ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ടോസ് നേടിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗ് അയച്ചു. ടൂര്‍ണമെന്‍റിലെ ആദ്യ വിജയം തേടിയിറങ്ങിയ മുംബൈക്ക് പവര്‍പ്ലേ ഓവറില്‍ തന്നെ ക്യാപ്റ്റനെ നഷ്ടമായി. തകര്‍പ്പന്‍ ഫോം തുടരുന്ന ഉമേഷ് യാദവാണ് രോഹിത് ശര്‍മ്മയെ (12 പന്തില്‍ 3) പുറത്താക്കിയത്.
ഇഷാന്‍ കിഷനും ടച്ച് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ ടൂര്‍ണമെന്‍റില്‍ അരങ്ങേറ്റം നടത്തിയ ഡെവാൾഡ് ബ്രെവിസാണ് മുംബൈ ഇന്ത്യന്‍സിനെ മുന്നോട്ട് നയിച്ചത്. ബാറ്റിങിലും മറ്റും മുൻ ദക്ഷിണാഫ്രിക്കൻ താരം ഏബി ഡിവില്ലിയേഴ്സിനോട് സമാനതകൾ ഉള്ളതിനാല്‍ ബേബി ഏബിയെന്നാണ് ക്രിക്കറ്റ് ആരാധകർ യുവതാരത്തെ വിശേഷിപ്പിക്കുന്നത്.
മുന്‍ സൗത്താഫ്രിക്കന്‍ താരത്തിന്‍റെ സമാനതകള്‍ ഈ മത്സരത്തില്‍ കാണിച്ചാണ് ബ്രവിസ് മടങ്ങിയത്. 19 പന്തില്‍ 2 ഫോറും 2 സിക്സും അടക്കം 29 റണ്ണാണ് താരം നേടിയത്. എട്ടാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ നോ ലുക്ക് സിക്സിനു പറത്തിയാണ് ഡെവാൾഡ് ബ്രെവിസ് വരവേറ്റത്.
എന്നാല്‍ തൊട്ടു അടുത്ത മൂന്നു പന്തുകള്‍ റണ്‍ വഴങ്ങാതെ വരുണ്‍ ചക്രവര്‍ത്തി ശക്തമായി തിരിച്ചെത്തി. അടുത്ത പന്തില്‍ സ്ലോഗ് സ്വീപ്പിനുള്ള ശ്രമത്തിനിടെ ബാറ്റില്‍ കൊണ്ടില്ലാ. പന്ത് കൈകലാക്കിയ സാം ബില്ലിങ്ങ്സ് സമയം കളയാതെ മിന്നല്‍ സ്റ്റംപിങ്ങ് നടത്തുകയായിരുന്നു. ബേബി പുറത്തായതോടെ മുംബൈ ഇന്ത്യന്‍സ് 45 ന് 2 എന്ന നിലയിലായി.