശോധിച്ചാൽ ഇരുവരിലും മുൻപിൽ ധോണി തന്നെ.
2. ഏകദിന ക്രിക്കറ്റ്
ഏകദിന ക്രിക്കറ്റിൽ ഒരുപാട് മത്സരങ്ങളിൽ ഒരുമിച്ചു കളിക്കാൻ യുവരാജിനും ധോണിയ്ക്കും സാധിച്ചിട്ടുണ്ട്. 2005 മുതൽ 2011 വരെയാണ് ഇരുവരും ഒരുമിച്ചു കളിച്ചിട്ടുള്ളത്. ഇതിനിടെ 196 മത്സരങ്ങൾ കളിച്ച ധോണിയുടെ ശരാശരി 48.48 റൺസാണ്. ഈ കാലയളവിൽ 194 മത്സരങ്ങളിലാണ് യുവരാജ് കളിച്ചിട്ടുള്ളത്. 41.79 എന്ന ശരാശരിയിൽ കളിക്കാൻ യുവരാജിന് സാധിച്ചു.
കണക്കുകളിൽ അല്പം മുൻപിൽ ധോണിയാണെങ്കിലും, 2006ൽ തുടർച്ചയായി 3 പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം യുവരാജ് സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല 2011 ഏകദിന ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു യുവരാജ് കാഴ്ചവച്ചത്. അതിനാൽ ഏകദിന മത്സരങ്ങളിലെ വിജയി യുവരാജാണ് എന്ന് നിസംശയം പറയാൻ സാധിക്കും.
3. ട്വന്റി20 ക്രിക്കറ്റ്
ട്വന്റി20 ക്രിക്കറ്റാണ് യുവരാജിന്റെ പ്രധാന ആകർഷണം. ട്വന്റി20കളിൽ ധോണിയെക്കാൾ ഒരുപാട് മുൻപിലാണ് യുവരാജ് സിംഗ്. 98 ട്വന്റി20 മത്സരങ്ങൾ കളിച്ച മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഒരിക്കൽ പോലും കളിയിലെ താരമായി മാറാൻ സാധിച്ചിട്ടില്ല. അതേസമയം യുവരാജ് സിംഗ് 9 തവണയാണ് കളിയിലെ താരമായി മാറിയിട്ടുള്ളത്. 2007 ട്വന്റി20 ലോകകപ്പിലെ യുവരാജിന്റെ പ്രകടനങ്ങൾ എടുത്തു പറയേണ്ടതാണ്. ഇത്തരത്തിൽ ട്വന്റി20 ക്രിക്കറ്റിൽ എല്ലാ റെക്കോർഡുകളിലും ധോണിയെക്കാൾ മികച്ച നിലയിലാണ് യുവരാജ് സിംഗ്.
4. ഐപിഎൽ ക്രിക്കറ്റ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2008 സീസൺ മുതൽ കളിച്ചിട്ടുള്ള താരങ്ങളാണ് ധോണിയും യുവരാജ് സിംഗും. തുടക്ക സീസൺ മുതൽ യുവരാജ് തന്നെയാണ് മികച്ച പ്രകടനങ്ങൾ പുറത്തെടുത്തത്. എന്നാൽ 2010 ഇന്ത്യൻ പ്രീമിയർ ലീഗോട് കൂടി യുവരാജ് വലിയ ഫ്ലോപ്പായി മാറി. ശേഷം 2011ലും യുവരാജ് മോശം ഫോം ആവർത്തിച്ചു. പിന്നീട് ആരോഗ്യ പ്രശ്നങ്ങളും മറ്റും കാരണം ചില സീസണുകളിൽ യുവരാജിന് കളിക്കാൻ സാധിച്ചില്ല.
അതേസമയം മറുവശത്ത് ധോണി അങ്ങേയറ്റം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് എല്ലാവരെയും ഞെട്ടിക്കുകയുണ്ടായി. 2015 ഐപിഎൽ സീസണിൽ അടക്കം ധോണി മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. 2016-17 സീസണുകളിൽ യുവരാജ് വിന്നർ ആയപ്പോൾ 2018ൽ ധോണി തിരികെ എത്തുകയായിരുന്നു. ശേഷം 2019ലും ബാറ്റിംഗിൽ അങ്ങേയറ്റം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ധോണിയ്ക്ക് സാധിച്ചു. അതിനാൽ ഐപിഎൽ കണക്കിലെടുക്കുമ്പോൾ ധോണി തന്നെയാണ് യുവരാജിനെക്കാൾ മെച്ചം.