കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിലൂടെ മുംബൈ ഇന്ത്യൻസ് ടീമിൽ എത്തിച്ച ദക്ഷിണാഫ്രിക്കൻ യുവതാരമാണ് ഡെവാൾഡ് ബ്രെവിസ്. ജൂനിയർ എ.ബി. ഡീ എന്ന വിളിപ്പേരും ഈ യുവതാരത്തിനുണ്ട്. ഇപ്പോഴിതാ ആ വിളിപ്പേരിന് 100 ശതമാനവും നീതി പുലർത്തുന്ന പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് താരം. സി. എസ്.എ ടി-20 ചലഞ്ചിലാണ് തകർപ്പൻ ബാറ്റിംഗ് പ്രകടനം താരം പുറത്തെടുത്തത്. താരത്തിന്റെ പ്രകടനം ഇതിഹാസ താരം എ.ബി ഡിവില്ലിയേഴ്സിനെവരെ കണ്ണുതള്ളിച്ചു എന്നതാണ് പ്രത്യേകത. നൈറ്റ്സ് ടീമിനെതിരായാണ് ടൈറ്റൻസിനുവേണ്ടി തകർപ്പൻ സെഞ്ചുറി പ്രകടനം താരം പുറത്തെടുത്തത്.
മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ താരം 57 പന്തുകളിൽ നിന്ന് 162 റൺസാണ് നേടിയത്. 13 വീതം ഫോറും, സിക്സറും ആണ് താരം മത്സരത്തിൽ നേടിയത്. താരത്തിന്റെ ഈ തകർപ്പൻ പ്രകടനം 284.21 സ്ട്രൈക്ക് റേറ്റിൽ ആയിരുന്നു. നിരവധി റെക്കോർഡുകളാണ് ഈ ഇന്നിങ്സിലൂടെ ദക്ഷിണാഫ്രിക്കൻ യുവ താരം സ്വന്തമാക്കിയത്. 35 പന്തുകളിൽ നിന്നാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. സെഞ്ചുറി നേടിയതിനു ശേഷവും താരം വെടിക്കെട്ട് തുടർന്നു.
ജൂനിയർ എ.ബി.ഡിയുടെ പ്രകടനത്തെ സീനിയർ എ.ബി. ഡി ട്വിറ്ററിലൂടെ പ്രശംസിക്കുകയും ചെയ്തു. മത്സരത്തിൽ നൈറ്റ്സ് വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത നൈറ്റ്സ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ടൈറ്റൻസിന്റെ പോരാട്ടം 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 230 റൺസിൽ അവസാനിച്ചു. ബ്രെവിസിൻ്റെ പ്രകടനത്തിൽ ഏറ്റവും കൂടുതൽ സന്തോഷം ഇന്ത്യൻ പ്രീമിയർ ലീഗ് വമ്പന്മാരായ മുംബൈ ഇന്ത്യൻസിനായിരിക്കും.
കഴിഞ്ഞ സീസണിൽ മൂന്നാം നമ്പറിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി താരം കളിച്ചിരുന്നു. ഭേദപ്പെട്ട പ്രകടനം ആയിരുന്നു തൻ്റെ പ്രഥമ ഐപിഎൽ സീസണിൽ ബ്രെവിസ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ അടുത്ത തവണത്തെ ഐപിഎൽ താരത്തിന് കൂടുതൽ അവസരം ലഭിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ടി-20 യിൽ പല റെക്കോർഡുകളും തൻ്റെ പേരിലാക്കാൻ കഴിവുള്ള താരമാണ് ബ്രെവിസ്. അണ്ടർ 19 വേൾഡ്കപ്പിലെ തകർപ്പൻ പ്രകടനമാണ് താരത്തിന് ലോകശ്രദ്ധ നേടിക്കൊടുത്തത്. ഗ്രൗണ്ടിലെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാൻ കഴിവുള്ള താരമാണ് ഈ ദക്ഷിണാഫ്രിക്കൻ യുവ താരം.