ഐപിൽ പതിനാലാം സീസൺ വളരെ ഏറെ ആവേശപൂർവ്വം അവസാന ഘട്ടം പിന്നിടുകയാണ്. ഇന്ന് നടക്കുന്ന മുംബൈ: ഹൈദരാബാദ് ,ബാംഗ്ലൂർ : ഡൽഹി മത്സരത്തോടെ ലീഗ് മത്സരങ്ങൾ എല്ലാം പൂർത്തിയാക്കും. പിന്നീട് നടക്കുന്ന ഏറെ നിർണായക പ്ലേഓഫ് മത്സരങ്ങൾക്ക് ശേഷം ആരാകും ഇത്തവണ ഐപിഎൽ കിരീടം ഉയർത്തുകയെന്നത് അറിയുവാൻ കഴിയും. അതേസമയം ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ പോയിന്റ് ടേബിളിലെ ആദ്യ സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസ് ടീമിനെയാണ് വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ ടീം നേരിടുക. സീസണിൽ ഇതുവരെ കളിച്ച 13 മത്സരങ്ങളിൽ 8 ജയവുമായി 16 പോയിന്റുകൾ സ്വന്തമാക്കുവാനായ ബാംഗ്ലൂർ ടീം ഹൈദരാബാദ് ടീമിനോട് വഴങ്ങിയ നാണംകെട്ട തോൽവിയുടെ കൂടി ക്ഷീണത്തിലാണ്. സീസണിൽ മികച്ച പ്രകടനവുമായി ബാംഗ്ലൂർ നിര കയ്യടികൾ നെടുമ്പോൾ ബാറ്റിങ് നിരയിൽ കോഹ്ലി, പടിക്കൽ, ഡിവില്ലേഴ്‌സ് എന്നിവരുടെ മോശം ഫോം ആശങ്കയാണ്. കൂടാതെ മാക്സ്വെൽ മികച്ച ഫോമിൽ തുടരുന്നത് ടീമിനുള്ള ആശ്വാസ വാർത്തയാണ്.
എന്നാൽ പ്ലേഓഫ് മത്സരങ്ങൾ മുന്നിൽ നിൽക്കേ നായകൻ കോഹ്ലിയും സ്റ്റാർ ബാറ്റ്‌സ്മാൻ ഡിവില്ലേഴ്‌സും ഫോമിലേക്ക് എത്താത്തത് ആരാധകരെയും ഒപ്പം ടീം മാനേജ്മെന്റിനെയും വിഷമിപ്പിക്കുന്നു.ഈ സീസണിൽ 362 റൺസ് നേടിയെങ്കിലും കോഹ്ലിക്ക് രണ്ടാം പാദത്തിൽ താളം കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. മിഡിൽ ഓർഡറിൽ വ്യത്യസ്ത പൊസിഷനിൽ കളിക്കുന്ന ഡിവില്ലേഴ്‌സ് 276 റൺസാണ് നേടിയത്.കഴിഞ്ഞ മത്സരത്തിൽ താരം സ്ട്രൈക്കിൽ നിന്നെങ്കിലും ടീമിന് 4 റൺസ് തോൽവി വഴങ്ങിയത് വലിയ ഒരു തിരിച്ചടിയായി മാറി. ഡിവില്ലേഴ്‌സ് സ്ഥിര ബാറ്റിങ് പൊസിഷനിൽ കളിക്കുന്നില്ല എന്നുള്ള വാദവും ക്രിക്കറ്റ് ലോകത്ത് സജീവമാണ്.
ഇപ്പോഴിതാ ഡിവില്ലേഴ്സിനെ ഒരിക്കൽ പോലും ബാംഗ്ലൂർ ടീം ആവശ്യം പോലെ ഉപയോഗിക്കുന്നില്ല എന്നൊരു വിമർശനം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.”ഡിവില്ലേഴ്‌സ് ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. ഏതൊരു വിധ ബൗളിംഗ് നിരയെയും തകർക്കാൻ അദ്ദേഹത്തിന് കഴിയും. ബാംഗ്ലൂർ ടീം ഒരു സീസണിൽ പോലും അദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല. ഡിവില്ലേഴ്‌സ് ഓപ്പണർ റോളിലോ മൂന്നാം നമ്പറിലോ കളിക്കണം. അദ്ദേഹത്തെ കൂടുതലായി ഉപയോഗിക്കുന്നതാണ് നല്ലത്. നമ്മൾ എല്ലാം കാണാൻ ആഗ്രഹിക്കുന്നതും അത് തന്നെയാണ് “ഗംഭീർ അഭിപ്രായം വിശദമാക്കി